ബ്രിസ്ബണ്‍: ഇന്ത്യ- ഓസ്‌ട്രേലിയ ഗാബ ടെസ്റ്റ് സമനിലയില്‍ അവസനാച്ചു. ആദ്യ ഇന്നിങ്സില്‍ ഫോളോ ഓണില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട ഇന്ത്യ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിലൂടെ രണ്ടാം ഇന്നിങ്സില്‍ കംഗാരുക്കളെ വിറപ്പിച്ചിരിക്കുകയാണ്. ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ 455 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 260 റണ്‍സാണ് ഒന്നാം ഇന്നിങ്സില്‍ നേടിയത്.

രണ്ടാം ഇന്നിങ്സില്‍ ഏഴ് വിക്കറ്റിന് 89 എന്ന നിലയില്‍ ഓസ്ട്രേലിയ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതോടെ 275 റണ്‍സ് വിജയലക്ഷ്യവും ഇന്ത്യക്ക് മുന്നിലേക്കെത്തി. ഇന്ത്യക്കായി ഗംഭീര ബൗളിങ് പ്രകടനത്തോടെ ജസ്പ്രീത് ബുംറ കസറിയിരിക്കുകയാണ്. ആദ്യ ഇന്നിങ്സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ബുംറ രണ്ടാം ഇന്നിങ്സില്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ഇതോടെ കപില്‍ ദേവിന്റെ വമ്പന്‍ റെക്കോഡ് ബുംറ തകര്‍ത്തിരിക്കുകയാണ്.

ടെസ്റ്റില്‍ ഒസീസിനെതിരെ കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടുന്ന താരങ്ങളില്‍ റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ബുംറ. കപില്‍ ദേവിന്റെ റെക്കോര്‍ഡാണ് ബുംറ തകര്‍ത്തത്. 51 വിക്കറ്റുകളാണ് മുന്‍ ഇന്ത്യന്‍ നായകനായ കപില്‍ ദേവിന്റെ പേരിലുള്ളത്. 53 വിക്കറ്റുകളാണ് നിലവില്‍ ബുംറ നേടിയത്. രണ്ട് മത്സരങ്ങള്‍ക്കൂടി ശേഷിക്കെ ഈ റെക്കോഡില്‍ ഇനിയും മുന്നോട്ട് പോകാന്‍ ബുംറക്ക് സാധിച്ചേക്കും. ഓസ്ട്രേലിയയില്‍ കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളര്‍ മാത്രമല്ല ഏഷ്യന്‍ ബൗളറെന്ന നേട്ടത്തിലേക്ക് കൂടിയാണ് ബുംറയെത്തിയിരിക്കുന്നത്.

സര്‍ഫറാസ് നവാസ് 50 വിക്കറ്റും അനില്‍ കുംബ്ലെ 49 വിക്കറ്റും ഇമ്രാന്‍ ഖാന്‍ 45 വിക്കറ്റും ഓസ്ട്രേലിയയില്‍ നേടിയിട്ടുണ്ട്. ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍മാരെ വിറപ്പിക്കുന്ന ബൗളിങ് കാഴ്ചവെക്കാന്‍ ബുംറക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ മികച്ച പിന്തുണ അദ്ദേഹത്തിന് ലഭിക്കുന്നില്ല. മുഹമ്മദ് ഷമിയുടെ അഭാവം ഇന്ത്യ ശരിക്കും അറിയുന്നുണ്ട്. മുഹമ്മദ് സിറാജിനും ആകാശ് ദീപിനും ഹര്‍ഷിത് റാണക്കുമൊന്നും ബുംറയോടൊപ്പം നില്‍ക്കാന്‍ സാധിക്കുന്നില്ലെന്നതാണ് വസ്തുത.

മറ്റൊരു ഇന്ത്യക്കാരനുമില്ലാത്ത റെക്കോഡ് കൂടി ബുംറ സ്വന്തമാക്കിയത്. മൂന്നാം തവണയാണ് സെന രാജ്യത്ത് ബുംറ ഒരു ടെസ്റ്റ് പരമ്പരയില്‍ 20ലധികം വിക്കറ്റ് നേടുന്നത്. മറ്റൊരു ഇന്ത്യന്‍ ബൗളര്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത റെക്കോഡാണിത്. 2018-19ലെ ഓസീസ് പരമ്പരയില്‍ 21 വിക്കറ്റുകളോടെയാണ് ബുംറ തിളങ്ങിയത്. മറ്റ് പല പേസര്‍മാരും വിദേശത്ത് വലിയൊരു പ്രകടനം കാട്ടാനാവാതെ പോകുന്ന സാഹചര്യത്തിലും ആതിഥേയ താരങ്ങളെ വെല്ലുന്ന ബൗളിങ് പ്രകടനമാണ് ബുംറ കാഴ്ചവെക്കുന്നത്. ന്യൂബോളില്‍ത്തന്നെ ഇംപാക്ട് സൃഷ്ടിക്കാന്‍ ബുംറക്ക് സാധിക്കുന്നുണ്ടെങ്കിലും പിന്നാലെ എത്തുന്ന ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഇത് മുതലാക്കി പന്തെറിയാന്‍ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

ഇന്ത്യന്‍ ടീമും ഈ സമനിലയില്‍ ഒരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. 2011 മുതലുള്ള കണക്കുകള്‍ പ്രകാരം ടെസ്റ്റില്‍ ഫോളോ ഓണ്‍ വഴങ്ങാത്ത ഏക ടീമായി ഇന്ത്യ മുന്നോട്ട് പോവുകയാണ്. ഗാബയില്‍ ഇന്ത്യ ഫോളോ ഓണ്‍ നേരിടുമെന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ല. ആകാശ് ദീപിന്റേയും ജസ്പ്രീത് ബുംറയുടേയും അവസരോചിത പ്രകടനം ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. 13 തവണയാണ് വെസ്റ്റ് ഇന്‍ഡീസ് ഫോളോ ഓണ്‍ ചെയ്തത്. ഓസ്ട്രേലിയ ഒരു തവണയും ഇംഗ്ലണ്ട് രണ്ട് തവണയും പാകിസ്താന്‍ മൂന്ന് തവണയും ഫോളോ ഓണ്‍ ചെയ്തു. എന്നാല്‍ ഒരു തവണപോലും ഇന്ത്യക്ക് ഈ നാണക്കേടിലേക്ക് എത്തേണ്ടി വന്നിട്ടില്ല.