കൊയമ്പത്തൂര്‍: രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ തമിഴ്‌നാടിനെതിരെ ജാര്‍ഖണ്ഡ് ശക്തമായ നിലയിൽ. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ജാർഖണ്ഡിന് മികച്ച സ്‌കോർ സമ്മാനിച്ചത്. 183 പന്തില്‍ 14 ഫോറുകളും രണ്ട് സിക്സറുകളും അടക്കം 125 റണ്‍സെടുത്ത ഇഷാന്‍ ക്രീസില്‍ തുടരുകയാണ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ജാര്‍ഖണ്ഡ്, ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സെന്ന ശക്തമായ നിലയിലാണ്. ഇഷാന്‍ കിഷനൊപ്പം 64 റണ്‍സെടുത്ത സഹില്‍ രാജ് പുറത്താകാതെ ബാറ്റ് ചെയ്യുന്നു.

കൊയമ്പത്തൂരില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ ദിനം ജാര്‍ഖണ്ഡിന് തുടക്കം അത്ര മികച്ചമായിരുന്നില്ല. 24 റണ്‍സെടുക്കുന്നതിനിടെ ശിഖര്‍ മോഹന്‍ (10), കുമാര്‍ സുരജ് (3) എന്നീ രണ്ട് വിക്കറ്റുകള്‍ ജാര്‍ഖണ്ഡിന് നഷ്ടമായി. ഇവരെ ഇരുവരെയും തമിഴ്‌നാടിന് വേണ്ടി ബൗള്‍ ചെയ്ത ഗുര്‍ജപ്‌നീത് സിംഗാണ് പുറത്താക്കിയത്. തുടര്‍ന്ന് ശരണ്‍ദീപ് സിംഗ് (48) - വിരാട് സിംഗ് (28) എന്നിവര്‍ ചേര്‍ന്നുള്ള കൂട്ടുകെട്ട് 55 റണ്‍സ് ചേര്‍ത്ത് ടീമിനെ മുന്നോട്ട് നയിച്ചു. എന്നാല്‍ വിരാടിനെ പുറത്താക്കി ഗുര്‍ജപ്‌നീത് വീണ്ടും തമിഴ്‌നാടിന് പ്രതീക്ഷ നല്‍കി.

ഇതിന് പിന്നാലെയാണ് ഇഷാന്‍ കിഷന്‍ ക്രീസിലെത്തിയത്. എന്നാല്‍ ഒരറ്റത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. ശരണ്‍ദീപ് സിംഗ്, കുമാര്‍ കുശാഗ്ര (11), അനുകൂല്‍ റോയ് (12) എന്നിവരെല്ലാം ഇഷാന്‍ ക്രീസിലുണ്ടായിരിക്കെ തന്നെ പുറത്തായി. ഇതോടെ ജാര്‍ഖണ്ഡിന്റെ സ്‌കോര്‍ 157-6 എന്ന നിലയിലേക്ക് വീണു. ഈ ഘട്ടത്തിലാണ് ഇഷാന്‍ കിഷനും സഹില്‍ രാജും ചേര്‍ന്ന് നടത്തിയ കൂട്ടുകെട്ട് ശ്രദ്ധേയമായത്.

ഇരുവരും ചേര്‍ന്ന് 150 റണ്‍സ് അടിച്ചുകൂട്ടി ജാര്‍ഖണ്ഡിനെ മികച്ച സ്കോറിലേക്ക് എത്തിച്ചു. തമിഴ്‌നാടിക്ക് വേണ്ടി ബൗളിംഗില്‍ ഗുര്‍ജപ്‌നീത് സിംഗ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. ചന്ദ്രശേഖറിന് രണ്ട് വിക്കറ്റുകളും മലയാളി താരം സന്ദീപ് വാര്യര്‍ക്ക് ഒരു വിക്കറ്റും ലഭിച്ചു.