ന്യൂഡല്‍ഹി: ലോകക്രിക്കറ്റിനെ ഭരിക്കാന്‍ വീണ്ടുമൊരു ഇന്ത്യക്കാരന്‍ എത്തുന്നു.ലോക ക്രിക്കറ്റിനെ നിയന്ത്രിക്കാന്‍ പാകത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സാമ്പത്തികമായി വളര്‍ന്നുവെന്നും ഇന്ത്യയാണ് ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത് എന്നതുള്‍പ്പടെ സമീപകാലത്ത് ക്രിക്കറ്റ് ലോകത്ത് തന്നെ വലിയ ചര്‍ച്ചയായിരുന്നു.ഇതിനിടെയാണ് ഔദ്യോഗികമായി തന്നെ ഒരു ഇന്ത്യക്കാരന്‍ ഐസിസിയുടെ തലപ്പത്തേക്ക് എത്തുന്നത്.ഐസിസിയുടെ ചെയര്‍മാന്‍ ആകുന്ന മുന്നാമത് ഇന്ത്യക്കാരനാണ് ജയ്ഷ.രണ്ട് പേര്‍ ചെയര്‍മാന്‍ സ്ഥാനത്തും രണ്ടുപേര്‍ പ്രസിഡന്റ് സ്ഥാനത്തും ജയ്ഷായ്ക്ക് മുന്‍ഗാമികള്‍ ഉണ്ട്.

നേരത്തെ ഇന്ത്യയില്‍ നിന്ന് രണ്ട് പേരാണ് ഐസിസി ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചിട്ടുള്ളത്.2014 മുതല്‍ 2015 വരെയുള്ള കാലയളവില്‍ എന്‍ ശ്രീനിവാസനും 2015 മുതല്‍ 2020 വരെ ശശാങ്ക് മനോഹറുമാണ് ചെയര്‍മാന്‍ സ്ഥാനനത്ത് നേരത്തെയുണ്ടായിരുന്ന ഇന്ത്യക്കാര്‍.ഐസിസി പ്രസിഡന്റ് സ്ഥാനത്തും രണ്ട് ഇന്ത്യക്കാരുണ്ടായിരുന്നു.1997 മുതല്‍ 2000 വരെ മൂന്ന് വര്‍ഷക്കാലം ജഗ്മോഹന്‍ ഡാല്‍മിയയും, 2010- 2012 കാലഘട്ടത്തില്‍ ശരദ് പവാര്‍ എന്നിവര്‍ പ്രസിഡന്റുമാരായി.

ശരത് പവാര്‍ കൃത്യമായ രാഷ്ട്രീയ പിന്‍ബലത്തില്‍ എത്തിയപ്പോള്‍ രാഷ്ട്രീയത്തില്‍ നേരിട്ട് സജീവമല്ലാത്ത ജയ്ഷ രാഷ്ട്രീയത്തിന്റെ തണലിലാണ് ഐസിസിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തുന്നത്.കുറച്ച് ക്രിക്കറ്റും കുറച്ച് രാഷ്ട്രീയവും ചേര്‍ന്ന ഒരു പിന്‍ബലമാണ് ജയ്ഷായുടെത്.കാര്യമായ ക്രിക്കറ്റ് പശ്ചാത്തലമൊന്നുമില്ലാതെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെയും ബിസിസിഐയുടെയും തലപ്പത്തെത്തി അവിടെനിന്നും ഐസിസി വരെയെത്തിയ ജയ് ഷായുടെ ചുരുങ്ങിയ കാലത്തെ വലിയ വളര്‍ച്ച ആരിലും അത്ഭുതം ഉളവാക്കുന്നതാണ്.ഒപ്പം സര്‍വ്വമേഖലയിലുമുള്ള ശക്തമായ രാഷ്്ട്രീയ ഇടപെടലുകളുടെ ഉദാഹരണം കൂടിയാകുന്നുണ്ട് ജയ്ഷായുടെ കരിയര്‍.

