- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1951-52 സീസണില്‍ ട്രാവന്‍കൂര്‍-കൊച്ചി ടീം; 1956ന് ശേഷം കേരളം; 2018-19ല്‍ ഗുജറാത്തിനെ തര്‍ത്ത് ആദ്യമായി സെമിയില്‍ എത്തിയ മലയാളിപ്പട; 2025ല്‍ അതേ എതിരാളികളെ തോല്‍പ്പിച്ച് ഫൈനലില്‍ എത്തുമോ സച്ചിന്‍ ബേബിയുടെ ടീം? സല്‍മാന്‍ നസീര്‍ പറയുന്നത് ക്വാര്‍ട്ടറിലെ ആ ഒരു റണ്‍ നേട്ടത്തിന് പിന്നലെ രഹസ്യം; കേരളത്തിന്റെ മഹാ പ്രതിരോധം കണ്ട് അമ്പരന്ന് ദേശീയ ക്രിക്കറ്റ്; വന്‍ മതിലുകള്‍ ജയമൊരുക്കുമ്പോള്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് എക്കാലവും ഓര്‍ത്തുവയ്ക്കുന്ന മത്സരമായിരുന്നു ജമ്മു കശ്മീരിനെതിരെ. അവസാനദിനം 540 പന്തുകള്‍ പ്രതിരോധിച്ചാണ് സെമിയിലേക്ക് മുന്നേറിയത്. പുണെയില്‍ അഞ്ചാംദിനം കളത്തിലെത്തുമ്പോള്‍ 36 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്ണായിരുന്നു കേരളത്തിന്. ജയിക്കാന്‍ 299 റണ്‍ വേണം. ആദ്യ ഇന്നിംഗ്‌സില്‍ ഒരു റണ്‍ ലീഡുള്ളതിനാല്‍ സമനില പോലും കേരളത്തെ മുമ്പോട്ട് നയിക്കും. സമനിലയ്ക്കാകട്ടെ വിക്കറ്റുകള്‍ നഷ്ടമാകരുത്. ഏത് ടീമും തളര്‍ന്നുപോകുന്ന പ്രതിസന്ധി. മഹാപ്രതിരോധം തീര്‍ത്ത് കളി പിടിച്ചു. രണ്ടാം ഇന്നിങ്‌സില്‍ 126 ഓവര്‍ കേരളം ബാറ്റ് ചെയ്തു. നേരിട്ടത് 756 പന്തുകള്‍. നഷ്ടമായത് ആറു വിക്കറ്റും. ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമാകാതെ 22 ഓവറില്‍ 26 റണ്‍ നേടി. ഇത് മാനസിക മുന്‍തൂക്കം നല്‍കി. ഏഴാംവിക്കറ്റില്‍ സല്‍മാന്‍ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും അതിജീവിച്ചത് 256 പന്തുകള്‍. ടെസ്റ്റ് ക്രിക്കറ്റില്‍ പ്രതിരോധ ബാറ്റിംഗില്‍ പാളി തോല്‍ക്കുന്ന ഇന്ത്യയുടെ അവസ്ഥയാണ് സമകാലീന ക്രിക്കറ്റിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം. ഇതിനിടെയിലേക്കാണ് കേരളത്തിന്റെ അത്ഭുത വിജയം എത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റിനെ രക്ഷിക്കാനുള്ള വന്‍മതിലുകള്‍ കേരളത്തിലുണ്ടെന്ന സന്ദേശാണ് ഇതെല്ലാം നല്‍കുന്നത്.
