- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പ്രതീക്ഷിക്കുന്ന പ്രകടനം ഉണ്ടായില്ല, ഒരു കളിക്കാരന്റെ ക്രിക്കറ്റ് കരിയറിൽ ഇത് സാധാരണമാണ്'; സഞ്ജു ഒരു സീനിയർ താരമാണ്, അവൻ തിരിച്ചുവരും; പിന്തുണയുമായി ഇന്ത്യൻ ബാറ്റിങ് കോച്ച്

തിരുവനന്തപുരം: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. തുരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മല്സരത്തിൽ സഞ്ജുവിന്റെ പ്രകടനത്തിനായാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്. പരമ്പരയിൽ സഞ്ജുവിന് തിളങ്ങാനായിട്ടില്ല. സ്വന്തം തട്ടകത്തിൽ ഫോമിലാണ് സഞ്ജുവെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇതിനിടെ മോശം ഫോമിന്റെ പേരിൽ വിമർശനങ്ങൾ നേരിടുന്ന മലയാളി താരം സഞ്ജു സാംസണിന് പൂർണ്ണ പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റിങ് കോച്ച് സീതാംശു കൊട്ടക്. കളിക്കാരന്റെ കരിയറിൽ ഇത്തരം സാഹചര്യങ്ങൾ സാധാരണമാണെന്നും സഞ്ജുവിന് ടീം മാനേജ്‌മെന്റിന്റെ സമ്പൂർണ്ണ പിന്തുണയുണ്ടെന്നും കൊട്ടക് വ്യക്തമാക്കി.
കാര്യവട്ടത്ത് നടക്കുന്ന നിർണായക മത്സരത്തിൽ സഞ്ജു ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ, നിലവിൽ ആരാധകർ പ്രതീക്ഷിച്ച പ്രകടനം താരത്തിൽ നിന്നുണ്ടായിട്ടില്ലെന്ന സത്യം കൊട്ടക് സമ്മതിച്ചു. "സഞ്ജു ഒരു സീനിയർ താരമാണ്, വളരെ നല്ലവനുമാണ്. ഏവരും പ്രതീക്ഷിക്കുന്ന പ്രകടനം താരത്തിൽ നിന്ന് ഉണ്ടായില്ല എന്നത് സത്യമാണ്. പക്ഷേ, ഒരു കളിക്കാരന്റെ ക്രിക്കറ്റ് കരിയറിൽ ഇത് സാധാരണമാണ്. ചിലപ്പോൾ അഞ്ച് ഇന്നിംഗ്സുകളിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയും, ചിലപ്പോൾ കുറച്ചു സമയം ആവശ്യമായി വരും," കോച്ച് പറഞ്ഞു.
താരത്തിന് ആത്മവിശ്വാസം നൽകുക എന്നതാണ് തങ്ങളുടെ ദൗത്യമെന്നും കൊട്ടക് കൂട്ടിച്ചേർത്തു. "മനസ്സിനെ നിയന്ത്രിക്കുക എന്നത് ഓരോ വ്യക്തിയുടെയും കഴിവാണ്. സഞ്ജുവിന് ആത്മവിശ്വാസം നൽകുക എന്നതാണ് ഞങ്ങളുടെ ജോലി. താരം മികച്ച രീതിയിലാണ് പരിശീലനം നടത്തുന്നത്. അദ്ദേഹത്തിന്റെ കഴിവ് എന്താണെന്ന് നമുക്കറിയാം. സഞ്ജുവിനെക്കുറിച്ച് കൂടുതൽ പറയേണ്ടതില്ല, കാരണം അയാൾ പ്രതിഭയുള്ള കളിക്കാരനാണെന്ന് ടീമിന് അറിയാം," അദ്ദേഹം കൂട്ടിച്ചേർത്തു.


