പൂനെ: രഞ്ജി ടോഫി ക്രിക്കറ്റില്‍ കേരളത്തിന് ഫൈനലിലേക്ക് ചരിത്ര ജയമൊരുക്കിയ ആ ഹെല്‍മറ്റ് സല്‍മാന്‍ നിസാറിനേയും സുരക്ഷിതനാക്കി. പത്താം വിക്കറ്റില്‍ അതിവേഗം ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനായി ഗുജറാത്ത് താരം അടിച്ച ആ ബുള്ളറ്റ് ഷോട്ട് ഹെല്‍മറ്റിലെ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ലോഗിയിലാണ് കൊണ്ടത്. അത്യുഗ്രന്‍ അടി. അതായത് ആ പന്ത് ഷോട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്ത സല്‍മാന്‍ നിസാറിന്റെ കിറുകൃത്യം നെറ്റിയില്‍. എന്തും ആര്‍ക്കും സംഭവിക്കാവുന്ന സ്ഥലം.

ആ ഷോട്ട് ഏറ്റുവാങ്ങിയ സല്‍മാനും വീണു. കുറച്ചു കഴിഞ്ഞ് സെട്രക്ചറില്‍ ആശുപത്രിയിലേക്കും മാറ്റി. ഈ ദൃശ്യങ്ങളും തല്‍സമയം മലയാളി ആരാധകര്‍ കണ്ടു. ഇതോടെ നിര്‍ണ്ണായക ലീഗ് മത്സരത്തിലും ക്വാര്‍ട്ടറിലും സെമിയിലും കേരളത്തിന് വിജയം നല്‍കിയ സല്‍മാന്‍ നിസാറിന്റെ ആരോഗ്യത്തില്‍ ആശങ്കകളും നിറഞ്ഞു. എന്നാല്‍ അത്തരം ആശങ്കകള്‍ക്കൊന്നും ഇനി സ്ഥാനമില്ല. സല്‍മാന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്. സിടി സ്‌കാനില്‍ സല്‍മാന് ഒരു വിധത്തിലുമുള്ള പരിക്കില്ലെന്നും തെളിഞ്ഞു. ഫൈനലിലും കേരളാ ടീമിന് കരുത്തേകാന്‍ തലശ്ശേരിയില്‍ നിന്നുള്ള യുവ ക്രിക്കറ്ററുണ്ടാകും. സല്‍മാന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും അടുത്ത മത്സരത്തിലും കളിക്കുമെന്നും കേരളാ ക്രിക്കറ്റ് ടീം മാനേജ്മെന്റ് മറുനാടനോട് പ്രതികരിച്ചു. അസാമാന്യ അടിയായിരുന്നു ഹെല്‍മറ്റില്‍ കിട്ടിയത്. അതിന്റെ അസ്വസ്ഥതയും ചെറു വേദനയും സല്‍മാനുണ്ടായിരുന്നു. അതുകൊണ്ടാണ് ആശുപത്രിയിലേക്ക് മാറ്റി സിടി സ്‌കാന്‍ ചെയ്തതെന്നും മാനേജ്മെന്റ് അറിയിച്ചു.

ആശുപത്രിയിലേക്ക് മാറ്റിയതോടെ സല്‍മാന് പകരക്കാരനായി ഷോണ്‍ റോജറേയും ആവശ്യമെങ്കില്‍ ബാറ്റിംഗിനായി കേരളം നിശ്ചയിച്ചു. ഷോണ്‍ റോജറിനെ കണ്‍കഷന്‍ സബ്സറ്റിറ്റിയൂട്ടാക്കിയതും ആശങ്ക കൂട്ടി. എന്നാല്‍ സിടി സ്‌കാന്‍ ഫലത്തോടെ കേരളാ ടീം സന്തോഷത്തിലേക്ക് തിരിച്ചു വന്നു. വിദര്‍ഭയ്ക്കെതിരായ ഫൈനലിലും സല്‍മാന്‍ അനിവാര്യതയാണ്. ആ അനിവാര്യതയെയാണ് കേരളത്തിന് ഒന്നാം ഇന്നിംഗ്സില്‍ ലീഡും ഫൈനല്‍ ബര്‍ത്തും നല്‍കിയ ആ ചരിത്ര ഹെല്‍മറ്റ് ഉറപ്പിച്ചത്. ഹെല്‍മറ്റില്ലാത്ത അവസ്ഥയിലായിരുന്നു സല്‍മാന്‍ എങ്കില്‍ കാര്യങ്ങള്‍ മാറി മറിയുമായിരുന്നു. അങ്ങനെ ഹെല്‍മറ്റിന്റെ കരുത്തില്‍ കേരളം ആഘോഷിക്കുകയാണ് ഇപ്പോള്‍.

ഇതുപോലെ ഒരു റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡിലായിരുന്നു ജമ്മു കശ്മീരിനെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം ജയം നേടിയിരുന്നത്.

ഫൈനലിലേക്ക് വഴിയൊരുക്കുകയാകട്ടെ പൊരുതി നേടിയ രണ്ട് റണ്‍സിന്റെ ലീഡ്. രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ പോലും ഒരു ടീമും ഇങ്ങനെ ഫോട്ടോഫിനീഷ് അതിജീവിച്ച് ക്വാര്‍ട്ടറും സെമിയും കടന്നിട്ടുണ്ടാകില്ല.

കേരളത്തിനും ഒന്നാമിന്നിങ്സ് ലീഡിനും ഇടയില്‍ തടസമായി നിന്ന നാഗ്വസ്വല്ലയെ സച്ചിന്‍ ബേബിയുടെ കൈകളിലെത്തിക്കാന്‍ കാരണമായ സല്‍മാന്റെ ആ ഹെല്‍മറ്റിനും കൊടുക്കണം കുതിരപ്പവന്‍. അദിത്യ സര്‍വാതെ എറിഞ്ഞ 175-ാം ഓവറിലെ നാലാം പന്ത് നാഗ്വസ്വല്ല അടിച്ചത് സല്‍മാന്റെ ഹെല്‍മറ്റില്‍ ഇടിച്ചാണ് സച്ചിന്‍ ബേബിയുടെ കൈയിലൊതുങ്ങിത്. അതുവരെ ശ്വാസമടക്കിപ്പിടിച്ച് കളി കണ്ട ആരാധകര്‍ എല്ലാംമറന്ന് ആര്‍ത്തുല്ലസിച്ച നിമിഷം.

തൊട്ടുമുമ്പ് ബാറ്ററുടെ ഒരു ഷോട്ട് ക്യാച്ചാക്കി മാറ്റി ഫൈനലിലേക്ക് കുതിക്കാനുള്ള അവസരം സല്‍മാന്‍ നിസാറില്‍ നിന്ന് വഴുതി വീണിരുന്നു. കേരളത്തെ സെമി വരെയെത്തിച്ച സല്‍മാന്‍ നിസാര്‍ ക്ളൈമാക്‌സില്‍ ആന്റി ഹീറോ ആകുമോ എന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ കൂടിയായിരുന്നു സല്‍മാന്‍ നിസാറിന്റെ ഹെല്‍മെറ്റില്‍ തട്ടി സച്ചിന് ക്യാച് വീണത്. ഏതായാലും 91 വര്‍ഷത്തെ രഞ്ജി ട്രോഫി ചരിത്രത്തില്‍ ഇതുവരെയും ഫൈനല്‍ കാണാത്ത കേരള ക്രിക്കറ്റിന് ഇതൊരു അവിശ്വസനീയ മുഹൂര്‍ത്തം തന്നെയാണ്.

തോല്‍ക്കാന്‍ മനസ്സില്ലാത്ത സല്‍മാന്‍

നേരത്തേ ഒന്നാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയ അസ്ഹറുദ്ദീന് ഉറച്ച പിന്തുണയുമായി ക്രീസില്‍ നിലയുറപ്പിച്ചും സല്‍മാന്‍ താരമായിരുന്നു. 202 പന്തുകള്‍ നേരിട്ട് ഒരു സിക്സും നാല് ഫോറുമടക്കം നിര്‍ണായകമായ 52 റണ്‍സും സല്‍മാന്‍ സ്വന്തമാക്കി. ആറാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 149 റണ്‍സിന്റെ കൂട്ടുകെട്ടാണ് കേരളത്തിന്റെ പോരാട്ടത്തിലും ഒന്നാമിന്നിങ്സ് ലീഡിലും നിര്‍ണായകമായത്.

