- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിറ്റ്‌നെസ് വീണ്ടെടുത്ത് സൂര്യകുമാര്‍; കളിക്കാന്‍ തയ്യാറെന്ന് ബുമ്ര; ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും ജയ്സ്വാളും തിരിച്ചെത്തുമോ? ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ 19ന് പ്രഖ്യാപിക്കും
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ 19ന് പ്രഖ്യാപിക്കും
മുംബൈ: അടുത്തമാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കാനിരിക്കെ ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത. നായകന്‍ സൂര്യകുമാര്‍ യാദവ് ഏഷ്യാകപ്പില്‍ കളിക്കുമെന്ന് ഉറപ്പായി. ഹെര്‍ണിയ ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലായിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നെസ് ടെസ്റ്റ് പാസായതായാണ് വിവരം. സൂര്യകുമാര്‍ ഫിറ്റ്‌നെസ് ടെസ്റ്റ് പാസായില്ലായിരുന്നെങ്കില്‍ ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് പുതിയ നായകനെ കണ്ടെത്തേണ്ടിവരുമായിരുന്നു. ഇന്ത്യന്‍ ഓള്‍ റൗണ്ടറായ ഹാര്‍ദ്ദിക് പാണ്ഡ്യയും മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരും കഴിഞ്ഞ ദിവസം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി ഫിറ്റ്‌നെസ് ടെസ്റ്റിന് വിധേയനായിരുന്നു.
അതേ സമയം ഏഷ്യാകപ്പില്‍ കളിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര സെലക്ടര്‍മാരെ അറിയിച്ചെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കാല്‍മുട്ടിലെ പരിക്ക് അലട്ടിയതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ നിന്ന് ബുമ്ര വിട്ടു നിന്നിരുന്നു. ഏതാനും ദിവസം മുമ്പ് സെലക്ടര്‍മാരെ ബന്ധപ്പെട്ട ബുമ്ര ഏഷ്യാ കപ്പില്‍ കളിക്കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ വരുന്ന ചൊവ്വാഴ്ചയാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിക്കുക. മുംബൈയില്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നശേഷമാകും പ്രഖ്യാപനം.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്ന് ടെസ്റ്റുകളില്‍ മാത്രം കളിക്കാനുള്ള ബുമ്രയുടെ തീരുമാനം വിമര്‍ശിക്കപ്പെട്ട പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം. ടീമിലെ മറ്റൊരു പേസറായ മുഹമ്മദ് സിറാജ് അഞ്ച് ടെസ്റ്റുകളിലും കളിക്കുകയും അവസാന മത്സരത്തില്‍ ടീമിന്റെ വിജയശില്‍പിയാകുകയും ചെയ്തിരുന്നു. എന്നാല്‍ പരിക്കും ജോലിഭാരവും കണക്കിലെടുത്ത് ബുമ്ര മൂന്ന് ടെസ്റ്റുകളില്‍ മാത്രമാണ് കളിച്ചത്. ബുമ്ര കളിച്ച രണ്ട് ടെസ്റ്റിലും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. എന്നാല്‍ ഈ രണ്ട് ടെസ്റ്റിലും ഇന്ത്യ തോറ്റു. ഇതോടെയാണ് തെരഞ്ഞെടുക്കുന്ന ടെസ്റ്റുകളില്‍ മാത്രം കളിക്കാനുള്ള ബുമ്രയുടെ തീരുമാനത്തിനെതിരെ മുന്‍താരങ്ങള്‍ അടക്കം രംഗത്തെത്തിയത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ബുമ്ര ഏഷ്യാ കപ്പില്‍ കളിക്കാനുള്ള സന്നദ്ധത അറിയിച്ചിരിക്കുന്നത്.
അതേസമയം, ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷന്‍ സെലക് ടര്‍മാര്‍ക്ക് വലിയ തലവേദനയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇംഗ്ലണ്ടില്‍ റെക്കോര്‍ഡ് റണ്‍വേട്ട നടത്തിയ ടെസ്റ്റ് ടീം നായകന്‍ ശുഭ്മാന്‍ ഗില്ലിനെയും ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെയും വീണ്ടും ടി20 ടീമിലേക്ക് പരിഗണിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഗില്ലിനെയും ജയ്‌സ്വാളിനെയും ടീമിലെടുത്താല്‍ ബാറ്റിംഗ് നിരയില്‍ അഴിച്ചുപണി നടത്തേണ്ടിവരും. ഓപ്പണറായി ഇറങ്ങുന്ന മലയാളി താരം സഞ്ജു സാംസണെ ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്കിറക്കേണ്ടിവരും.
ഓപ്പണറായി ഇറങ്ങി മൂന്ന് സെഞ്ചുറികള്‍ നേടിയ താരമാണ് സഞ്ജു. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ താഴേക്കിറക്കിയാലും മൂന്നാം നമ്പറില്‍ തിലക് വര്‍മയും നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും അഞ്ചാം നമ്പറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും എത്തുമെന്നതിനാല്‍ പിന്നീട് ആറാം നമ്പറില്‍ മാത്രമെ കളിപ്പിക്കാനാവു എന്നതാണ് പ്രതിസന്ധി. വെടിക്കെട്ട് ഓപ്പണറായ അഭിഷേക് ശര്‍മ ഓപ്പണറായി സ്ഥാനം നിലനിര്‍ത്തുമെന്നുറപ്പാണ്.
ടീമിലെടുത്താല്‍ ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ഇംഗ്ലണ്ടില്‍ അവസരം കിട്ടാതിരുന്ന പേസര്‍ അര്‍ഷ്ദീപ് സിംഗ് ടീമില്‍ സ്ഥാനം ഉറപ്പാക്കുമ്പോള്‍ മറ്റൊരു പേസറായ മുഹമ്മദ് സിറാജ് ടി20 ടീമില്‍ തിരിച്ചെത്തുമോ എന്നും ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.