റാഞ്ചി: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അഭിഷേക് ശർമയ്‌ക്കൊപ്പം ഇഷാൻ കിഷൻ ഓപ്പൺ ചെയ്യുന്നതാണ് കൂടുതൽ ഫലപ്രദമെന്ന് കിഷന്‍റെ ബാല്യകാല പരിശീലകനും മെന്ററുമായ ഉത്തം മജൂംദാർ. ലോകകപ്പിന് മുന്നോടിയായി ന്യൂസിലൻഡിനെതിരെ നടക്കുന്ന ടി20 പരമ്പര സഞ്ജുവിന് നിർണായകമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയ സെലക്ടര്‍മാര്‍ സഞ്ജു സാംസണെ ഓപ്പണറും പ്രധാന വിക്കറ്റ് കീപ്പറുമായി ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് ഉത്തമിന്റെ പ്രസ്താവന.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മിന്നുന്ന പ്രകടനമാണ് ജിതേഷ് ശർമയെ മറികടന്ന് ഇഷാൻ കിഷനെ ബാക്കപ്പ് കീപ്പറായി ടീമിലെത്തിക്കാൻ കാരണം. പ്ലേയിംഗ് ഇലവനെക്കുറിച്ച് അന്തിമ തീരുമാനം ടീം മാനേജ്മെന്റിന്റെതാണെങ്കിലും, പവർപ്ലേ ഓവറുകളിൽ അഭിഷേകിനൊപ്പം ഇഷാൻ കിഷൻ കൂടുതൽ അപകടകാരിയാകുമെന്നാണ് തനിക്ക് തോന്നുന്നതെന്ന് ഉത്തം മജൂംദാർ 'ടെലികോം ഏഷ്യാ സ്പോർട്ടി'നോട് വ്യക്തമാക്കി. മധ്യ ഓവറുകളിലും കിഷന് ബാറ്റ് ചെയ്യാനാകുമെങ്കിലും, ഐപിഎല്ലിലും മുഷ്താഖ് അലി ട്രോഫിയിലും ഓപ്പണറെന്ന നിലയിൽ താൻ എത്രമാത്രം വിനാശകാരിയാണെന്ന് കിഷൻ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകകപ്പിന് മുന്നോടിയായി ന്യൂസിലൻഡിനെതിരെ നടക്കുന്ന അഞ്ച് മത്സര ടി20 പരമ്പരയിൽ അഭിഷേക് ശർമയ്‌ക്കൊപ്പം സഞ്ജു സാംസൺ തന്നെയാകും ഓപ്പണറായി ഇറങ്ങുക എന്നാണ് നിലവിലെ വിലയിരുത്തൽ. എന്നാൽ, ഈ പരമ്പരയിൽ സഞ്ജു നിരാശപ്പെടുത്തുകയാണെങ്കിൽ, മുഷ്താഖ് അലി ട്രോഫിക്ക് പിന്നാലെ വിജയ് ഹസാരെ ട്രോഫിയിൽ കർണാടകയ്‌ക്കെതിരെ ആറാമനായി ഇറങ്ങി 33 പന്തിൽ സെഞ്ചുറി നേടിയ ഇഷാൻ കിഷനെയും ഓപ്പണർ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്. അതേസമയം, കിഷൻ അഭിഷേകിനൊപ്പം ഓപ്പൺ ചെയ്താൽ ഓപ്പണിംഗിൽ ഇടം കൈ-വലംകൈ കോമ്പിനേഷൻ ഉറപ്പുവരുത്താൻ കഴിയില്ല എന്നൊരു പോരായ്മയുമുണ്ട്.