- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനെതിരായ ട്വന്റി 20 പരമ്പര കേരളത്തിന്; അവസാന മത്സരത്തിൽ 43 റൺസിന്റെ ജയം; അഖില്‍ സ്കറിയയക്ക് നാല് വിക്കറ്റ്
മസ്‌കറ്റ്: ഒമാന്‍ ചെയര്‍മാന്‍ ഇലവനെതിരായ ട്വന്റി 20 പരമ്പര കേരളത്തിന്. മൂന്നാം ടി20 മത്സരത്തിൽ 43 റൺസിന് വിജയത്തോടെയാണ് കേരളം പരമ്പര സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഒമാൻ ടീമിന് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടാനേ സാധിച്ചുള്ളൂ. കേരളത്തിന് വേണ്ടി അഖില്‍ സ്‌കറിയ നാല് ഓവറുകളില്‍ 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ജെറിന്‍ പി എസ് നാല് ഓവറുകളില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും സ്വന്തമാക്കി.
ഓപ്പണർ വിഷ്ണു വിനോദിന്റെ തകർപ്പൻ സെഞ്ചുറിയാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. 57 പന്തുകളിൽ നിന്ന് 101 റൺസെടുത്ത വിഷ്ണു 4 ഫോറുകളും 8 സിക്സറുകളും നേടി. ആദ്യ ഓവറുകളിൽ കരുതലോടെ കളിച്ച താരം പിന്നീട് സ്‌കോർ ഉയർത്തുകയായിരുന്നു. 29 പന്തുകളിൽ നിന്നാണ് വിഷ്ണു അർധസെഞ്ചുറി പൂർത്തിയാക്കിയത്. അൻഫൽ 13 പന്തുകളിൽ നിന്ന് 32 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന് അവസാന ഓവറുകളിൽ നേടിയ 38 റൺസ് കേരളത്തിന്റെ സ്കോർ 190-ൽ എത്തിച്ചു. ഒമാൻ ചെയർമാൻ ഇലവനു വേണ്ടി ഷക്കീൽ അഹ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി.
191 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഒമാൻ ഇലവന് ഓപ്പണർമാരായ ജതീന്ദർ സിങ് (27), ആമിർ കലീം (25) എന്നിവർ ഭേദപ്പെട്ട തുടക്കം നൽകി. എന്നാൽ പിന്നീട് വന്നവർക്ക് കാര്യമായ സംഭാവന നൽകാനായില്ല. ഹമ്മദ് മിർസ (21), വിനായക് ശുക്ല (17) എന്നിവരാണ് മറ്റുള്ളവരിൽ അല്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഒമാനിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ കേരളം പരാജയപ്പെട്ടിരുന്നു. എന്നാൽ തുടർച്ചയായ രണ്ട് വിജയങ്ങളിലൂടെ കേരളം പരമ്പര സ്വന്തമാക്കുകയായിരുന്നു.