ക്രിക്കറ്റിന്റെ പിന്‍ബലത്തിനപ്പുറം ഈവന്റുകളും ചാമ്പ്യന്‍ഷിപ്പുകളും നടത്തുവാനുള്ള സംഘാടന മികവാണ് ജയ്ഷായ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്.ഐപിഎല്ലിന്റെ വിജയകരമായ സീസണുകളിലൂടെ തന്റെ സംഘാടന മികവ് അദ്ദേഹം തെളിയിച്ചതുമാണ്.2009ല്‍, വെറും 21 വയസ്സുള്ളപ്പോഴാണ് അമിത് ഷായുടെ മകന്‍ ജയ് ഷാ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ എക്സികുട്ടീവ് ബോര്‍ഡ് മെമ്പര്‍ ആയി തെരഞ്ഞെടുക്കപ്പെടുന്നത്.അന്ന് നരേന്ദ്ര മോദിയാണ് അസോസിയേഷന്‍ പ്രസിഡന്റ്.പിതാവ് അമിത്ഷാ അന്ന് മോദിയുടെ വിശ്വസ്തനും.അവിടെനിന്ന് വെറും നാല് വര്‍ഷത്തിനുള്ളില്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി ജയ് ഷാ.അപ്പോഴേയ്ക്കും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് പദവിയിലേയ്ക്ക് പിതാവ് അമിത് ഷാ എത്തിയിരുന്നു.2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയും അമിത് ഷാ ബിജെപി പ്രസിഡന്റുമായതോടെ ഇരുവരുടെ തട്ടകം ഡല്‍ഹിയിലേയ്ക്ക് മാറി.

എങ്കിലും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനെ വിടാന്‍ അമിത് ഷ ഒരുക്കമായിരുന്നില്ല.കേന്ദ്ര മന്ത്രിസഭയില്‍ ഇടംപിടിച്ചതോടെയാണ് അമിത് ഷാ ആ പദവി ഒഴിഞ്ഞത്.പക്ഷെ അപ്പോഴേയ്ക്കും അച്ഛനെയും പിന്നിലാക്കി ക്രിക്കറ്റ് സംഘാടകനെന്ന നിലയില്‍ ബിസിസിഐയുടെ തലപ്പത്ത് ജയ് ഷാ രംഗപ്രവേശനം ചെയ്തിരുന്നു.ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആയിരിക്കെത്തന്നെ ബിസിസിഐയുടെ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് കമ്മിറ്റികളിലും ജയ് ഷാ അംഗമായിരുന്നു.ഇക്കാലയളവില്‍ അഹമ്മദാബാദില്‍ നരേന്ദ്രമോദി സ്റ്റേഡിയം പണിയാന്‍ മുന്‍കൈയെടുത്തതും ജയ് ഷായ്ക്ക് ക്രിക്കറ്റ് ലോകത്ത് വലിയ പിന്തുണയുണ്ടാക്കി.

1,32,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ 'നമസ്തേ ട്രംപ്' പരുപാടിയടക്കം നടന്നത് സവിശേഷമായ ശ്രദ്ധ നേടിയിരുന്നു.പിന്നാലെയാണ് 2019ല്‍ ബിസിസിഐ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ജയ് ഷാ നിയമിക്കപ്പെടുന്നത്.പിന്നീട് ജയ്ഷായുടെ സംഘാടന മികവ് കൂടുതല്‍ പ്രകടമായത് ഐപിഎല്ലിലാണ്.ഐപിഎല്‍ സംഘടിപ്പിക്കപ്പെടുന്ന രണ്ട് മാസം ഉത്സവപ്രതീതിയാണ് രാജ്യത്ത് സൃഷ്ടിക്കപ്പെടുന്നത്.കൊവിഡ് ലോകമാകെ ആഞ്ഞടിച്ച 2020ല്‍ കര്‍ശനമായ ബയോ ബബിളില്‍ യുഎഇയില്‍ ഐപിഎല്‍ നടത്തി ജയ് ഷാ എല്ലവരുടെയും കൈയ്യടി നേടി.ലോക്ഡൗണിന്റെ മാനസീക സംഘര്‍ഷത്തില്‍ കടന്നുവന്ന ഐപിഎല്‍ പലര്‍ക്കും ആശ്വാസമായി എന്നുവരെ അക്കാലത്ത് ചര്‍ച്ചകള്‍ ഉണ്ടായി.