നേരത്തേ രഞ്ജി ക്വാര്‍ട്ടര്‍ മത്സരത്തില്‍ നിര്‍ണായകമായ ഒരു റണ്ണിന്റെ ഒന്നാം ഇന്നിങ്സ് ലീഡോടെ കേരളം സെമിയിലെത്തിയതിനു പിന്നിലും സല്‍മാന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ജമ്മു കശ്മീര്‍ ബൗളര്‍മാര്‍ക്കെതിരേ പതറാതെ പോരാടുന്നുണ്ടായിരുന്നു സല്‍മാന്‍ നിസാര്‍ എന്ന തലശ്ശേരിക്കാരന്‍. സമാനതകളില്ലാത്ത ബാറ്റിങ് പ്രകടനത്തോടെ കേരളത്തെ സെമിയിലെത്തിച്ചാണ് സല്‍മാന്‍ മടങ്ങിയത്. മത്സരത്തിന്റെ രണ്ട് ഇന്നിങ്സുകളിലും പുറത്താവാതെ നിന്ന ഒറ്റയാള്‍ പോരാട്ടം. ആദ്യ ഇന്നിങ്സില്‍ പതിനൊന്നാമന്‍ ബേസില്‍ തമ്പിയെയും കൂട്ടുപിടിച്ച് നേടിയ ഒരു റണ്‍ ലീഡ്, രണ്ടാം ഇന്നിങ്സില്‍ അസ്ഹറുദ്ദീനൊപ്പം നടത്തിയ രക്ഷാപ്രവര്‍ത്തനം. ഇതില്ലായിരുന്നെങ്കില്‍ കേരളം സെമി കാണാതെ പുറത്താകുമായിരുന്നു.

ജമ്മുവിനെതിരേ ക്വാര്‍ട്ടറില്‍ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടമായ കേരളത്തിനായി ക്രീസിലുണ്ടായിരുന്നത് 75 പന്തില്‍ 49 റണ്‍സെടുത്ത് നില്‍ക്കുന്ന ഓള്‍റൗണ്ടര്‍ സല്‍മാന്‍ നിസാര്‍. അവശേഷിക്കുന്ന മറ്റൊരു താരം ബൗളറായ ബേസില്‍ തമ്പിയും. ലീഡ് നേടണമെങ്കില്‍ 81 റണ്‍സ് വേണം കൈയിലാണെങ്കില്‍ ഒരേയൊരു വിക്കറ്റും. കശ്മീര്‍ കേരളത്തിനെതിരെ ലീഡ് നേടുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷേ, സല്‍മാന്‍ നിസാര്‍ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ബേസില്‍ തമ്പിയെ കൂട്ടുപിടിച്ച് കേരളത്തിന് ഒരു റണ്ണിന്റെ നിര്‍ണായക ലീഡ് സല്‍മാന്‍ സമ്മാനിച്ചു. ഒപ്പം സെഞ്ചുറിയും പൂര്‍ത്തിയാക്കി. അവിശ്വസനീയമായ ഈ കൂട്ടുകെട്ടില്‍ ഇരുവരും കശ്മീരിന്റെ ശക്തമായ ബൗളിങ്ങിനെ അതിജീവിച്ച് അടിച്ചെടുത്തത് 81 റണ്‍സാണ്. ഇതില്‍ 15 റണ്‍സ് ബേസിലിന്റെ വകയായിരുന്നു. ഈ ഒരു റണ്‍ ലീഡാണ് കേരളത്തിന്റെ സെമി പ്രവേശനത്തില്‍ നിര്‍ണായകമായത്. മത്സരം സമനിലയില്‍ അവസാനിച്ചതോടെ ആദ്യ ഇന്നിങ്സ് ലീഡ് നേടിയ കേരളം സെമിയിലെത്തി.