- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ നിന്നും പുറത്തായി; 'ആ താരത്തിന്റെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടി'; ടീമിൽ ഇടം ലഭിക്കാനുള്ള സാധ്യതകൾ അവസാനിച്ചെന്നും ഇർഫാൻ പത്താൻ
ബറോഡ: അടുത്ത വർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ റിങ്കു സിംഗിന് ഇടം ലഭിക്കാനുള്ള സാധ്യതകൾ ഏതാണ്ട് അവസാനിച്ചുവെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ. ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയുടെ ടീമിലേക്കുള്ള മടങ്ങിവരവാണ് ഫിനിഷറായ റിങ്കു സിംഗിന്റെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടിയായതെന്നും പത്താൻ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ സെലക്ടർമാർ പ്രഖ്യാപിച്ചപ്പോൾ ഹാർദ്ദിക് പാണ്ഡ്യയുടെ മടങ്ങിവരവോടെ റിങ്കു സിംഗിനെ ഒഴിവാക്കിയിരുന്നു. റിങ്കുവിന് പകരം വാഷിംഗ്ടൺ സുന്ദറിനെയാണ് ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ കളിക്കുന്ന ടീമിലെ 90-95 ശതമാനം താരങ്ങളും അടുത്ത ടി20 ലോകകപ്പ് ടീമിലുണ്ടാകുമെന്ന് ഉറപ്പാണെന്നും, ഹാർദ്ദിക്കിന്റെ തിരിച്ചുവരവാണ് റിങ്കുവിന്റെ വഴി അടച്ചതെന്നും പത്താൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ലോകകപ്പ് ടീമിൽ ഹാർദ്ദിക്കിന്റെ പങ്ക് വളരെ നിർണായകമാണെന്നും പത്താൻ കൂട്ടിച്ചേർത്തു.
മുൻപും ഒരു ടി20 ലോകകപ്പ് ടീമിൽ നിന്ന് അവസാന നിമിഷം റിങ്കു സിംഗിന് പുറത്താകേണ്ടി വന്നിട്ടുണ്ട്. സമീപകാലത്ത് ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഫൈനലിൽ മാത്രമാണ് പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചത്. പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ വിജയ ബൗണ്ടറി നേടിയത് റിങ്കുവായിരുന്നു. പിന്നീട് ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലും ടീമിൽ തുടർന്നുവെങ്കിലും ഒരു മഴമത്സരത്തിൽ മാത്രമാണ് അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞത്.
ലോകകപ്പ് ടീമിലെ പേസർമാരായി ജസ്പ്രീത് ബുമ്ര, ഹാർദ്ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരും സ്പിന്നർമാരായി അക്സർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവരും കളിക്കാൻ സാധ്യതയുണ്ടെന്ന് പത്താൻ വിലയിരുത്തി. ഈ ഘടനയിൽ മറ്റൊരു ഫിനിഷർക്ക് ഇടം ലഭിക്കാൻ സാധ്യതയില്ലെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. അന്തിമ ടീം മാനേജ്‌മെന്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ സാഹചര്യത്തിൽ റിങ്കുവിന്റെ ലോകകപ്പ് സ്വപ്നങ്ങൾ ഏതാണ്ട് അവസാനിച്ചുവെന്നും ഇർഫാൻ പത്താൻ കൂട്ടിച്ചേർത്തു.




