തിരുവനന്തപുരം: കേരളാ ക്രിക്കറ്റിന് പുതിയ മുഖച്ഛായ നല്‍കിയ കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) രണ്ടാം എഡിഷന്‍ ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിക്കുന്നു. 17 ദിവസം നീളുന്ന ചാമ്പ്യന്‍ഷിപ്പില്‍ 106 താരങ്ങള്‍ ആറ് ടീമുകളിലായി അണിനിരക്കും. സെപ്റ്റംബര്‍ ഏഴിനാണ് ഫൈനല്‍. ദിവസേന രണ്ട് മത്സരങ്ങളുണ്ടാകും. ഒന്ന് ഫ്ളഡ്‌ലൈറ്റിലായിരിക്കും. കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ്.

ആഭ്യന്തര താരങ്ങള്‍ക്ക് മികച്ച അവസരവും പ്രതിഫലവും നല്‍കുന്ന ലീഗിനായി ഫ്രാഞ്ചൈസികള്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. താരലേലത്തിലൂടെയാണ് കെസിഎയില്‍ രജിസ്റ്റര്‍ ചെയ്ത താരങ്ങളെ ടീമുകള്‍ സ്വന്തമാക്കിയത്. ചാമ്പ്യന്‍മാര്‍ക്ക് 30 ലക്ഷം രൂപയും റോളിങ് ട്രോഫിയും ലഭിക്കും. റണ്ണറപ്പിന് 20 ലക്ഷം. വ്യക്തിഗത പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ 60 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക. മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസഡറാണ്.

അദാനി ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയിലേഴ്സ്, ആലപ്പി റിപ്പിള്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഫിന്നസ് തൃശ്ശൂര്‍ ടൈറ്റന്‍സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് എന്നിവയാണ് പങ്കെടുക്കുന്ന ടീമുകള്‍. ലീഗ് ഘട്ടത്തില്‍ ടീമുകള്‍ രണ്ടുതവണ വീതം ഏറ്റുമുട്ടും. നാല് ടീമുകള്‍ സെമിഫൈനലിലേക്ക്. സെപ്റ്റംബര്‍ 5ന് സെമികളും 7ന് ഫൈനലും നടക്കും. മത്സരങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്സ്-3, ഏഷ്യാനെറ്റ് പ്ലസ്, ഫാന്‍കോഡ് ഒടിടി പ്ലാറ്റ്ഫോം എന്നിവയില്‍ ലൈവായി കാണാം. ഇത്തവണ ഡിആര്‍എസ് സംവിധാനവും ഉണ്ടായിരിക്കും.

ഗ്രിന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അഞ്ച് പിച്ചുകളാണ് ഒരുക്കിയിരിക്കുന്നത്. നാല് എണ്ണം മാണ്ഡ്യ ക്ലേയില്‍, ബാറ്റിംഗ് സൗഹൃദവുമാണ്. വടകര ക്ലേയില്‍ തയ്യാറാക്കിയ അഞ്ചാമത്തെ പിച്ചിന് വേഗം കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍. നിലവിലെ ചാമ്പ്യന്‍മാരായ കൊല്ലം സെയിലേഴ്സും റണ്ണറപ്പുകളായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും തമ്മില്‍ ഉച്ചയ്ക്ക് 2.30-നാണ് ആദ്യ മത്സരം. തുടര്‍ന്ന് വൈകീട്ട് 6.30-ന് മോഹന്‍ലാല്‍ ലീഗ് ഉദ്ഘാടനം ചെയ്യും. 50 കലാകാരന്മാര്‍ പങ്കെടുക്കുന്ന കലാപരിപാടികളും അരങ്ങേറും. തുടര്‍ന്ന് ട്രിവാന്‍ഡ്രം റോയല്‍സും കൊച്ചിയും തമ്മിലുള്ള മത്സരത്തില്‍ സഞ്ജു സാംസണ്‍ ഇറങ്ങും.

ടീം ക്യാപ്റ്റന്‍മാര്‍

കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് രോഹന്‍ കുന്നുമ്മല്‍

തൃശ്ശൂര്‍ ടൈറ്റന്‍സ് സിജോമോന്‍ ജോസഫ്

കൊച്ചി ബ്ലൂ ടൈഗേഴ്സ് സാലി സാംസണ്‍

ആലപ്പി റിപ്പിള്‍സ് മുഹമ്മദ് അസ്ഹറുദ്ദീന്‍

ഏരീസ് കൊല്ലം സെയിലേഴ്സ് സച്ചിന്‍ ബേബി

ട്രിവാന്‍ഡ്രം റോയല്‍സ് കൃഷ്ണപ്രസാദ്

കെസിഎല്‍ 2024 നേട്ടങ്ങള്‍

മത്സരം 33

ആകെ റണ്‍സ് 9625

വിക്കറ്റുകള്‍ 414

ബൗണ്ടറി 695

സിക്സ് 483

അര്‍ധസെഞ്ചുറി 42

സെഞ്ചുറി 6

ഏറ്റവും കൂടുതല്‍ വിക്കറ്റ് അഖില്‍ സ്‌കറിയ (25)

ഏറ്റവും കൂടുതല്‍ റണ്‍സ് സച്ചിന്‍ ബേബി (528)