പനജി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗോവയ്‌ക്കെതിരായ മത്സരത്തിൽ കേരളം ശക്തമായ നിലയിൽ. രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ ഒന്നാമിന്നിങ്‌സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 237 റൺസാണ് കേരളം നേടിയിരിക്കുന്നത്. സെഞ്ചുറി നേടിയ ഓപ്പണർ രോഹൻ കുന്നുമ്മലിന്റെ മികച്ച പ്രകടനമാണ് കേരളത്തിന് കരുത്തായത്. ഗോവയുടെ ഒന്നാമിന്നിങ്‌സ് സ്കോറായ 355 റൺസ് പിന്തുടരുന്ന കേരളം നിലവിൽ 118 റൺസ് പിന്നിലാണ്.

132 റൺസുമായി രോഹൻ കുന്നുമ്മലും 25 റൺസുമായി സൽമാൻ നിസാറും ക്രീസിലുണ്ട്. ഗോവൻ ബൗളർമാരെ ശ്രദ്ധയോടെ നേരിട്ട രോഹൻ കുന്നുമ്മലും അഭിഷേക് ജെ. നായരും ചേർന്ന് കേരളത്തിന് മികച്ച തുടക്കം നൽകി. ടീം സ്കോർ 97-ൽ നിൽക്കെ 32 റൺസെടുത്ത അഭിഷേക് ജെ. നായരെയാണ് കേരളത്തിന് ആദ്യം നഷ്ടമായത്. രണ്ടാം വിക്കറ്റിൽ സച്ചിൻ ബേബിയുമായി ചേർന്ന് രോഹൻ സ്കോർ ഉയർത്തി. സച്ചിൻ ബേബി 37 റൺസെടുത്ത് പുറത്തായി.

നേരത്തെ, എട്ട് വിക്കറ്റ് നഷ്ടത്തിൽ 279 റൺസ് എന്ന നിലയിൽ രണ്ടാം ദിനം കളിയാരംഭിച്ച ഗോവ 355 റൺസെടുത്ത് പുറത്തായി. സമാർ ദുബാഷി 55 റൺസുമായി പുറത്താകാതെ നിന്നു. അമൂല്യ പൺട്രേക്കർ 10 റൺസും കൗഷിക് 21 റൺസും നേടി. കേരളത്തിനായി അങ്കിത് ശർമ ആറ് വിക്കറ്റ് വീഴ്ത്തി മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു.