- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങളല്ല ഫേവറിറ്റുകൾ, ഇന്ത്യൻ ആരാധകരുടെ ഹൃദയം തകർക്കേണ്ടി വന്നാലും ലക്ഷ്യം കന്നി കിരീടം'; ഫൈനലിൽ സമ്മർദ്ദം മുഴുവൻ ഇന്ത്യയ്ക്കെന്നും കിവി നായകന്റെ മുന്നറിയിപ്പ്

അഹമ്മദാബാദ്: ഒരു വർഷം മുൻപ് ഇതേ മണ്ണിൽ ഓസ്‌ട്രേലിയൻ നായകനായിരുന്ന പാറ്റ് കമിൻസ് നൽകിയ മുന്നറിയിപ്പ് ഇപ്പോൾ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വീണ്ടും മുഴങ്ങുന്നു. അന്ന് ലക്ഷക്കണക്കിന് വരുന്ന നീലപ്പടയുടെ ആരാധകരെ നിശബ്ദരാക്കുമെന്ന് കമിൻസ് പറഞ്ഞപ്പോൾ അത് വെറുമൊരു വാക്കല്ലെന്ന് കാലം തെളിയിച്ചു. ഇപ്പോൾ മറ്റൊരു ലോകകപ്പ് ഫൈനലിന് അഹമ്മദാബാദ് വേദിയാകുമ്പോൾ, സമാനമായ ആത്മവിശ്വാസവുമായി രംഗത്തെത്തിയിരിക്കുന്നത് ന്യൂസിലൻഡ് നായകന്‍ മിച്ചൽ സാന്റ്നറാണ്. ലക്ഷ്യം മറ്റൊന്നുമല്ല; കന്നി ലോകകിരീടം.
ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് സാന്റ്നർ തന്റെ നയം വ്യക്തമാക്കിയത്. ഇന്ത്യയെപ്പോലൊരു വമ്പൻ ടീമിനെ അവരുടെ നാട്ടിൽ നേരിടുമ്പോൾ തങ്ങൾ ഫേവറിറ്റുകളല്ലെന്ന യാഥാർഥ്യം സാന്റ്നർ അംഗീകരിക്കുന്നു. "ഞങ്ങൾ ഫേവറിറ്റുകളല്ലെന്ന് എല്ലാവർക്കും അറിയാം, പക്ഷേ അതിൽ ഞങ്ങൾക്ക് ആകുലതകളില്ല. ഒരു ടീമെന്ന നിലയിൽ മികവ് പുലർത്തിയാൽ കിരീടം ഉയർത്താൻ ഞങ്ങൾക്ക് സാധിക്കും. അതിനായി ഇന്ത്യൻ ആരാധകരുടെ ഹൃദയം തകർക്കേണ്ടി വന്നാലും ഞങ്ങൾ തയ്യാറാണ്" - ന്യൂസിലൻഡ് നായകൻ പറഞ്ഞു.
സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് കിവിപ്പട അഹമ്മദാബാദിൽ ഇറങ്ങുന്നത്. സ്വന്തം തട്ടകത്തിൽ കളിക്കുന്നത് ഇന്ത്യയ്ക്ക് അനുകൂല ഘടകമാണെങ്കിലും അത് വലിയ തോതിലുള്ള സമ്മർദ്ദവും അവർക്ക് നൽകുന്നുണ്ടെന്ന് സാന്റ്നർ നിരീക്ഷിക്കുന്നു.
"ടി20 ക്രിക്കറ്റ് പ്രവചനാതീതമാണ്. ഈ ലോകകപ്പിലുടനീളം എല്ലാ ടീമുകളും ഒരേ നിലവാരത്തിലുള്ള പ്രകടനമാണ് പുറത്തെടുത്തത്. നിർണ്ണായക നിമിഷങ്ങളിലെ ചെറിയ തീരുമാനങ്ങളാണ് മത്സരഫലം നിശ്ചയിക്കുന്നത്. ടൂർണമെന്റിലുടനീളം മികച്ച കളി പുറത്തെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് സെമിയിൽ ഒരു ചെറിയ പിഴവ് പറ്റി, അവർ പുറത്തായി. ഞങ്ങളുടെ ശൈലിയിൽ തന്നെ കളിച്ചാൽ മറ്റൊരു വലിയ ടീമിനെക്കൂടി അട്ടിമറിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസം ടീമിനുണ്ട്."
സ്വന്തം മണ്ണിൽ ലോകകപ്പ് ജയിക്കുക എന്നത് ഏതൊരു ടീമിനും അഭിമാനകരമായ കാര്യമാണ്. എന്നാൽ ഗാലറിയിൽ നിറയുന്ന ആരാധകരുടെ പ്രതീക്ഷകൾ കളിക്കാരിലേക്ക് വലിയ സമ്മർദ്ദമായി മാറും. മൈതാനത്തിറങ്ങി ആ സമ്മർദ്ദം കൃത്യമായി ഇന്ത്യയുടെ മേൽ ചെലുത്താൻ സാധിച്ചാൽ വിജയം തങ്ങൾക്കൊപ്പം നിൽക്കുമെന്ന് പറഞ്ഞാണ് സാന്റ്നർ സംസാരം അവസാനിപ്പിച്ചത്. വരാനിരിക്കുന്നത് മറ്റൊരു ആവേശപ്പോരാട്ടമാണെന്ന സൂചനയാണ് കിവി നായകന്റെ വാക്കുകൾ നൽകുന്നത്.


