വഡോദര: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ. കെ എൽ രാഹുലിന് പകരം റിഷഭ് പന്തിനെ വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയതാണ് പത്താൻ്റെ ഇലവനിലെ ശ്രദ്ധേയമായ മാറ്റം. നാളെ വഡോദരയിലാണ് ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ഏകദിനം നടക്കുന്നത്.

കാർ അപകടത്തിന് ശേഷം ഒരു ഏകദിനത്തിൽ മാത്രമാണ് റിഷഭ് പന്ത് ഇന്ത്യക്കായി കളിച്ചത്. വൈറ്റ് ബോൾ ക്രിക്കറ്റിൽ അവസരം നൽകാതെ എങ്ങനെയാണ് ഒരു കളിക്കാരൻ്റെ മികവ് അളക്കാനാകുക എന്ന് ഇലവൻ തെരഞ്ഞെടുത്തുകൊണ്ട് പത്താൻ ചോദിച്ചു. അടുത്തിടെ നടന്ന വിജയ് ഹസാരെ ട്രോഫിയിൽ ഡൽഹിക്കായി മികച്ച പ്രകടനം കാഴ്ചവെച്ച പന്ത്, അഞ്ച് വർഷത്തിനുശേഷം ടീമിന് ക്വാർട്ടർ ബർത്ത് നേടിക്കൊടുത്തിരുന്നു.

പരിക്കിൽ നിന്ന് മടങ്ങിയെത്തിയ ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും ടീമിൽ തിരിച്ചെത്തുമ്പോൾ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. പത്താൻ്റെ ടീമിൽ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലുമാണ് ഓപ്പണർമാർ. മൂന്നാം നമ്പറിൽ വിരാട് കോലിയും നാലാമനായി ശ്രേയസ് അയ്യരും എത്തുന്നു. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത്.

രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി എന്നിവർക്കൊപ്പം സ്പിൻ ഓൾറൗണ്ടറായി വാഷിംഗ്ടൺ സുന്ദറിനെയും പത്താൻ ടീമിൽ ഉൾപ്പെടുത്തി. പേസ് ബൗളർമാരായി അർഷ്ദീപ് സിംഗും മുഹമ്മദ് സിറാജുമാണ്. മൂന്നാം പേസറായി ഹർഷിത് റാണയെയോ സ്പെഷ്യലിസ്റ്റ് സ്പിന്നറായ കുൽദീപ് യാദവിനെയോ ആരെയെങ്കിലും ഒരാളെ കളിപ്പിക്കണമെന്നും പത്താൻ നിർദ്ദേശിച്ചു.