കൊളംബോ: അക്ഷരാര്‍ഥത്തില്‍ ഈ ലോകകപ്പ് തൂക്കുകയാണ് ഇഷാന്‍ കിഷന്‍ എന്നു ബാറ്റര്‍. ടീമിലേക്കുള്ള മടങ്ങിവരവ് എന്നു പറഞ്ഞാല്‍ ഇഷാന്റേതാണ്. ഇന്ത്യന്‍ ടീമിനൊപ്പം ഉള്‍പ്പെട്ടിട്ടും കളിക്കാന്‍ അവസരം ലഭിക്കാതെ വന്നതോടെ നിരാശനായി നിന്ന യുവ ബാറ്റര്‍ ഇന്ന് ടീമിലേക്ക് ഇടിച്ചു കയറി എത്തി തന്റെ കസേര വലിച്ചിട്ട് ഇരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. ഏകദേശം 2 വര്‍ഷത്തോളം ടീമിനു പുറത്തിരുന്ന ശേഷമാണ് ഇഷാന്‍ കിഷന്‍ ട്വന്റി20 ലോകകപ്പ് ടീമില്‍ സ്ഥാനം നേടിയത്. സഞ്ജുവിന്റെ ഫോമൗട്ടില്‍ ഓപ്പണറായി മറിയ ഇഷാന്‍ ഈ ലോകകപ്പിലെ മിന്നുന്ന താരമായി മാറുകയാണ്. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയെ അനായാസം വിജയത്തില്‍ എത്തിച്ചതില്‍ നിര്‍ണായക റോള്‍ ഇഷാന്റേതായിരുന്നു.

പാകിസ്താനുമായുള്ള ടി20 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ തുടക്കം പാളിയ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയത് ഇഷാന്റെ മികവിലാണ്. ഇതിനു ടീമിനെ സഹായിച്ചതാവട്ടെ ഇഷാന്‍ കിഷന്റെ അഗ്രസീവ് ഫിഫ്റ്റിയാണ്. വെറും 40 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 77 റണ്‍സാണ്. 10 ഫോറുകളും മൂന്ന സിക്സറും ഇതിലുള്‍പ്പെടും.

അഭിഷേക് ശര്‍മ ഡെക്കായി ആദ്യ ഓവറില്‍ തന്നെ മടങ്ങിയെങ്കിലും ഇഷാന്റെ കൗണ്ടര്‍ അറ്റാക്കിങ് ഇന്നിങ്സ് ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടു വന്നു. തിലക് വര്‍മയ്്ക്കൊപ്പം രണ്ടാം വിക്കറ്റില്‍ 46 ബോളില്‍ 87 റണ്‍സാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തത്. ഇതില്‍ 76 റണ്‍സും ഇഷാന്റെ ബാറ്റില്‍ നിന്നായിരുന്നു. രണ്ടു വമ്പന്‍ റെക്കോര്‍ഡും ഇതോടെ അദ്ദേഹം കുറിച്ചിരിക്കുകയാണ്.

ഐസിസി ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ പാകിസ്താനെതിരേ ഫിഫ്റ്റി പ്ലസ് സ്‌കോറിന് അവകാശിയായ ആദ്യത്തെ ഇന്ത്യന്‍ ഓപ്പണറെന്ന വമ്പന്‍ റെക്കോര്‍ഡാണ് ഇഷാന്‍ കിഷന്‍ സ്വന്തമാക്കിയിരിക്കുന്നത്. മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായിരുന്ന രോഹിത് ശര്‍മയ്ക്കു പോലുമില്ലാത്ത റെക്കോര്‍ഡാണ് കന്നി ലോകകപ്പില്‍ തന്നെ ഇഷാന്‍ കുറിച്ചിരിക്കുന്നത്.

ഇതാദ്യമായല്ല പാകിസ്താനെതിരേ ഒരു പ്രധാനപ്പെട്ട അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ അദ്ദേഹം മിന്നിച്ചത്. 2023ല്‍ ഏകദിന ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പിലും അദ്ദേഹം മാച്ച് വിന്നിങ് പ്രകടനം നടത്തിയിരുന്നു. അന്നു ടീം നാലു വിക്കറ്റിന് 66 റണ്‍സെന്ന നിലയില്‍ പതറവെയായിരുന്നു ഇഷാന്റെ മാച്ച് വിന്നിങ് പ്രകടനം. 81 ബോളില്‍ 82 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്.

