പെര്‍ത്ത്: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍ 3000 റണ്‍സ് തികച്ചു. ഓസ്ട്രേലിയക്കെതിരെ ബോര്‍ഡ്- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയുടെ ആദ്യ മത്സരത്തില്‍ 19 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് കെ എല്‍ രാഹുല്‍ 3000 എന്ന നാഴികക്കല്ല് പിന്നിട്ടത്.

ഒരു വശത്ത് വിക്കറ്റ് പോകാതെ ടീമിന് പ്രതീക്ഷ നല്‍കിയ രാഹുല്‍ 26 റണ്‍സില്‍ നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായി ഔട്ടായി. സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പിടിച്ചാണ് കെ എല്‍ രാഹുല്‍ പുറത്തായത്. ഫീല്‍ഡ് അമ്പയറിന്റെ തീരുമാനം തിരുത്തി ഡിആര്‍എസില്‍ രാഹുല്‍ ഔട്ട് ആണെന്ന് മൂന്നാം അമ്പയര്‍ വിധിക്കുകയായിരുന്നു. സ്നിക്കോമീറ്ററിലെ സ്പൈക്ക് അടിസ്ഥാനമാക്കിയാണ് ഔട്ട് വിളിച്ചത്. എന്നാല്‍ റീപ്ലേകളുടെ അടിസ്ഥാനത്തില്‍ പാഡില്‍ ബാറ്റ് തട്ടിയതാണ് സ്നിക്കോ മീറ്ററില്‍ സ്പൈക്കിന് കാരണമെന്ന തരത്തില്‍ ചര്‍ച്ചകള്‍ കൊഴുത്തതോടെ ഡിആര്‍എസ് വിധി വിവാദമായിരിക്കുകയാണ്.

54 മത്സരങ്ങളില്‍ നിന്നാണ് കെ എല്‍ രാഹുല്‍ 3000 റണ്‍സ് തികച്ചത്. 33.78 ശരാശരിയോടെ 3007 റണ്‍സ് ആണ് രാഹുലിന്റെ സമ്പാദ്യം. എട്ടു സെഞ്ച്വറികളുടെയും 15 അര്‍ധ സെഞ്ച്വറികളുടെയും അകമ്പടിയോടെ 92 ഇന്നിംഗ്സുകളില്‍ നിന്നായാണ് 3007 റണ്‍സ് നേടിയത്. 199 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.