- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
42-ാം വയസിലെ ഒരു ആഗ്രഹം; 2025 ഐപിഎല്‍ മെഗാ താരലേലത്തിന് റജിസ്റ്റര്‍ ചെയ്ത് അരങ്ങേറ്റം കുറിക്കാന്‍ ആന്ഡേഴ്സന്: അടിസ്ഥാന വില 1.25 കോടി; ജിമ്മിയ്ക്കായി ആര് വല വീശും?
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ മെഗാ താരലേലം നവംബര്‍ 24, 25 തീയതികളിലായി നടക്കാന്‍ പോവുകയാണ്. ജിദ്ദയില്‍ നടക്കുന്ന മെഗാലേലത്തില്‍ 1,574 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി പല സൂപ്പര്‍ താരങ്ങളും ഇത്തവണ മെഗാലേലത്തിലേക്ക് പങ്കെടുക്കുന്നുണ്ട്. ഇംഗ്ലണ്ട് മുന്‍ പേസറും നിലവിലെ ഇംഗ്ലീഷ് ടീം ബൗളിങ് പരിശീലകനുമായ ജെയിംസ് ആന്‍ഡേഴ്സണാണ് ഇത്തവണത്തെ ലേലത്തിലെ സര്‍പ്രൈസുകളിലൊന്ന്.
ആന്‍ഡേഴ്സണ്‍ ആദ്യമായാണ് ഐപിഎല്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത്. 42-ാം വയസിലാണ് ഐപിഎല്‍ മത്സരരംഗത്തും 'ഒരു കൈ' നോക്കാനിറങ്ങുന്നതെന്നതാണ് പ്രത്യേകത. റിപ്പോര്‍ട്ടുകള്‍ പ്രകാരം അടിസ്ഥാന വിലയായ 1.25 കോടി രൂപയിലാണ് ആന്‍ഡേഴ്സണ്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ആദ്യമായി ഐപിഎല്ലിലെത്തുന്ന ആന്‍ഡേഴ്സണെ ഏത് ടീം റാഞ്ചുമെന്ന് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
കഴിഞ്ഞ ജൂലൈയിലാണ് ആന്‍ഡേഴ്സണ്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.രാജ്യാന്തര ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ആന്‍ഡേഴ്സണ്‍ ഇതുവരെ ഐപിഎല്‍ കളിക്കാതിരുന്നത്. രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചതിനാലാണ് ഇപ്പോള്‍ ഐപിഎല്ലിനായി ആന്‍ഡേഴ്സണ്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കരിയറില്‍ ഇതുവരെ 44 ട്വന്റി 20 മത്സരങ്ങള്‍ മാത്രമാണ് ആന്‍ഡേഴ്സണ്‍ കളിച്ചിട്ടുള്ളത്. അതില്‍ ഇംഗ്ലണ്ടിനായി കളിച്ചത് വെറും 19 കളികള്‍ മാത്രം. 2014ലാണ് അവസാന് ട്വന്റി 20 മത്സരം ആന്‍ഡേഴ്‌സണ്‍ കളിച്ചത്. 18 വിക്കറ്റുളാണ് എടുത്തിട്ടുള്ളത്.
ഐപിഎലിലെ സൂപ്പര്‍ താരങ്ങളെങ്കിലും കുറച്ചുകാലമായി അത്ര സജീവമല്ലാത്തവരും പരുക്കുമൂലം വിട്ടുനില്‍ക്കുന്ന ചിലരും ഇത്തവണ 2 കോടി രൂപ അടിസ്ഥാന വിലയിട്ട് ലേലത്തിന് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ താരം ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ദേശീയ ജഴ്‌സിയില്‍ കളിച്ചിട്ട് നാളുകളായെങ്കിലും 2 കോടി രൂപയാണ് അടിസ്ഥാന വില. പരുക്കുമൂലം ഒരു വര്‍ഷത്തോളമായി സജീവ ക്രിക്കറ്റില്‍നിന്ന് വിട്ടുനില്‍ക്കുന്ന മുഹമ്മദ് ഷമിയും 2 കോടി അടിസ്ഥാന വിലയുമായി ലേലത്തിനുണ്ട്.