ഇന്ത്യ- പാകിസ്താന്‍ അന്താരാഷ്ട്ര ടി20 മല്‍സരങ്ങളുടെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഒരു താരത്തിന്റെ ഏറ്റവുമുയര്‍ന്ന നാലാമത്തെ സ്‌കോര്‍ കൂടിയാണ് ഈ മല്‍സരത്തില്‍ ഇഷാന്‍ അടിച്ചെടുത്തത്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഗംഭീര്‍ നേടിയ 75 റണ്‍സിനെ ഇഷാന്‍ മറികടന്നിരിക്കുകയാണ്. ഈ ലിസ്റ്റില്‍ ആദ്യത്തെ മൂന്നു സ്ഥാനങ്ങളില്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസം വിരാട് കോലി (82*, മെല്‍ബണ്‍ 2022), പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ (79, ദുബായ്, 2021), കോലി (78*, കൊളംബോ, 2012) എന്നിവരാണ്.

നേരത്തെ നമീബിയയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ 24 പന്തില്‍ 61 റണ്‍സ് നേടിയ ഇഷാന്റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടിയിരുന്നു. നമീബിയയുടെ പോരാട്ടം 116ല്‍ അവസാനിച്ചതോടെ ഇന്ത്യയ്ക്ക് 93 റണ്‍സ് വിജയം സ്വന്തമായി. അടുത്ത മത്സരങ്ങളിലും ഇഷാന്റെ പ്രകടനം ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്താകുമെന്നത് ഉറപ്പാണ്. പാക്കിസ്ഥാനെതിരെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌ക്കാരം നേടിയത് ഇഷാന്റെ കരിയറിനെ ഏറെ സഹായിക്കും.

ടി20 ലോകകപ്പ് 2026-ന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിക്കൊണ്ടാണ് ടീം ഇന്ത്യ സൂപ്പര്‍-8 റൗണ്ടിലേക്ക് പ്രവേശിച്ചിരിക്കുന്നത്. കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ, ഓരോ കളിയിലും ഓരോ പുതിയ 'മാച്ച് വിന്നര്‍മാരെ' കണ്ടെത്തി എന്നത് ടീമിന്റെ കരുത്ത് വിളിച്ചോതുന്നു.

ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ കെട്ടിപ്പടുത്തിരിക്കുന്ന അവിശ്വസനീയമായ റെക്കോര്‍ഡും ഈ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. ഈ ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് വ്യത്യസ്തരായ മൂന്ന് ഇന്ത്യന്‍ താരങ്ങളാണ്. ഓരോ സാഹചര്യത്തിലും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കെല്‍പ്പുള്ള താരങ്ങള്‍ ടീമിലുണ്ടെന്നത് ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് കരുത്തേകുന്നു.

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ (യുഎസ്എക്കെതിരെ) ബാറ്റിംഗില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കി. നമീബിയക്കെതിരായ രണ്ടാം മത്സരത്തില്‍ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയാണ് (52 റണ്‍സ് & 2 വിക്കറ്റ്) ഹര്‍ദിക് പുരസ്‌കാരം നേടിയത്. പാകിസ്ഥാനെതിരായ ഹൈ-വോള്‍ട്ടേജ് പോരാട്ടത്തില്‍ 40 പന്തില്‍ 77 റണ്‍സ് അടിച്ചുകൂട്ടിയ ഇഷാന്‍ കിഷന്‍ മൂന്നാം മത്സരത്തിലെ ഹീറോയായി മാറി.

കഴിഞ്ഞ കുറച്ചു കാലമായി ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ കാഴ്ചവെക്കുന്നത് സമാനതകളില്ലാത്ത പ്രകടനമാണ്. അവസാനമായി കളിച്ച 28 ഐസിസി മത്സരങ്ങളിലെ ഇന്ത്യയുടെ റെക്കോര്‍ഡ് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുന്നതാണ്: അതില്‍ 26 എന്നതില്‍ ജയിച്ച ഇന്ത്യ 1 മത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ 1 മത്സരത്തില്‍ ഫലം ഉണ്ടായില്ല.