മുംബൈ: 2025 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മാമങ്കത്തിന് മാര്‍ച്ച് 21 ന് തുട്ടകമാകുമെന്ന് ബിസിസഐ. ബിസിസിഐ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബിസിഐ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിന് ശേഷം ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് ഐപിഎല്‍ സംബന്ധിച്ച വിവരങ്ങള്‍ പറഞ്ഞത്. അവസാന മത്സരം മെയ് 25ന് നടക്കും. വനിതാ പ്രീമിയര്‍ ലീഗിന്റെ മത്സരത്തീയതി സംബന്ധിച്ചുള്ള ചര്‍ച്ചകളും അന്തിമഘട്ടത്തിലാണ്. നിലവില്‍ ഫെബ്രുവരി 7 മുതല്‍ ആരംഭിക്കാനാണ് തീരുമാണം. മാര്‍ച്ച് 2ന് ഫൈനല്‍ മത്സരം.

നേരത്തെ മാര്‍ച്ച് 23നു തുടങ്ങുമെന്നായിരുന്നു ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വെളിപ്പെടുത്തിയത്. ബിസിസിഐ യോഗത്തിനു മുന്‍പായിരുന്നു രാജീവ് ശുക്ല തീയതി വെളിപ്പെടുത്തിയത്. യോഗത്തിനു ശേഷം രാജീവ് ശുക്ല തന്നെയാണ് ഉദ്ഘാടന, ഫൈനല്‍ പോരാട്ടങ്ങളുടെ തീയതി സംബന്ധിച്ച പുതിയ തീരുമാനവും സ്ഥിരീകരിച്ചത്.

മാര്‍ച്ച് 21ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഉദ്ഘാടന പോരാട്ടം. ഫൈനലും ഇതേ വേദിയില്‍ തന്നെ അരങ്ങേറും. സാധാരണ നിലയില്‍ നിലവിലെ ചാമ്പ്യന്‍മാരുടെ ഹോം ഗ്രൗണ്ടാണ് ഉദ്ഘാടന, ഫൈനല്‍ മത്സരങ്ങള്‍ക്ക് വേദിയാകാറുള്ളത്. ഇതനുസരിച്ചാണ് ഈഡന്‍ ഗാര്‍ഡന്‍സ് തിരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്റേഡേഴ്സിന്റെ ഹോം മൈതാനമാണ് ഈഡന്‍ ഗാര്‍ഡന്‍സ്.

ഈ മാസം 18, 19 തീതതികളില്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ള ബിസിസിഐ യോഗങ്ങളിലായിരിക്കും മത്സരക്രമം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുക. വനിതാ പ്രീമിയര്‍ ലീഗിന്റെ ഇതുവരെയുള്ള രണ്ട് എഡിഷനുകളും രണ്ട് വേദിയില്‍ മാത്രമാണ് അരങ്ങേറിയിരുന്നത്. ഇത്തവണ വേദികളുടെ എണ്ണം നാലാക്കി ഉയര്‍ത്താനും തീരുമാനം ആയി. മുംബൈ, ബംഗളൂരു എന്നിവയ്ക്കു പുറമെ ലഖ്നൗ, ബറോഡ എന്നിവയും വനിതാ പോരാട്ടങ്ങള്‍ക്ക് വേദിയാകും.