തിരുവനന്തപുരം: ബൗളിംഗില്‍ ജലജ് സക്‌സേനയും ബാറ്റിംഗില്‍ സല്‍മാന്‍ നിസാറും സച്ചിന്‍ ബേബിയും മിന്നിത്തെളിഞ്ഞ രഞ്ജി ട്രോഫി മത്സരത്തില്‍ ഉത്തര്‍ പ്രദേശിനെതിരെ കേരളത്തിന് ഇന്നിങ്‌സിനും 117 റണ്‍സിനും ജയം. തുമ്പയിലെ സെന്റ് സേവ്യേഴ്‌സ് കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ രഞ്ജി ട്രോഫി മത്സരത്തില്‍ സഞ്ജു സാംസണിന്റെ അഭാവത്തിലും തകര്‍പ്പന്‍ ജയവും നിര്‍ണായകമായ ഏഴ് പോയിന്റും സ്വന്തമാക്കാന്‍ സച്ചിന്‍ ബേബിക്കും സംഘത്തിനുമായി.

233 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കടവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഉത്തര്‍പ്രദേശിനെ അവസാന ദിനം പെരുമഴ എത്തുംമുമ്പെ ആദ്യ സെഷനില്‍ത്തന്നെ 37.5 ഓവറില്‍ 116 റണ്‍സിന് ജലജ് സ്‌ക്‌സേനയും ആദിത്യ സര്‍വതെയും ചേര്‍ന്ന് പുറത്താക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഡര്‍ബനിലെ കിങ്‌സ്മീഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തകര്‍ത്തടിച്ച് സഞ്ജു സാംസണ്‍ ടീം ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചതിന്റെ ആവേശത്തിന് ഇടയാണ് ആരാധകര്‍ക്ക് മുന്നില്‍ മിന്നും ജയം കേരളം സ്വന്തമാക്കുന്നത്.

തുടര്‍ച്ചയായ രണ്ടാം ഇന്നിങ്‌സിലുമായി പതിനൊന്ന് വിക്കറ്റ് നേട്ടം കൈവരിച്ച ജലജ് സക്‌സേനയാണ് കേരളത്തിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. ഇന്നിങ്‌സ് വിജയത്തോടെ കേരളത്തിന് ബോണസ് പോയിന്റും ലഭിക്കും. ഇനി നവംബര്‍ 13 മുതല്‍ കരുത്തരായ ഹരിയാനയ്ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

233 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തര്‍പ്രദേശിന്, കേരളത്തിന്റെ സ്പിന്‍ ആക്രമണത്തെ ചെറുത്തുനില്‍ക്കാനായില്ല. 78 പന്തില്‍ നാലു ഫോറുകള്‍ സഹിതം 36 റണ്‍സെടുത്ത മാധവ് കൗശിക്കാണ് അവരുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ കൂടിയായ ഓപ്പണര്‍ ആര്യന്‍ ജുയല്‍ (24 പന്തില്‍ ഒരു ഫോര്‍ സഹിതം 12), പ്രിയം ഗാര്‍ഗ് (24 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 22), നിതീഷ് റാണ (28 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 15), സിദ്ധാര്‍ഥ് യാദവ് (31 പന്തില്‍ രണ്ടു ഫോറുകളോടെ പുറത്താകാതെ 14), ആക്വിബ് ഖാന്‍ (9 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 11) എന്നിവരാണ് രണ്ടക്കത്തിലെത്തിയത്.

ഒരു ഘട്ടത്തില്‍ രണ്ടിന് 84 റണ്‍സ് എന്ന നിലയിലായിരുന്ന ഉത്തര്‍പ്രദേശിന്, വെറും 32 റണ്‍സിനിടെയാണ് അവസാന എട്ടു വിക്കറ്റുകള്‍ നഷ്ടമായത്. സമീര്‍ റിസ്വി (ആറു പന്തില്‍ 0), സൗരഭ് കുമാര്‍ (12 പന്തില്‍ 3), പിയൂഷ് ചൗള (നാലു പന്തില്‍ ഒന്ന്), ശിവം മാവി (മൂന്നു പന്തില്‍ 0), ശിവം ശര്‍മ (എട്ടു പന്തില്‍ ഒന്ന്) എന്നിവരെല്ലാം കൂട്ടത്തോടെ നിരാശപ്പെടുത്തി.

ഉത്തര്‍പ്രദേശിന് നഷ്ടമായ 10 വിക്കറ്റുകളില്‍ ഒന്‍പതും കേരളത്തിന്റെ ജലജ് സക്‌സേന ആദിത്യ സര്‍വതെ സ്പിന്‍ ദ്വയം പങ്കിട്ടു. സക്‌സേന 16.5 ഓവറില്‍ 41 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്തു. സര്‍വതെ ഏഴ് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റും സ്വന്തമാക്കി. ഒരു വിക്കറ്റ് കെ.എം. ആസിഫിനാണ്. ജലജ് സക്‌സേന ഒന്നാം ഇന്നിങ്‌സില്‍ 17 ഓവറില്‍ 56 റണ്‍സ് വഴങ്ങിയാണ് 5 വിക്കറ്റെടുത്തത്.

