ജയ്പൂര്‍: ഇന്ത്യന്‍ ടീം പരിശീലക സ്ഥാനമൊഴിഞ്ഞ രാഹുല്‍ ദ്രാവിഡ് ഐ.പി.എല്ലിലേക്ക് മടങ്ങിയെത്തുന്നതായി റിപ്പോര്‍ട്ട്. രാജസ്ഥാന്‍ റോയല്‍സ് പരിശീലക സ്ഥാനത്തേക്കാണ് മുന്‍ ഇന്ത്യന്‍ താരമെത്തുകയെന്നാണ് വിവരം. മുന്‍കാലങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സുമായി ബന്ധമുണ്ടായിരുന്നു ദ്രാവിഡിന്. അതുകൊണ്ട് തന്നെ ദ്രാവിഡ് രാജസ്ഥാനിലേക്ക് എത്തുമെന്നാണ് വാര്‍ത്തകള്‍.

ആര്‍.ആര്‍ മാനേജ്മെന്റും ദ്രാവിഡും ഇതു സംബന്ധിച്ച് നടത്തുന്ന ചര്‍ച്ച അവസാനഘട്ടത്തിലാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ശ്രീലങ്കന്‍ മുന്‍ താരം കുമാര്‍ സങ്കക്കാരയാണ് പരിശീലകനും ടീം ഡയറക്ടറും. ദ്രാവിഡ് തിരിച്ചെത്തിയാല്‍ സംഗക്കാര ഡയറക്ടര്‍ സ്ഥാനത്തേക്ക് മാറും. അതേസമയം രേത്തെ രാഹുല്‍ ദ്രാവിഡ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരിശീലകനാകും എന്ന നിലയില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

സഞ്ജു സാംസണും രാഹുല്‍ ദ്രാവിഡും വീണ്ടും ഒന്നിക്കുന്നത് കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. നേരത്തെ രാജസ്ഥാന്‍ റോയല്‍സ് നായകനായും മെന്ററായും ദ്രാവിഡ് പ്രവര്‍ത്തിച്ചിരുന്നു. 2013ല്‍ ടീമിനെ ചാമ്പ്യന്‍സ് ലീഗ് ടി20 ഫൈനലിലേക്ക് നയിച്ച മുന്‍ ഇന്ത്യന്‍ പരിശീലകന്‍ 2014, 2015 സീസണുകളില്‍ മെന്ററായും പ്രവര്‍ത്തിച്ചു.

2015 മുതല്‍ ബിസിസിഐ ചുമതലകളിലേക്ക് മാറിയ ദ്രാവിഡ് അണ്ടര്‍ 19 പരിശീലകനായും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 2021ലാണ് ഇന്ത്യന്‍ ടീം മുഖ്യ പരിശീലകനായെത്തുന്നത്. നേരത്തെ ഗൗതം ഗംഭീറിന് പകരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

ദ്രാവിഡിന്റെ പരിശീലനത്തില്‍ ഇറങ്ങിയ ഇന്ത്യ മാസങ്ങള്‍ക്ക് മുന്‍പ് ടി20 ലോകകിരീടത്തില്‍ മുത്തമിട്ടിരുന്നു. 2022 ടി20 സെമി ഫൈനല്‍, 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, 2023 ഏകദിന ലോകകപ്പ് ഫൈനല്‍ എന്നിവയിലും കളിച്ചു. രാഹുല്‍ ദ്രാവിഡ് രാജസ്ഥാനിലുള്ള സമയത്താണ് സമയത്താണ് മലയാളി താരം സഞ്ജു സാംസണ്‍ ടീമിലെത്തുന്നത്. പിന്നീട് 2008 ഐ.പി.എല്‍ പ്രഥമ സീസണില്‍ കിരീടം ചൂടിയ രാജസ്ഥാന് പിന്നീട് ഐ.പി.എല്‍ ചാമ്പ്യന്‍മാരാകാനായില്ല.