സൂറത്ത്: 23 വയസ്സിൽ താഴെയുള്ളവരുടെ സി കെ നായിഡു ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരള ഗുജറാത്ത് മത്സരം സമനിലയിൽ. ആദ്യ ഇന്നിങ്‌സിൽ കേരളം 270 റൺസിന് പുറത്തായപ്പോൾ, ഗുജറാത്ത് 286 റൺസ് നേടി 16 റൺസിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് രണ്ട് വിക്കറ്റിന് 94 റണ്‍സെടുത്ത് നില്‌ക്കെയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്. രണ്ടാം ഇന്നിങ്‌സിൽ മികച്ച പ്രകടനം കാഴ്ചവെച്ച കേരളം, 5 വിക്കറ്റ് നഷ്ടത്തിൽ 287 റൺസ് നേടിയ ശേഷം ഡിക്ലയർ ചെയ്യുകയായിരുന്നു.

രണ്ടാം ഇന്നിങ്‌സിൽ എ കെ ആകർഷ് (116 നോട്ടൗട്ട്) നേടിയ സെഞ്ച്വറിയും കാമിൽ അബൂബക്കർ (49), പവൻ ശ്രീധർ (45), ക്യാപ്റ്റൻ അഭിജിത് പ്രവീൺ (24) എന്നിവരുടെ മികച്ച പ്രകടനവുമാണ് മികച്ച സ്കോർ നേടാൻ സഹായിച്ചത്. ഗുജറാത്തിനായി കുശൻ ശ്യാം പട്ടേൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

288 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഗുജറാത്തിന്, ബൗളർമാർ തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി സമ്മർദ്ദം ചെലുത്തിയെങ്കിലും, രുദ്ര പട്ടേൽ (52 നോട്ടൗട്ട്), കൃഷ് അമിത് ഗുപ്ത (33 നോട്ടൗട്ട്) എന്നിവരുടെ പ്രതിരോധത്തിൽ ഉറച്ച ബാറ്റിങ് മത്സരം സമനിലയിൽ എത്തിക്കുകയായിരുന്നു. ഭിജിത് പ്രവീണായിരുന്നു രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.