തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗഢിനെതിരെ കേരളത്തിന് ദയനീയ തോൽവി. ഒരു ഇന്നിങ്സിനും 92 റൺസിനുമാണ് ആതിഥേയരായ കേരളം പരാജയപ്പെട്ടത്. ഒന്നാം ഇന്നിങ്സിൽ 139 റൺസിന് പുറത്തായിരുന്നു. 416 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച കേരളത്തിന് 185 റൺസ് മാത്രമാണ് നേടാനായത്. നാല് വിക്കറ്റ് വീഴ്ത്തിയ രോഹിത് ദന്ദയാണ് കേരളത്തിന്റെ ബാറ്റിംഗ് നിരയെ തകർത്തത്. ഒന്നാം ഇന്നിങ്സിൽ ഓപ്പണർ അർജുൻ ആസാദിന്റെ (102), നായകൻ മനൻ വോറയുടെ (133) എന്നിവരുടെ സെഞ്ച്വറികളാണ് ചണ്ഡിഗഢിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

ഇരുവരുടെയും മികച്ച പ്രകടനത്തിന്റെ ബലത്തിൽ 416 റൺസ് നേടിയ ചണ്ഡിഗഢ്, കേരളത്തിനെതിരെ 277 റൺസിന്റെ നിർണായക ലീഡ് ഉറപ്പാക്കി. കേരളത്തിനായി ഏദൻ ആപ്പിൾ ടോം നാല് വിക്കറ്റുകൾ വീഴ്ത്തി. 277 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ശേഷം രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ കേരളം 185 റൺസിന് കൂടാരം കയറി. വിഷ്ണു വിനോദ് (43 പന്തിൽ 56), സൽമാൻ നിസാർ (85 പന്തിൽ 53) എന്നിവരുടെ അർദ്ധസെഞ്ച്വറികൾ മാത്രമാണ് കേരള നിരയിൽ ചെറുത്തുനിൽപ്പ് നടത്തിയത്.

ചണ്ഡിഗഢിനായി രോഹിത് ദന്ദ 13 ഓവറിൽ 38 റൺസ് വഴങ്ങി നാല് വിക്കറ്റും വിഷ്ണു കശ്യപ് 12 ഓവറിൽ 41 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും വീഴ്ത്തി കേരള ബാറ്റിങ്ങിനെ തകർത്തു. സചിൻ ബേബി (35 പന്തിൽ 6), ബാബാ അപരാജിത് (20 പന്തിൽ 17), മുഹമ്മദ് അസ്ഹറുദ്ദീൻ (പൂജ്യം), അങ്കിത് ശർമ (പൂജ്യം), ശ്രീഹരി എസ്. നായർ (33 പന്തിൽ 2), എം.ഡി. നിധീഷ് (13 പന്തിൽ 12) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല. ഏദൻ ആപ്പിൾ ടോം 38 പന്തിൽ 14 റൺസെടുത്ത് പുറത്താകാതെ നിന്നു.

ഓപ്പണർമാരായ അഭിഷേക് ജെ. നായർ (4 പന്തിൽ 4), രോഹൻ കുന്നുമ്മൽ (13 പന്തിൽ 11) എന്നിവരെ കേരളത്തിന് രണ്ടാം ദിനം തന്നെ നഷ്ടമായിരുന്നു. ചണ്ഡിഗഢിനായി കാർതിക് സന്ദിൽ, ജഗ്ജീത് സിങ്, അർജുൻ ആസാദ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. രണ്ടാം ദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ 142 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ചണ്ഡിഗഢിന്, സെഞ്ച്വറി പൂർത്തിയാക്കിയതിനു പിന്നാലെ ആസാദിനെ നഷ്ടമായി. ഏദൻ ആപ്പിൾ ടോമിന്റെ പന്തിൽ കുറ്റി തെറിക്കുകയായിരുന്നു.

മൂന്നാം വിക്കറ്റിൽ ശിവം ഭാംബ്രിയെ (65 പന്തിൽ 41) കൂട്ടുപിടിച്ച് വോറ ടീം സ്കോർ 250 കടത്തി. പിന്നീട് വിഷ്ണു വിനോദിന്റെ ഇരട്ടപ്രഹരത്തിൽ വോറയും ഭാംബ്രിയും കൂടാരം കയറി. മധ്യനിരയിൽ അർജിത് പന്നു (98 പന്തിൽ 52), വിഷ്ണു കശ്യപ് (63 പന്തിൽ 31) എന്നിവരുടെ ബാറ്റിങ്ങാണ് ടീമിന് കരുത്തായത്