ആദ്യ ഇന്നിങ്‌സില്‍ കേരളം തകര്‍ന്ന് തോല്‍വി മുന്‍പില്‍ കണ്ട് നില്‍ക്കുമ്പോള്‍ 112 റണ്‍സോടെ തലശേരിക്കാരന്‍ സല്‍മാന്‍ നിസാറിന്റെ സെഞ്ചുറി ഇന്നിങ്‌സ്. വാലറ്റത്ത് നിധീഷിനേയും പിന്നാലെ ബേസിലിനേയും കൂടെ കൂട്ടി ഐതിഹാസിക കൂട്ടുകെട്ട്. സല്‍മാനൊപ്പം അഞ്ചാം ദിനം കട്ടയ്ക്ക് കൂടെ നിന്ന മുഹമ്മദ് അസ്ഹറുദ്ദീനേയും മറക്കാനാവില്ല. വിജയ രഹസ്യം സല്‍മാന്‍ തുറന്നു പറഞ്ഞു. 'ടീമിന്റെ ആവശ്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാനാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രമിച്ചത്. അവസാന ദിവസം കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കുകയായിരുന്നു ലക്ഷ്യം. സെഞ്ച്വറിയെക്കാള്‍ സന്തോഷം നല്‍കിയത് ആദ്യ ഇന്നിംഗ്‌സിലെ ഒരു റണ്‍ ലീഡ് നേടിയതാണ്. 'ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താനായതില്‍ ഏറെ സന്തോഷമുണ്ട്. ടീം മീറ്റിംഗില്‍ കോച്ചും സഹതാരങ്ങളും ആത്മവിശ്വാസം നല്‍കി. കൂടെ ഉണ്ടാവുമെന്ന് ബേസില്‍ തമ്പി ഉറപ്പ് നല്‍കിയത് നിര്‍ണായകമായി. വലിയ ആത്മവിശ്വാസമാണ് അത് നല്‍കിയത്. സെമി ഫൈനലില്‍ മികച്ച പ്രകടനം നടത്തുകയാണ് കേരളത്തിന്റെ ലക്ഷ്യം-' ജമ്മു കശ്മീരിനെതിര കേരളത്തിന്റെ വിജയശില്‍പിയായ സല്‍മാന്‍ നിസാര്‍ പറയുന്നു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്നേ ആരംഭിച്ച ഫസ്റ്റ്ക്‌ളാസ് ക്രിക്കറ്റ് ടൂര്‍ണമെന്റാണ് രഞ്ജി ട്രോഫി. 1934 നവംബര്‍ നാലിന് മദ്രാസ് ക്രിക്കറ്റ് ക്‌ളബ് ഗ്രൗണ്ടില്‍ നാട്ടുരാജ്യങ്ങളായ മദ്രാസും മൈസൂരും തമ്മിലായിരുന്നു ആദ്യ മത്സരം. ത്രിദിന മത്സരമായിരുന്നു അതെങ്കിലും ആദ്യ ദിവസം തന്നെ മദ്രാസ് ഇന്നിംഗ്‌സിനും 23 റണ്‍സിനും വിജയം നേടി. ഒരു ദിവസത്തില്‍ ഫലം കണ്ട ഏക രഞ്ജി മാച്ചും അതായിരുന്നു. രഞ്ജിയില്‍ നോര്‍ത്തേണ്‍ ഇന്ത്യയെ കീഴടക്കി ബോംബയ് ആദ്യ കിരീടം നേടി. വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും സര്‍വീസസ്, റെയില്‍വേയ്‌സ് ഉള്‍പ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളും പ്രാദേശിക ക്രിക്കറ്റ് അസോസിയേഷനുകളുമടക്കമുള്ള ടീമുകളാണ് ഇപ്പോള്‍ ടൂര്‍ണമെന്റിലുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ച ആദ്യ ഇന്ത്യക്കാരന്‍ രഞ്ജിത്ത്‌സിംഗ്ജിയുടെ ബഹുമാനാര്‍ത്ഥമാണ് ടൂര്‍ണമെന്റിന് ഈ പേര് ലഭിച്ചിരിക്കുന്നത്.
കേരള സംസ്ഥാനം രൂപീകൃതമാകുന്നതിന് മുമ്പ് 1951-52 സീസണില്‍ ട്രാവന്‍കൂര്‍-കൊച്ചി ടീം രഞ്ജിയില്‍ കളിച്ചിട്ടുണ്ട്. 1956ന് ശേഷം കേരളമായി കളി തുടങ്ങി. ഇതുവരെ കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും നോക്കൗട്ട് റൗണ്ടില്‍ മുന്നേറാന്‍ കേരളത്തിന് കേരളത്തിന് കഴിഞ്ഞു. സച്ചിന്‍ ബേബിയാണ് ഇപ്പോള്‍ കേരളത്തിന്റെ ക്യാപ്ടന്‍. ഈ സീസണില്‍ ഫെബ്രുവരി 17നാണ് രഞ്ജി ട്രോഫി സെമി ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഗുജറാത്ത് ആണ് കേരളത്തിന്റെ എതിരാളികള്‍. എന്നാല്‍ ഗുജറാത്തിന് എതിരെ മധുരമുള്ളൊരു ഓര്‍മയും കേരളത്തിനുണ്ട്. 2018-19 സീസണില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗുജറാത്തിനെ തോല്‍പ്പിച്ചാണ് കേരളം സെമി ഫൈനലിലേക്ക് കടന്നത്. അതായത് കേരളാ ക്രിക്കറ്റിലെ ഈ സീസണുമുമ്പ് വരെയുള്ള ഏറ്റവും പ്രധാനപ്പെട്ട വിജയം 2018-19ല്‍ ഗുജറാത്തിനെതിരെയായിരുന്നു. അന്ന് രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായി കേരളംസെമി ഫൈനലില്‍ എത്തി്. അന്ന് ഗുജറാത്തിനെ തോല്‍പ്പിക്കാനായതിന്റെ ആത്മവിശ്വാസം ഇത്തവണ സെമിയില്‍ ഇറങ്ങുമ്പോള്‍ കേരള താരങ്ങള്‍ക്ക് ഗുണം ചെയ്യും. ഇത്തവണ ഗുജറാത്തുമായി സെമി മത്സരമാണ്. ഇതില്‍ ജയിച്ചാല്‍ ചരിത്രത്തില്‍ ആദ്യമായി രഞ്ജി ഫൈനലില്‍ കേരളം എത്തും.
