മുംബൈ: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ പരമ്പര കൈവിടുകയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യ പുറത്താകുകയും ചെയ്തതോടെ കടുത്ത വിമര്‍ശനമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് എതിരെ ഉയര്‍ന്നത്. ബിസിസിഐ മുംബൈയില്‍ വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ നിലപാട് കര്‍ശനമാക്കിയതോടെ രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ സന്നദ്ധരായിരിക്കുകയാണ് ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമിനൊപ്പം ഇന്ന് പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ പഞ്ചാബിനായി രഞ്ജിയില്‍ കളിക്കാന്‍ ശുഭ്മാന്‍ ഗില്ലും സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഇന്ന് മുംബൈ ടീമിനും ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെക്കുമൊപ്പം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ രോഹിത് ശര്‍മ മുക്കാല്‍ മണിക്കൂറോളം ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു. 2016ലാണ് രോഹിത് മുംബൈക്കായി അവസാനം രഞ്ജി ട്രോഫി കളിച്ചത്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മൂന്ന് മത്സരങ്ങളിലെ അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്ന് 31 റണ്‍സ് മാത്രമായിരുന്നു രോഹിത് നേടിയത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രോഹിത് മുംബൈയ്ക്കായി രഞ്ജി ട്രോഫി കളിക്കാന്‍ പാഡണിയുന്നത്.

അതേസമയം, ഈ മാസം 23ന് കര്‍ണാടകക്കെതിരായ രഞ്ജി മത്സരത്തില്‍ പഞ്ചാബിനായി കളിക്കാന്‍ ശുഭ്മാന്‍ ഗില്ലും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ടീമില്‍ ഗില്ലിനെ ഉള്‍പ്പെടുത്തിയിട്ടില്ല. 22നാണ് ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പര തുടങ്ങുന്നത്.

അതിനിടെ രോഹിത്തും ഗില്ലും രഞ്ജിയില്‍ കളിക്കാന്‍ തയാറായി മുന്നോട്ടുവന്നപ്പോഴും വിരാട് കോലിയും ഋഷഭ് പന്തും ഡല്‍ഹിക്കായി രഞ്ജിയില്‍ കളിക്കുമോ എന്ന കാര്യം ഇതുവരെ ഉറപ്പായിട്ടില്ല. അലിബാഗിലെ അവധിക്കാല വസതിയില്‍ നിന്ന് വിരാട് കോലി ഇന്ന് ഡല്‍ഹിയിലെത്തിയിരുന്നു.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയതിന് ശേഷം കോലിക്ക് നിരാശപ്പെടുത്തിയിരുന്നു. അടുത്ത നാല് ടെസ്റ്റ് മത്സരങ്ങളിലെ അദ്ദേഹത്തിന്റെ സ്‌കോറുകള്‍ 7, 11, 3, 37, 5, 17, 6 എന്നിങ്ങനെയായിരുന്നു. വിരാട് കോലിയും ഋഷഭ് പന്തും രഞ്ജി ട്രോഫിക്കുള്ള ഡല്‍ഹിയുടെ സാധ്യതാ ടീമിലുള്‍പ്പെടുത്തുമെന്ന് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി രോഹന്‍ ജയ്റ്റ്ലി വ്യക്തമാക്കിയിരുന്നു.

വിരാട് കോലിയെ പോലൊരു കളിക്കാരന്റെ അനുഭവസമ്പത്ത് രഞ്ജി ടീമിലെ താരങ്ങള്‍ക്കും ഗുണകരമാകുമെന്നും രോഹന്‍ ജയ്റ്റ്ലി പറഞ്ഞിരുന്നു. ഋഷഭ് പന്തും രഞ്ജിയില്‍ കളിക്കുമോ എന്ന കാര്യം വ്യക്തമല്ല. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ടീമില്‍ റിഷഭ് പന്തിനെയും ഉള്‍പ്പെടുത്തിയിട്ടില്ല. ഈ 23നാണ് രഞ്ജി ട്രോഫിയില്‍ രണ്ടാം ഘട്ട മത്സരങ്ങള്‍ ആരംഭിക്കുന്നത്.

ബിസിസിഐയുടെ അവലോകന യോഗത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ചര്‍ച്ചയായിരുന്നു. അതിന് പിന്നാലെ സീനിയര്‍ - ജൂനിയര്‍ താരങ്ങളെന്ന വ്യത്യാസമില്ലാതെ എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ നിര്‍ദേശം നല്‍കി. പരിശീലകന്‍ ഗൗതം ഗംഭീറും ഇക്കാര്യം എടുത്ത് പറഞ്ഞിരുന്നു.

ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയും പിന്നീട് ചാംപ്യന്‍സ് ട്രോഫിയും കളിക്കേണ്ടതിനാല്‍ രോഹിത് രഞ്ജി കളിക്കാന്‍ സാധ്യതയില്ല. രോഹിത് തയ്യാറെടുപ്പ് ക്യാംപില്‍ ആയിരിക്കാനാണ് സാധ്യത. എന്തായാലും പരിശീലനം നടത്താന്‍ രോഹിത് തീരുമാനിക്കുകയായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തുടരാന്‍ അനുവദിക്കണമെന്ന് രോഹിത് ശര്‍മ ബിസിസിഐയോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അന്താരാഷ്ട്ര കരിയറിന് വിരാമമിടാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് രോഹിത് ബിസിസിഐയെ അറിയിച്ചെന്നാണ് വിവരം.

ചാംപ്യന്‍സ് ട്രോഫി വരെയാണ് രോഹിത്തിനെ ക്യാപ്റ്റനായി നിലനിര്‍ത്താന്‍ ധാരണയായത്. ചാംപ്യന്‍സ് ട്രോഫിയിലെ പ്രകടനം അടിസ്ഥാനമാക്കി ആയിരിക്കും അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ചുള്ള തീരുമാനമെടുക്കുക.