ആലപ്പുഴ: ആലപ്പുഴയിലെ അർത്തുങ്കൽ ബീച്ചിൽ പ്രാദേശിക താരങ്ങളോടൊപ്പം ദക്ഷിണാഫ്രിക്കൻ ഇതിഹാസ ക്രിക്കറ്റ് താരം ജോണ്ടി റോഡ്‌സ് ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. കുടുംബത്തോടൊപ്പമുള്ള അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു മുൻ താരം.

സെപ്റ്റംബർ 27-ന് മാരാരിയിൽ എത്തിയ റോഡ്‌സ്, ഒരാഴ്ചയോളം ആലപ്പുഴയിൽ തങ്ങി. ഈ കാലയളവിൽ ഹൗസ് ബോട്ടിൽ കുടുംബത്തോടൊപ്പം താമസിച്ച് ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. കായൽ യാത്രകൾക്ക് പുറമെ, ആലപ്പുഴ ലൈറ്റ് ഹൗസ്, കൃഷ്ണപുരം കൊട്ടാരം, അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവയും അദ്ദേഹം കുടുംബത്തോടൊപ്പം സന്ദർശിച്ചു.

ഒരു യാത്രയ്ക്കിടെ അർത്തുങ്കൽ ബീച്ചിൽ പ്രാദേശിക താരങ്ങൾ ക്രിക്കറ്റ് കളിക്കുന്നത് കണ്ട ജോണ്ടി റോഡ്‌സ്, അവരോടൊപ്പം ചേർന്ന് കളിക്കുകയായിരുന്നു. ഫീൽഡിങ്ങിലൂടെ ക്രിക്കറ്റ് ലോകത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരം, മണലിൽ സിക്സറുകളും ഫോറുകളും പറത്തിയതിൻ്റെ ദൃശ്യങ്ങൾ ആരാധകർക്ക് കൗതുകമായി.

100 ഏകദിന ക്യാച്ചുകൾ പൂർത്തിയാക്കിയ ആദ്യ ദക്ഷിണാഫ്രിക്കൻ താരമെന്ന റെക്കോർഡും ജോണ്ടി റോഡ്‌സിനുണ്ട്. പിന്നീട് അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങി. പ്രമുഖ വിദേശ താരം കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുകയും പ്രാദേശിക താരങ്ങളോടൊപ്പം കായിക വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്തത് ശ്രദ്ധേയമായി.