തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ഇന്ന് കളത്തിലിറങ്ങും. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ സഞ്ജുവിന്റെ ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്സ്, ആലപ്പി റിപ്പിൾസിനെ നേരിടും. ഉച്ചയ്ക്ക് 2.30-നാണ് മത്സരം. ആദ്യ മത്സരത്തിലെ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കൊച്ചി ഇറങ്ങുന്നതെങ്കിൽ, തോൽവിയിൽ നിന്ന് കരകയറാനാണ് ആലപ്പിയുടെ ശ്രമം. വൈകിട്ട് 7 മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തിൽ തൃശ്ശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസുമായി ഏറ്റുമുട്ടും.

കെസിഎൽ ചരിത്രത്തിൽ ഇതുവരെ കൊച്ചിയെ തോൽപ്പിക്കാൻ ആലപ്പിക്കായിട്ടില്ല എന്നത് മത്സരത്തിന് വാശിയേറ്റുന്നു. കഴിഞ്ഞ സീസണിൽ ഏറ്റുമുട്ടിയ രണ്ട് തവണയും വിജയം കൊച്ചിക്കൊപ്പമായിരുന്നു. ട്രിവാൻഡ്രം റോയൽസിനെതിരെ എട്ട് വിക്കറ്റിന്റെ അനായാസ ജയം നേടിയ ബ്ലൂ ടൈഗേഴ്സ് മികച്ച ഫോമിലാണ്. അതേസമയം, തൃശ്ശൂർ ടൈറ്റൻസിനോട് നേരിട്ട തോൽവിയിൽ നിന്ന് പാഠമുൾക്കൊണ്ടാണ് ആലപ്പി റിപ്പിൾസ് എത്തുന്നത്. മുഹമ്മദ് അസറുദ്ദീൻ, അക്ഷയ് ചന്ദ്രൻ, ജലജ് സക്സേന തുടങ്ങിയ ബാറ്റർമാരും ബേസിൽ എൻ പി, ആദിത്യ ബൈജു എന്നിവരടങ്ങുന്ന ബൗളിങ് നിരയും ഫോമിലേക്കുയർന്നാൽ മാത്രമേ കൊച്ചിക്ക് വെല്ലുവിളി ഉയർത്താൻ ആലപ്പിക്ക് സാധിക്കൂ.

ദിവസത്തിലെ രണ്ടാം മത്സരത്തിൽ, ആദ്യ കളിയിൽ ഉജ്ജ്വല വിജയം നേടിയ തൃശ്ശൂർ ടൈറ്റൻസ്, വിജയത്തിന് തൊട്ടരികിൽ കാലിടറിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെയാണ് നേരിടുന്നത്. ബൗളിങ്ങിൽ തിളങ്ങിയെങ്കിലും ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയരാത്തതാണ് കാലിക്കറ്റിന് ആദ്യ മത്സരത്തിൽ തിരിച്ചടിയായത്. ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ ഒഴികെയുള്ള മുൻനിര താരങ്ങൾ പരാജയപ്പെട്ടു. സൽമാൻ നിസാർ, സച്ചിൻ സുരേഷ് തുടങ്ങിയ താരങ്ങൾ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ടീം. മറുവശത്ത്, ബാറ്റർമാരുടെ കരുത്തിൽ നേടിയ ആധികാരിക വിജയവുമായാണ് തൃശ്ശൂരിന്റെ വരവ്.