അഡ്ലെയ്ഡ്: കഴിഞ്ഞ് ദിവസം നടന്ന ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റില്‍ സിറാജും ഹെഡും തമ്മിലുണ്ടായ പ്രശ്‌നം വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. 140 റണ്‍സെടുത്ത ഹെഡിനെ സിറാജ് പുറത്താക്കുമ്പോള്‍ രണ്ട് പേരും നേര്‍ക്കുനേര്‍ വന്നിരുന്നു. ബൗള്‍ഡായതിന് പിന്നാലെ സിറാജിനോട് പലതും പറഞ്ഞാണ് താരം പുറത്തേക്ക് പോകുന്നത്. അപ്പോള്‍ എന്താണ് സിറജിനോട് പറഞ്ഞതെന്ന് ഹെഡ് പിന്നീട് പത്ര സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

നന്നായി ബോള്‍ ചെയ്‌തെന്നുമാത്രമാണ് പറഞ്ഞതെന്നും അപ്പോള്‍ അദ്ദേഹം പുറത്തേക്ക് പോകാന്‍ ആഗ്യം കാണിക്കുകയായിരുന്നുവെന്നും ഹെഡ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹെഡ് പറഞ്ഞത് കള്ളമാണെന്ന മറുപടിയുമായി സിറാജും രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ആ അധ്യായം അടഞ്ഞുവെന്ന് പറഞ്ഞിരിക്കുകയാണ് ഹെഡ്.

ഹെഡ് പിന്നീട് നടത്തിയ പത്രസമ്മേളനത്തില്‍ ഈ സംഭവത്തെ കുറിച്ച് പറഞ്ഞു. ഞങ്ങള്‍ അതിനെ കുറിച്ച് പിന്നീട് സംസാരിച്ചിരുന്നു. തെറ്റിദ്ധാരണകൊണ്ട് സംഭവിച്ചതാണെന്ന് സിറാജിന് മനസിലായി. അതു കഴിഞ്ഞു. ഞങ്ങള്‍ അവിടെ നിന്ന് മുന്നോട്ട് വന്നു. ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളില്ല. ഞങ്ങള്‍ രണ്ട് പേരും സ്നേഹമുള്ളവരാണ്.'' ഹെഡ് പറഞ്ഞു. രംഗം ശാന്തമായത് ആരാധകരിലും ആശ്വാസമുണ്ടാക്കി.

മത്സരത്തില്‍ 10 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയന്റ് പട്ടികയിലും ടീമിന് തിരിച്ചടിയേറ്റു. മൂന്നാം സ്ഥാനത്തേക്ക് വീണു. ഓസ്‌ട്രേലിയ ഒന്നാം സ്ഥാനം വീണ്ടെടുക്കുകയും ചെയ്തു. ഒന്നാം ഇന്നിംഗ്സില്‍ 157 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 175ന് എല്ലാവരും പുറത്തായി. കേവലം 19 റണ്‍സിന്റെ വിജലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഓസീസ് 3.2 ഓവറില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍ ഇന്ത്യ 180 & 175, ഓസ്‌ട്രേലിയ 337 & 19. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും 1-1ന് ഒപ്പമെത്തി.