രാജ്‌കോട്ട്: ന്യൂസിലൻഡിനെതിരെ ഏകദിന ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന ചരിത്രനേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ. രാജ്‌കോട്ടിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചയിൽ നിന്ന് ടീമിനെ രക്ഷിച്ച രാഹുൽ, പുറത്താകാതെ 112 റൺസ് നേടി. മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിക്ക് പോലും കരിയറിൽ സ്വന്തമാക്കാൻ കഴിയാതിരുന്ന റെക്കോർഡാണ് രാഹുൽ ഇതോടെ തന്റെ പേരിലാക്കിയത്.

49-ാം ഓവറിൽ കെയ്ല്‍ ജയ്മിസണിന്റെ പന്തിൽ സിക്സർ പറത്തിയാണ് രാഹുൽ സെഞ്ചുറി തികച്ചത്. 87 പന്തിൽ സെഞ്ചുറിയിലെത്തിയ രാഹുൽ, 92 പന്തുകൾ നേരിട്ട് 11 ഫോറുകളും ഒരു സിക്സറുമടക്കം 112 റൺസുമായി പുറത്താകാതെ നിന്നു. രാജ്‌കോട്ടിൽ ഏകദിന സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന അപൂർവ നേട്ടവും ഈ പ്രകടനത്തോടെ രാഹുൽ സ്വന്തമാക്കി. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു.

അഞ്ചാം നമ്പറിലിറങ്ങിയ രാഹുലിന് നേരിട്ട ആദ്യ ആറ് പന്തുകളിലും റണ്ണെടുക്കാനായില്ല. എന്നാൽ, പിന്നീട് രവീന്ദ്ര ജഡേജയെയും നിതീഷ് കുമാർ റെഡ്ഡിയെയും കൂട്ടുപിടിച്ച് നടത്തിയ പോരാട്ടത്തിലൂടെയാണ് രാഹുൽ ഇന്ത്യയെ 284 റൺസിലേക്ക് എത്തിച്ചത്. ശുഭ്മാൻ ഗിൽ 53 പന്തിൽ 56 റൺസെടുത്തപ്പോൾ, രോഹിത് ശർമ 24 റൺസും വിരാട് കോലി 23 റൺസും നേടി പുറത്തായി.2025 മുതൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ സ്ഥാനത്ത് സ്ഥാനമുറപ്പിച്ച രാഹുൽ, 41-50 ഓവറുകളിൽ 1409.09 സ്ട്രൈക്ക് റേറ്റിൽ 283 റൺസാണ് ഇതുവരെ നേടിയത്. 2025-ന് ശേഷം മധ്യനിരയിൽ അഞ്ചാം നമ്പറിലിറങ്ങി ഏറ്റവും കൂടുതൽ റൺസടിച്ച താരവും രാഹുലാണ്.