2022ല്‍ ഐപിഎല്ലിന്റെ മീഡിയ റൈറ്റ്സ് റെക്കോര്‍ഡ് തുകയായ 48,390 കോടിക്ക് വിറ്റുപോയതും ജയ് ഷായുടെ തൊപ്പിയിലെ പൊന്‍തൂവലായി.ഈ ഡീല്‍ ഐപിഎല്ലിനെ ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ കായിക ഇവന്റാക്കി മാറ്റി.ഇവയ്ക്ക് പുറമെ മാച്ച് ഫീസ് വര്‍ദ്ധനവ്, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ മാച്ച് ഫീസ് എന്നിവയും ജയ് ഷായുടെ കാലഘട്ടത്തില്‍ ഉണ്ടായ തീരുമാനങ്ങളാണ്.ഇതും കൂടിയാണ് ജയ് ഷായുടെ എതിരില്ലാത്ത തിരഞ്ഞെടുപ്പിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഇന്ത്യന്‍ ക്രിക്കറ്റിലെ നെടുംതൂണായ വിരാട് കോഹ്ലിയും ജയ് ഷായും സമപ്രായക്കാരാണ് എന്നത് മറ്റൊരു കൗതുകമാണ്.

17 അംഗ വോട്ടിംഗ് കൗണ്‍സിലാണ് ഐസിസിയുടേത്. അതില്‍ 12 വോട്ടുകള്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികളുടേതാണ്.മറ്റ് 5 വോട്ടുകള്‍ ഭരണനിര്‍വഹണ തലത്തിലുളള ഉദ്യോഗസ്ഥരുടേതും.ജയ് ഷായുടെ മുന്‍പില്‍ എതിരാളികള്‍ ആരും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല,ഒരാള്‍ പോലും എതിര്‍ത്ത് വോട്ട് ചെയ്തതുമില്ല.നേരത്തെ തന്നെ ജയ് ഷായ്ക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും പിന്തുണ പ്രഖ്യാപിച്ചിരുന്നു.കഴിഞ്ഞ ജനുവരിയില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും ജയ് ഷായെ ഐ സി സിയുടെ അടുത്ത ചെയര്‍മാനായി നാമനിര്‍ദേശം ചെയ്യാന്‍ തീരുമാനിച്ചിരുന്നു.

ചെയര്‍മാനായ ഗ്രഗ് ബാര്‍ക്ലേയുടെ പകരക്കാരനായിട്ടാണ് ജയ് ഷായെത്തുക.രണ്ട് വട്ടം ഐ.സി.സി ചെയര്‍മാനായ ബാര്‍ക്ലേ ഇനി ചെയര്‍മാന്‍ സ്ഥാനത്തേക്കില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.അദ്ദേഹത്തിന്റെ കാലാവധി നവംബറില്‍ അവസാനിക്കും.2020-ല്‍ ഐ.സി.സിയുടെ തലപ്പത്തെത്തിയ ബാര്‍ക്ലേ 2022-ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.നിലവില്‍ ബി.സി.സി.ഐ സെക്രട്ടറിയായ ജയ്ഷായ്ക്ക് ഒരു വര്‍ഷം കൂടി കാലാവധിയുണ്ട്.ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ഐ.സി.സി ചെയര്‍മാനായി ജയ്ഷാ മാറി.2024ഡിസംബര്‍ ഒന്ന് മുതലാണ് ജയ് ഷാ ചെയര്‍മാനായി ചുമതലയേല്‍ക്കുക.ആഗോളതലത്തില്‍ ക്രിക്കറ്റിന്റെ ജനപ്രിയത ഉയര്‍ത്താന്‍ ശ്രമിക്കുമെന്നും 2028-ലെ ലോസ് ആഞ്ജലീസ് ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തിയത് ക്രിക്കറ്റിന്റെ വളര്‍ച്ചയിലെ സുപ്രധാന ഘട്ടമാണെന്നും ജയ് ഷാ പ്രതികരിച്ചു.