തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ മഹാരാഷ്ട്ര ശക്തമായ നിലയിൽ. ഒന്നാം ഇന്നിംഗ്‌സിൽ മഹാരാഷ്ട്ര ഉയർത്തിയ 239 റൺസെന്ന ഒന്നാം ഇന്നിംഗ്‌സ് സ്കോറിനെതിരെ കേരളം 219 റൺസിന് ഓൾ ഔട്ടായി. 20 റൺസിൻ്റെ ലീഡോടെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച മഹാരാഷ്ട്ര മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 51 റൺസെടുത്തിട്ടുണ്ട്. മത്സരത്തിൽ ആകെ 71 റൺസിൻ്റെ ലീഡാണ് മഹാരാഷ്ട്ര നേടിയിരിക്കുന്നത്. പൃഥ്വി ഷാ (37), അര്‍ഷിന്‍ കുല്‍ക്കര്‍ണി (14) എന്നിവരാണ് ക്രീസില്‍.

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ, കേരളത്തിനായി ഒന്നാം ഇന്നിങ്സിൽ സഞ്ജു സാംസൺ 54 റൺസെടുത്തു. സൽമാൻ നിസാർ 49 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ടീമിന് ലീഡ് നേടിക്കൊടുക്കാൻ കഴിഞ്ഞില്ല. മഹാരാഷ്ട്രയ്ക്കായി മുൻ കേരള താരം ജലജ് സക്‌സേന മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മുകേഷ് ചൗധരി, വിക്കി ഓസ്ത്വാൾ, രജനീഷ് ഗുർബാനി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി. മഴയുടെ ഭീഷണിയുള്ള സാഹചര്യത്തിൽ, മത്സരം സമനിലയിലായാലോ ഉപേക്ഷിച്ചാലോ പോലും ഒന്നാം ഇന്നിംഗ്‌സ് ലീഡിൻ്റെ ബലത്തിൽ മഹാരാഷ്ട്രയ്ക്ക് കൂടുതൽ പോയിന്റുകൾ ലഭിക്കും. ഇത് കേരളത്തിന് തിരിച്ചടിയാകും.

കേരളം ഇന്ന് ബാറ്റിംഗ് ആരംഭിച്ചപ്പോൾ മൂന്നിന് 35 എന്ന നിലയിലായിരുന്നു. തുടർന്ന് സഞ്ജു സാംസണും സച്ചിൻ ബേബിയും ചേർന്ന് 40 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, സച്ചിൻ ബേബിയെ ഏഴ് റൺസെടുത്ത നിലയിൽ രാമകൃഷ്ണ ഘോഷ് പുറത്താക്കിയത് കേരളത്തിന് തിരിച്ചടിയായി. വിക്കറ്റ് കീപ്പർ സൗരഭ് നവാലെയ്ക്ക് ക്യാച്ച് നൽകിയാണ് സച്ചിൻ ബേബി മടങ്ങിയത്. ഇതിനിടെ, സഞ്ജു ആക്രമിച്ചു കളിക്കുകയും അർധ സെഞ്ചുറി പൂർത്തിയാക്കുകയും ചെയ്തു.

എന്നാൽ, 63 പന്തുകളിൽ നിന്ന് ഒരു സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 54 റൺസെടുത്ത സഞ്ജുവിനെ വിക്കി ഓസ്ത്വാൾ പുറത്താക്കി. തുടർന്ന് മുഹമ്മദ് അസറുദ്ദീനും (36) പുറത്തായി. അങ്കിത് ശർമ്മ (17), ഏദൻ ആപ്പിൾ ടോം (3), നിധീഷ് എം ഡി (4) എന്നിവരും വേഗത്തിൽ പുറത്തായതോടെ സൽമാനും കൂടുതൽ നേരം ക്രീസിൽ തുടരാൻ സാധിച്ചില്ല. അവസാന വിക്കറ്റിൽ ലീഡ് നേടാനുള്ള ശ്രമങ്ങൾക്കിടയിൽ മുകേഷിൻ്റെ പന്തിൽ സൽമാൻ പുറത്തായി. ബേസിൽ എൻ പി പുറത്താവാതെ നിന്നു.