- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ആയുഷ് മാത്രെ ക്യാപ്റ്റൻ; ടീമിൽ ഇടം നേടി മലയാളി താരം ആരോൺ ജോർജ്; ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിൽ
മുംബൈ: യുഎഇയിൽ നടക്കുന്ന അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഡിസംബർ 12 മുതൽ 21 വരെയാണ് മല്സരങ്ങൾ. ചെന്നൈ സൂപ്പർ കിംഗ്സ് താരം ആയുഷ് മാത്രെയാണ് ടീമിനെ നയിക്കുന്നത്. മലയാളിയായ യുവതാരം ആരോൺ ജോർജ് ടീമിൽ ഇടം നേടി. ഏകദിന ഫോർമാറ്റിൽ നടക്കുന്ന ഈ ടൂർണമെന്റ്, അടുത്ത വർഷം നടക്കാനിരിക്കുന്ന അണ്ടർ 19 ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ നിർണായക ഒരുക്കമായി കണക്കാക്കപ്പെടുന്നു.
വിഹാൻ മൽഹോത്രയെ വൈസ് ക്യാപ്റ്റനായി നിയമിച്ചിട്ടുണ്ട്. 15 അംഗ ടീമിൽ 14 വയസ്സുകാരനായ വൈഭവ് സൂര്യവൻഷിയുടെ സാന്നിധ്യവും ശ്രദ്ധേയമാണ്. ഈ യുവതാരം ഓപ്പണറുടെ റോളിലാണ് ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ യുവപ്രതിഭകൾക്ക് കഴിവ് തെളിയിക്കാനുള്ള സുപ്രധാന വേദിയാണ് ഏഷ്യാ കപ്പ്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത് (ഗ്രൂപ്പ് എ). യോഗ്യതാ റൗണ്ടിൽ വിജയിച്ചെത്തുന്ന രണ്ട് ടീമുകളാണ് ഈ ഗ്രൂപ്പിലെ മറ്റ് എതിരാളികൾ.
ഗ്രൂപ്പ് ബിയിൽ അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ പ്രബല ടീമുകൾക്കൊപ്പം ഒരു യോഗ്യതാ ടീമും മത്സരിക്കും. ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരം ഡിസംബർ 12-ന് ഒരു യോഗ്യതാ ടീമിനെതിരെയാണ്. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം ഡിസംബർ 14 ഞായറാഴ്ച നടക്കും. ഓരോ ഗ്രൂപ്പിൽ നിന്നും മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടുന്നത്. സെമി ഫൈനൽ മത്സരങ്ങൾ ഡിസംബർ 19-നാണ് നിശ്ചയിച്ചിരിക്കുന്നത്.
അണ്ടര്‍ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം അംഗങ്ങൾ: ആയുഷ് മാത്രെ (ക്യാപ്റ്റൻ), വൈഭവ് സൂര്യവൻഷി, വിഹാൻ മൽഹോത്ര (വൈസ് ക്യാപ്റ്റൻ), വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുണ്ടു, ഹർവൻഷ് സിംഗ്, യുവരാജ് ഗോഹിൽ, കനിഷ്ക് ചൗഹാൻ, ഖിലാൻ എ. പട്ടേൽ, നമൻ പുഷ്പക്, ഡി ദീപേഷ്, ഹെനിൽ മോഹൻ കുമാർ, എ കിഷൻ കുമാർ.




