ധാക്ക: മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ, ഐപിഎൽ ലോഗോ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധകർ. ബംഗ്ലാദേശിന്റെ മുൻ നായകൻ മഷ്റഫെ മൊർതാസയുടെ ഒരു ഷോട്ടിൽ നിന്നാണ് ഐപിഎൽ ലോഗോ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നതെന്നാണ് ആരാധകർ ഉന്നയിക്കുന്ന പ്രധാന വാദം. ആകാശ് ചോപ്ര ഇക്കാര്യം പറയുന്ന വീഡിയോകളും, മൊർതാസയുടെ ചിത്രങ്ങളും പങ്കുവെച്ചാണ് ഒരു വിഭാഗം ആരാധകർ സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത്.

2007ലെ ലോകകപ്പിൽ മൊർതാസ കളിച്ച ഒരു ഷോട്ടാണ് ലോഗോയ്ക്ക് പ്രചോദനമായതെന്ന് അവർ അവകാശപ്പെടുന്നു. അതിനാൽ ലോഗോ ഇന്ത്യ ഉപയോഗിക്കരുതെന്നും മാറ്റണമെന്നുമാണ് ബംഗ്ലാ ആരാധകർ ആവശ്യപ്പെടുന്നത്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെഞ്ചർ ത്രീ എന്ന ഏജൻസിയാണ് ഐപിഎലിന്റെ ലോഗോ ഡിസൈൻ ചെയ്തതെങ്കിലും, ലോഗോയിലുള്ളത് മൊർതാസയാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. സംഭവത്തിൽ ബിസിസിഐയോ ഐപിഎൽ സംഘാടകരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ ടീമിലേക്ക് അവസരം ലഭിച്ച ഏക ബംഗ്ലാദേശ് താരമായിരുന്നു മുസ്തഫിസുർ റഹ്മാൻ. 2026 ഐപിഎലിനുവേണ്ടി നടന്ന മിനി ലേലത്തിൽ 9.20 കോടി രൂപ നൽകി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അദ്ദേഹത്തെ സ്വന്തമാക്കിയിരുന്നു. എന്നാൽ, ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്നങ്ങളും ഹിന്ദു സമൂഹം നേരിടുന്ന അതിക്രമങ്ങളും ചൂണ്ടിക്കാട്ടി ഇന്ത്യയിൽ ശക്തമായ പ്രതിഷേധമുയർന്നതോടെ മുസ്തഫിസുറിനെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യമുയർന്നു. പ്രതിഷേധം കനത്തതോടെ ബിസിസിഐ ഇടപെട്ട് മുസ്തഫിസുറിനെ പുറത്താക്കുകയായിരുന്നു.

ഇതിനിടെ, വരാനിരിക്കുന്ന ടി20 ലോകകപ്പിൽ കളിക്കാനെത്തില്ലെന്നും, ബംഗ്ലാദേശിന്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ബംഗ്ലാദേശിൽ ഐപിഎൽ സംപ്രേക്ഷണം ചെയ്യരുതെന്ന് പ്രാദേശിക ചാനലുകൾക്ക് ബംഗ്ലാദേശ് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.