- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോഷ് ഹേസൽവുഡില്ലാതെ കങ്കാരുപ്പട; ഗ്ലെൻ മാക്സ്വെൽ ടീമിൽ തിരിച്ചെത്തും; ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 ഇന്ന് ഹൊബാര്‍ട്ടില്‍; ഇന്ത്യൻ ടീമിലും മാറ്റങ്ങൾക്ക് സാധ്യത
ഹൊബാർട്ട്: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ഓസ്ട്രേലിയയിലെ ഹൊബാര്‍ട്ടില്‍ നടക്കും. മെൽബണിൽ രണ്ടാം ടി20യിൽ ദയനീയ തോൽവി വഴങ്ങിയ ഇന്ത്യക്ക് ഇന്നത്തെ മത്സരം ജയിക്കേണ്ടത് അനിവാര്യമാണ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:45നാണ് മത്സരം ആരംഭിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചപ്പോൾ, രണ്ടാം ടി20യിൽ വിജയിച്ച ഓസ്ട്രേലിയ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലാണ്.
മെൽബണിൽ രണ്ടാം ടി20യിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത മലയാളി താരം സഞ്ജു സാംസൺ ഇത്തവണ ഏത് പൊസിഷനിൽ കളിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. രണ്ടാം മത്സരത്തിൽ ജോഷ് ഹേസൽവുഡിന്റെ ബൗളിംഗിൽ വെറും രണ്ട് റൺസ് എടുത്ത് സഞ്ജു പുറത്തായിരുന്നു. വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. നായകൻ സൂര്യകുമാർ യാദവിന്റെ ഫോം ഇന്ത്യക്ക് ആശങ്ക നൽകുന്നു.
രണ്ടാം മത്സരത്തിൽ കളിച്ച ടീമിൽ ഇന്ത്യ ഇന്ന് മാറ്റങ്ങൾ വരുത്തിയേക്കും. ബൗളിംഗ് നിരയിൽ കുൽദീപ് യാദവിന് പകരം അർഷ്ദീപ് സിംഗിന് അവസരം ലഭിച്ചേക്കും. മധ്യനിരയിൽ ശിവം ദുബെയ്ക്ക് പകരം നിതീഷ് കുമാർ റെഡ്ഡി അല്ലെങ്കിൽ വാഷിംഗ്ടൺ സുന്ദർ കളിച്ചേക്കും. ഓസ്ട്രേലിയൻ ടീമിലും മാറ്റങ്ങളുണ്ട്. ഇന്ത്യയെ രണ്ടാം മത്സരത്തിൽ വട്ടംകറക്കിയ ജോഷ് ഹേസൽവുഡ് ആഷസ് തയ്യാറെടുപ്പുകൾക്കായി നാട്ടിലേക്ക് മടങ്ങുന്നതിനാൽ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കില്ല. പകരം ഷോൺ ആബട്ട് ടീമിലെത്തും. പരിക്കിൽ നിന്ന് മുക്തനായ ഗ്ലെൻ മാക്സ്വെൽ ഓസ്ട്രേലിയൻ ടീമിൽ തിരിച്ചെത്തും.




