ഡല്‍ഹി: വരാനിരിക്കുന്ന 2024-25 രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ഡല്‍ഹി ടീമിന്റെ സാധ്യത പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലിയുടെയും ഋഷഭ് പന്തിന്റെയും പേരുകള്‍ ഉണ്ടെന്ന് റിപ്പോർട്ടുകൾ. ഇതോടെ കാലങ്ങൾക്ക് ഇപ്പുറം ഇന്ത്യൻ താരം കോഹ്ലി ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരുമോ? എന്നാണ് ആരാധകര്‍ ഇപ്പോൾ നോക്കുന്നത്. ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ (ഡി.ഡി.സി.എ.) പുറത്തുവിട്ട 84 അംഗ ലിസ്റ്റിലാണ് കോഹ്ലിയുടെയും ഋഷഭ് പന്തിന്റെയും പേരുകൾ ഉള്ളതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

കഴിഞ്ഞ മത്സരത്തിൽ ഡൽഹിയിൽ ഉണ്ടായിരുന്ന ഇഷാന്ത് ശര്‍മ ഇത്തവണ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതും വളരെ ശ്രദ്ധേയമായ കാര്യമാണ്. അടുത്ത മാസം ഒക്ടോബര്‍ 11-നാണ് രഞ്ജി ട്രോഫി തുടങ്ങുക. ചണ്ഡിഗഢിനെതിരെയാണ് ഡല്‍ഹിയുടെ ആദ്യ മത്സരം നടക്കുക. ഇതിനിടെ രണ്ടുപേരെയും അന്തിമ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തിലും നിശ്ചയമില്ല. അതേസമയം ഒക്ടോബര്‍ 16-ന് ഇന്ത്യക്ക് ന്യൂസീലന്‍ഡിനെതിരെ ബെംഗളൂരുവില്‍ വച്ച് ടെസ്റ്റ് നടക്കുന്നുണ്ട്.

2018-ന് ശേഷം ഇത് ആദ്യമായിട്ടാണ് ഡൽഹിയുടെ രഞ്ജി ട്രോഫി സാധ്യതാ പട്ടികയില്‍ താരങ്ങളെ ഉള്‍പ്പെടുന്നത്. കോഹ്ലി രഞ്ജി ട്രോഫിയില്‍ അവസാനമായി കളിച്ചിട്ട് ഇപ്പോൾ തന്നെ പതിനൊന്ന് വര്‍ഷമായി. 2012-13 സീസണിലാണ് കോഹ്ലി അവസാന രഞ്ജി ട്രോഫി കളിച്ചത്. 2015 മുതല്‍ 17 രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് ഇന്ത്യൻ താരം ഋഷഭ് പന്ത്. 2016-17 സീസണില്‍ 48 പന്തുകളില്‍ രഞ്ജി ട്രോഫിയിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിക്കൊണ്ട് പന്ത് ശ്രദ്ധ നേടിയിരുന്നു. ജാര്‍ഖണ്ഡിനെതിരെയായിരുന്നു ആ മത്സരം നടന്നത്.

അതേസമയം, നേരെത്തെ ക്രിക്കറ്റ് താരങ്ങള്‍ രഞ്ജി ട്രോഫി കളിക്കുന്നത് നിര്‍ബന്ധമാക്കാനുള്ള ബി.സി.സി.ഐയുടെ തീരുമാനത്തെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം കീര്‍ത്തി ആസാദ് രംഗത്ത് എത്തിയിരുന്നു. 1983ലെ ലോകകപ്പ് ജേതാവായ മുന്‍ താരം രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും രഞ്ജിയില്‍ ഉള്‍പ്പെടുത്തണമെന്ന് ബോര്‍ഡിനോട് ആവശ്യം ഉന്നയിച്ചിരുന്നു. ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും തങ്ങളുടെ ടീമിന് വേണ്ടി രഞ്ജി ട്രോഫി കളിക്കാത്തതില്‍ ബി.സി.സി.ഐ കേന്ദ്ര കരാറില്‍ നിന്നും ഇരുവരെയും പുറത്താക്കിയിരുന്നു. കഴിഞ്ഞ സീസണില്‍ അയ്യര്‍ ബി ഗ്രേഡില്‍ സ്ഥാനം പിടിച്ചിരുന്നു. ഇഷാന്‍ കിഷന്‍ സി ഗ്രേഡിലും ഉണ്ടായിരുന്നു.