കൊൽക്കത്ത: ദക്ഷിണാഫിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് സ്വന്തമായത് അപൂർവ നേട്ടം. 17 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പേസർ ഒരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം തന്നെ അഞ്ച് വിക്കറ്റ് നേടുന്നത്. 2008 ഏപ്രിലിൽ അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ പേസർ ഡെയ്ൽ സ്റ്റെയിനാണ് ഇതിനു മുൻപ് ഇന്ത്യയിൽ ആദ്യ ദിനം അഞ്ച് വിക്കറ്റ് നേടിയ പേസർ.

2019-ൽ കൊൽക്കത്തയിൽ നടന്ന പിങ്ക് ബോൾ ഡേ-നൈറ്റ് ടെസ്റ്റിൽ ഇഷാന്ത് ശർമ്മ അഞ്ച് വിക്കറ്റ് നേടിയെങ്കിലും അത് ഡേ-നൈറ്റ് മത്സരമായിരുന്നു. കഴിഞ്ഞ വർഷം ബെംഗളൂരുവിൽ ന്യൂസിലൻഡിനെതിരെ മാറ്റ് ഹെൻറി അഞ്ച് വിക്കറ്റ് നേടിയെങ്കിലും മഴ കാരണം കളി പൂർണ്ണമായി നടക്കാത്തതിനാൽ സാങ്കേതികമായി അത് രണ്ടാം ദിനമായി കണക്കാക്കപ്പെട്ടു.

ദക്ഷിണാഫിക്കയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് നേടിയതോടെ ബുമ്രയുടെ ടെസ്റ്റ് കരിയറിലെ ഇത് പതിനാറാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേടുന്നവരുടെ പട്ടികയിൽ രവിചന്ദ്രൻ അശ്വിൻ (37), അനിൽ കുംബ്ലെ (35), ഹർഭജൻ സിംഗ് (25), കപിൽ ദേവ് (23) എന്നിവർക്കു പിന്നിലായി ബുമ്ര ഏഴാം സ്ഥാനത്തെത്തി. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരകളിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേടുന്ന മൂന്നാമത്തെ ബൗളറെന്ന നേട്ടവും ബുമ്ര സ്വന്തമാക്കി. ദദക്ഷിണാഫിക്കയ്‌ക്കെതിരെ കളിച്ച 9 ടെസ്റ്റുകളിൽ ഇത് ബുമ്രയുടെ നാലാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ്.

അഞ്ച് വിക്കറ്റ് നേടിയതോടെ ടെസ്റ്റ് വിക്കറ്റ് വേട്ടയിൽ മുഹമ്മദ് ഷമിയെയും ബുമ്ര മറികടന്നു. നിലവിൽ ബുമ്രയ്ക്ക് 231 വിക്കറ്റുകളാണുള്ളത്, ഷമിയുടെ വിക്കറ്റ് നേട്ടം 229 ആണ്. കൊൽക്കത്ത ടെസ്റ്റിൽ റിയാൻ റിക്കിൾടണെ പുറത്താക്കിയാണ് ബുമ്ര വിക്കറ്റ് വേട്ട തുടങ്ങിയത്, ദക്ഷിണാഫ്രിക്കയുടെ അവസാന വിക്കറ്റായ കേശവ് മഹാരാജിനെയും വീഴ്ത്തിയാണ് ഇത് പൂർത്തിയാക്കിയത്.