വാലറ്റത്ത് ഇറക്കിയിട്ടും തകര്‍ത്തടിച്ച് സല്‍മാന്‍

നേരത്തേ, ഉത്തര്‍പ്രദേശിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 162 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം മൂന്നാം ദിനം ആദ്യ സെഷനില്‍ 395 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 124.1 ഓവറിലാണ് കേരളം 395 റണ്‍സെടുത്തത്. കേരള നിരയില്‍ സല്‍മാന്‍ നിസാര്‍ സെഞ്ചറിക്ക് അരികെ പുറത്തായത് നിരാശയായി. 202 പന്തില്‍ ഒന്‍പതു ഫോറും മൂന്നു സിക്‌സും സഹിതം 93 റണ്‍സെടുത്ത സല്‍മാന്‍, പത്താമനായാണ് പുറത്തായത്.

കേരളത്തിനായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും അര്‍ധസെഞ്ചറി നേടി. 165 പന്തുകള്‍ നേരിട്ട സച്ചിന്‍, എട്ടു ഫോറുകളോടെ 83 റണ്‍സെടുത്തു. നാല് അര്‍ധസെഞ്ചറി കൂട്ടുകെട്ടുകളും കേരള ഇന്നിങ്‌സില്‍ നിര്‍ണായകമായി. അഞ്ചാം വിക്കറ്റില്‍ അക്ഷയ് ചന്ദ്രന്‍ സച്ചിന്‍ ബേബി (142 പന്തില്‍ 63), ആറാം വിക്കറ്റില്‍ സച്ചിന്‍ ബേബി സല്‍മാന്‍ നിസാര്‍ (187 പന്തില്‍ 99), ഏഴാം വിക്കറ്റില്‍ ജലജ് സക്‌സേന സല്‍മാന്‍ നിസാര്‍ (118 പന്തില്‍ 59), എട്ടാം വിക്കറ്റില്‍ സല്‍മാന്‍ നിസാര്‍ മുഹമ്മജ് അസ്ഹറുദ്ദീന്‍ (92 പന്തില്‍ 55) എന്നിവരാണ് അര്‍ധസെഞ്ചറി കൂട്ടുകെട്ടുകള്‍ തീര്‍ത്തത്.

ഓപ്പണര്‍മാരായ വത്സല്‍ ഗോവിന്ദ് (62 പന്തില്‍ രണ്ടു ഫോറുകളോടെ 23), രോഹന്‍ എസ്.കുന്നുമ്മല്‍ (38 പന്തില്‍ നാലു ഫോറുകളോടെ 28), ബാബ അപരാജിത് (44 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 32), അക്ഷയ് ചന്ദ്രന്‍ (70 പന്തില്‍ ഒരു ഫോര്‍ സഹിതം 24), ജലജ് സക്‌സേന (77 പന്തില്‍ രണ്ടു ഫോറുകളോടെ 35), മുഹമ്മദ് അസ്ഹറുദ്ദീന്‍ (43 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 40), ആദിത്യ സര്‍വതെ (40 പന്തില്‍ രണ്ടു ഫോറുകളോടെ 14) എന്നിവരെല്ലാം കേരള ഇന്നിങ്‌സില്‍ ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. ഉത്തര്‍പ്രദേശിനായി ആക്വിബ് ഖാന്‍ 18.1 ഓവറില്‍ 61 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ശിവം മാവി, സൗരഭ് കുമാര്‍, ശിവം ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. ശേഷിക്കുന്ന വിക്കറ്റ് പിയൂഷ് ചൗള സ്വന്തമാക്കി.

ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനയുടെ നേതൃത്വത്തിലാണ് കേരളം ഉത്തര്‍പ്രദേശിനെ 162 റണ്‍സില്‍ ഒതുക്കിയത്. 60.2 ഓവറിലാണ് ഉത്തര്‍പ്രദേശ് 162 റണ്‍സെടുത്തത്. പത്താമനായി ഇറങ്ങി 50 പന്തില്‍ രണ്ടുവീതം സിക്‌സും ഫോറും സഹിതം 30 റണ്‍സെടുത്ത ശിവം ശര്‍മയാണ് അവരുടെ ടോപ് സ്‌കോറര്‍. 17 ഓവറില്‍ 56 റണ്‍സ് വഴങ്ങിയാണ് സക്‌സേന അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ബേസില്‍ തമ്പി രണ്ടും ആദിത്യ സര്‍വതെ, കെ.എം. ആസിഫ്, ബാബ അപരാജിത് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.