ഇരുപത്തൊന്നുകാരന്‍ ഷോണ്‍ റോജര്‍ മുതല്‍ മുപ്പത്തെട്ടുകാരന്‍ ജലജ് സക്‌സേന വരെ വലുപ്പച്ചെറുപ്പമില്ലാതെ ടീമംഗങ്ങള്‍ തോളോടുതോള്‍ ചേര്‍ന്നു പോരാടി നേടിയെടുത്തതാണ് ഈ വലിയ നേട്ടമെന്ന് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി പറയുന്നു. പ്രതിഭയുള്ള ഒട്ടേറെ താരങ്ങളുണ്ടായിട്ടും ഐപിഎലില്‍ അടക്കം മികച്ച അവസരങ്ങള്‍ ലഭിക്കുന്നില്ല. ആഭ്യന്തര ടൂര്‍ണമെന്റില്‍ കേരള ടീമിനു വലിയ വിജയങ്ങള്‍ നേടാനാകാത്തതാണ് അതിനു കാരണം. ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍ശക്തിയായി കേരളത്തെ അടയാളപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ഇത്തവണത്തെ സീസണില്‍ ടീമിനെ മുന്നോട്ടു നയിക്കുന്നതെന്നു സച്ചിന്‍ പറഞ്ഞു. യുവത്വവും പരിചയ സമ്പത്തും ചേര്‍ന്ന ടീം കോംപിനേഷന്‍ കേരളത്തിന്റെ പ്രകടനത്തില്‍ നിര്‍ണായകമായി.
2019 സീസണില്‍ രഞ്ജി ട്രോഫി സെമി കളിച്ച ടീമിലെ 6 പേര്‍ ഇത്തവണയും ടീമിലുണ്ട്. ഷോണ്‍ റോജര്‍, ഏദന്‍ ആപ്പിള്‍ ടോം, വരുണ്‍ നായനാര്‍ എന്നീ അണ്ടര്‍ 23 താരങ്ങളെയും അണ്ടര്‍ 19 കേരള ടീം ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാനെയും ഇടയ്ക്കു രഞ്ജി ടീമില്‍ ഉള്‍പ്പെടുത്തി. കേരള ക്രിക്കറ്റ് അസോസിയേഷന്റെയും സിലക്ടര്‍മാരുടെയും മികച്ച പിന്തുണയും കളത്തില്‍ പൊരുതാന്‍ ഊര്‍ജമായെന്നു ക്യാപ്റ്റന്‍ സച്ചിന്‍ പറഞ്ഞു. ക്വാര്‍ട്ടറില്‍ മുന്‍ ചാംപ്യന്‍മാരായ സൗരാഷ്ട്രയെ ഇന്നിങ്‌സിനും 98 റണ്‍സിനും തോല്‍പിച്ചാണു ഗുജറാത്ത് സെമി ഉറപ്പാക്കിയത്. കേരളത്തെ പോലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഗുജറാത്തും എത്തുന്നത്. ഗ്രൂപ്പിലെ 4 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ മൂന്നെണ്ണം സമനിലയായി. പ്രിയങ്ക് പാഞ്ചാല്‍, ജയ്മീത് പട്ടേല്‍, ഉര്‍വില്‍ പട്ടേല്‍ തുടങ്ങിയ ആഭ്യന്തര താരങ്ങളാണ് ടീമിന്റെ കരുത്ത്. ഇന്ത്യന്‍ സ്പിന്നര്‍ രവി ബിഷ്‌ണോയിയും ടീമിലുണ്ട്.