- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുൻനിര മൂക്കുകുത്തി; ഒറ്റയാൾ പോരാട്ടത്തിലൂടെ മുംബൈയെ കരകയറ്റി തിലക് വർമ്മ; 46 പന്തിൽ പുറത്താകാതെ 84 റൺസുമായി യുവതാരം; അവസാന ഓവറുകളിൽ വെടിക്കെട്ട്; ബാംഗ്ലൂരിന് 172 റൺസ് വിജയലക്ഷ്യം
ബെംഗളൂരു: ഐപിഎൽ പതിനാറാം സീസണിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ തുടക്കത്തിൽ തകർന്ന മുംബൈ ഇന്ത്യൻസിനെ ഒറ്റയ്ക്ക് തോളിലേറ്റി യുവതാരം തിലക് വർമ്മ. മിന്നുന്ന അർധസെഞ്ചുറിയുമായി പട നയിച്ച തിലക് വർമ്മയുടെ ഇന്നിങ്സിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ ഏഴ് വിക്കറ്റിന് 171 റൺസെടുത്തു.
തുടക്കത്തിൽ 20 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടമായ മുംബൈയെ അഞ്ചാമനായി ക്രീസിലെത്തിയ യുവതാരം തിലക് വർമ്മയുടെ തകർപ്പൻ ഫിഫ്റ്റിയാണ് രക്ഷിച്ചത്. തിലക് 46 പന്തിൽ 9 ഫോറും 4 സിക്സും സഹിതം പുറത്താകാതെ 84 റൺസെടുത്തു. നായകൻ രോഹിത് ശർമ്മ വെറും ഒരു റൺസിൽ പുറത്തായി.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ തകർച്ചയോടെയാണ് മുംബൈ ബാറ്റിങ് തുടങ്ങിയത്. 5.2 ഓവറിനിടെ 20 റൺസ് ചേർത്തപ്പോഴേക്കും മുംബൈക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർ ഇഷാൻ കിഷനെ(13 പന്തിൽ 10) മൂന്നാം ഓവറിലെ മൂന്നാം പന്തിൽ മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേലിന്റെ കൈകളിൽ എത്തിച്ചു.
ഇതോടെ ആർസിബി കുപ്പായത്തിൽ സിറാജിന് 50 വിക്കറ്റുകളായി. പിന്നാലെ തൊട്ടടുത്ത ഓവറിൽ കാമറൂൺ ഗ്രീനെ(4 പന്തിൽ 5) റീസ് ടോപ്ലി യോർക്കറിൽ ബൗൾഡാക്കി. വൈകാതെ രോഹിത് ശർമ്മയുടെ ക്യാച്ച് സിറാജും ഡികെയും തമ്മിലുള്ള കൂട്ടയിടിയിൽ പാഴാവുന്നത് മൈതാനത്ത് കണ്ടു. എന്നാൽ ഹിറ്റ്മാനെ(10 പന്തിൽ 1) ആകാശ് ദീപ് വിക്കറ്റിന് പിന്നിൽ ദിനേശ് കാർത്തിക്കിന്റെ കൈകളിൽ ഭദ്രമാക്കി.
ഏറെ പ്രതീക്ഷകളുമായി ക്രീസിലെത്തിയ സൂര്യകുമാർ യാദവ് 16 പന്തിൽ 15 റൺസുമായി മൈക്കൽ ബ്രേസ്വെല്ലിന് കീഴടങ്ങിയത് മുംബൈ ഇന്ത്യൻസിന് തിരിച്ചടിയായി. അരങ്ങേറ്റ മത്സരം കളിച്ച യുവതാരം നേഹൽ വധേര 13 പന്തിൽ 21 റൺസുമായി കരുത്തുകാട്ടി. ഒരു ഫോറും രണ്ടു സിക്സും ഉൾപ്പെടുന്നതാണ് നേഹലിന്റെ ഇന്നിങ്സ്.
ഒരു ഘട്ടത്തിൽ മൂന്നിന് 20 റൺസെന്ന നിലയിലും നാലിന് 48 റൺസെന്ന നിലയിലും തകർന്ന മുംബൈയ്ക്ക്, അഞ്ചാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത തിലക് വർമ നേഹൽ കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോർ ഉറപ്പാക്കിയത്. 30 പന്തിൽ ഇരുവരും മുംബൈ സ്കോർ ബോർഡിൽ എത്തിച്ചത് 50 റൺസ്.
പിന്നീട് പിരിയാത്ത എട്ടാം വിക്കറ്റിൽ അർഷദ് ഖാനൊപ്പം വെറും 18 പന്തിൽനിന്ന് തിലക് വർമ കൂട്ടിച്ചേർത്ത 48 റൺസാണ് മുംബൈ സ്കോർ 170 കടത്തിയത്. മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ എന്നിവർ എറിഞ്ഞ അവസാന രണ്ട് ഓവറിൽ ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത് 38 റൺസാണ്.
തിലക് വർമ്മ ഒരറ്റത്ത് പിടിച്ചുനിന്നപ്പോൾ കരൺ ശർമ്മയുടെ പന്തിൽ 101 മീറ്റർ സിക്സർ പറത്തിയ നെഹാൽ വധേര(13 പന്തിൽ 21) തൊട്ടടുത്ത ബോളിൽ കോലിയുടെ ക്യാച്ചിൽ മടങ്ങി.
കൂറ്റനടിക്കാരൻ ടിം ഡേവിഡിന്(4) ഏഴ് പന്തുകളുടെ ആയുസേ കരൺ നൽകിയുള്ളൂ. എങ്കിലും പതർച്ചയില്ലാതെ കളിച്ച യുവതാരം തിലക് വർമ്മ സിക്സോടെ 50 തികച്ചു. 31 പന്തിലായിരുന്നു തിലകിന്റെ ഫിഫ്റ്റി. 18-ാം ഓവറിലെ ആദ്യ പന്തിൽ റിത്വിക് ഷൊക്കീനെ(3 പന്തിൽ 5) ഹർഷലിന്റെ പന്തിൽ ഡുപ്ലസി പറക്കും ക്യാച്ചിൽ മടക്കി. കൂടുതൽ നഷ്ടമില്ലാതെ തിലകും(46 പന്തിൽ 84*), അർഷാദ് ഖാനും മുംബൈയെ 171ൽ എത്തിച്ചു. അർഷദ് ഖാൻ ഒൻപതു പന്തിൽ 15 റൺസുമായി പുറത്താകാതെ നിന്നു.
സ്പോർട്സ് ഡെസ്ക്