- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എല്ലാ ഞായറാഴ്ചയും ടീം ഇന്ത്യയ്ക്ക് കളി; ആദ്യ മത്സരത്തിലെ അവസാന പന്തിലെ വിരാട വിജയം ആശ്വാസമാകുന്നത് സംഘാടകർക്ക്; ഓസ്ട്രേലിയൻ പതിപ്പിലും നിറയുന്നത് ഇന്ത്യൻ വിപണി മൂല്യം; ദക്ഷിണാഫ്രിക്കാ-സിംബാബ് വെ മത്സരം മഴ കൊണ്ടു പോയത് പുതിയ പ്രതീക്ഷ; കലാശപോരാട്ടം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാകുമോ? താരം കോലിയാകുമ്പോൾ
സിഡ്നി: ലോകപ്പിലെ സൂപ്പർ 12ൽ ഇന്ത്യയും പാക്കിസ്ഥാനും ഗ്രൂപ്പ് രണ്ടിൽ എത്തിയപ്പോൾ കോളടിച്ചത് സംഘാടകർക്കാണ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇരു ടീമുകളും പോരടിച്ചപ്പോൾ കോടിക്കണക്കിന് കാണികളാണ് ടിവിയിലൂടെ കളി കണ്ടത്. ഇതിന്റെ സാമ്പത്തിക ഐസിസിക്കും ബ്രോഡ് കാസ്റ്റർക്കും സ്വന്തമായി. അവസാന പന്തിൽ വിരാട് കോലിയുടെ പോരാട്ടം ഇന്ത്യയ്ക്ക് ആവേശ വിജയം നൽകിയപ്പോൾ ഇന്ത്യയിലെ ക്രിക്കറ്റ് കാണികൾ ആഹ്ലാദം കൊണ്ടു തുള്ളിച്ചാടി. ഈ ലോകകപ്പിൽ മുമ്പോട്ട് കുതിക്കാൻ ടീം ഇന്ത്യയ്ക്ക് കഴിയുമെന്ന പ്രതീക്ഷ എങ്ങുമെത്തി. ഇനി ദക്ഷിണാഫ്രിക്കയെ പാക്കിസ്ഥാൻ തോൽപ്പിച്ചാൽ ഏഷ്യയിലെ ചിര വൈരികൾ രണ്ടും സെമിയിൽ എത്തുമെന്നാണ് കണക്കു കൂട്ടൽ. അട്ടിമറികൾ ഉണ്ടാകാനും പാടില്ല.
ഇതിന് കാരണം സിംബാബ് വെയും ദക്ഷിണാഫ്രിക്കയും തമ്മിലെ മത്സരം മഴ എടുത്തതാണ്. ഇതോടെ ഉറപ്പായും ദക്ഷിണാഫ്രിക്ക ജയിക്കുമെന്ന് ഏവരും കരുതിയ മത്സരത്തിൽ സമനിലയായി ഫലം. ദക്ഷിണാഫ്രിക്കയ്ക്ക് കിട്ടിയത് വെറും ഒരു പോയിന്റ്. പാക്കിസ്ഥാനോട് ദക്ഷിണാഫ്രിക്ക തോൽക്കുകയും മറ്റ് അട്ടിമറികൾ ഉണ്ടാവുകയും ചെയ്തില്ലെങ്കിൽ ഗ്രൂപ്പിൽ ഈ പോയിന്റെ നഷ്ടം ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയാകും. ഇന്ത്യയെ ദക്ഷിണാഫ്രിക്ക തോൽപ്പിച്ചാൽ പോലും പാക്കിസ്ഥാനോട് തോൽക്കാൻ പാടില്ലാത്ത സാഹചര്യമാണ് ഇതുണ്ടാക്കുന്നത്. പാക്കിസ്ഥാനോട് ദക്ഷിണാഫ്രിക്ക തോൽക്കുകയും ബംഗ്ലാദേശിനോടും സിംബാബ് വേയോടും നെതർലണ്ടിനോടും ഇന്ത്യ തോൽക്കാതിരിക്കുകയും ചെയ്താൽ ഈ ഗ്രൂപ്പിൽ നിന്ന് ഏഷ്യൻ ടീമകളാകും സെമിയിൽ എത്തുക. അതായത് ഇന്ത്യയും പാക്കിസ്ഥാനും. ചുരുക്കം പറഞ്ഞാൽ വമ്പൻ അട്ടിമറികളുണ്ടായില്ലെങ്കിൽ ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും തമ്മിലെ മത്സരമാകും ഈ ഗ്രൂപ്പിലെ ഏക നിർണ്ണായക മത്സരം.
ഇന്ത്യയോട് തോറ്റെങ്കിലും പാക് നിര സുശക്തമാണ്. ബാറ്റിംഗിലും ഫാസ്റ്റ് ബൗളിങ്ങിലും അവർ മികച്ചു തന്നെ നിൽക്കുന്നു. കോലിയുടെ ക്ലാസിന് മുമ്പിലാണ് ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ തോറ്റത്. അതൊരു ഞായറാഴ്ചയായിരുന്നു. ലോകകപ്പിലെ സൂപ്പർ 12 മത്സരങ്ങൾ തുടങ്ങിയ ശേഷമുള്ള ആദ്യ ഞായറിലാണ് പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ ഇന്ത്യാ പാക് പോരാട്ടം നടന്നത്. ഇന്ത്യയിലെ ദീപാവലി ആഘോഷത്തിന് മാറ്റ് കൂട്ടിയ വിരാട വിജയം. ഇനി നെതർലണ്ടുമായി അടുത്ത മത്സരം ഇന്ത്യ 27ന് കളിക്കും. പിന്നെ 30ന് ഇന്ത്യാ-ദക്ഷിണാഫ്രിക്കാ മത്സരം. അന്ന് പാക്കിസ്ഥാന് നെതർലണ്ടിനേയും നേരിടണം. നവംബർ രണ്ടിന് ബംഗ്ലാദേശിനെ ഇന്ത്യ എതിരാളിയാകും. ആറിന് സിംബാബ് വെയുമായും രോഹിത്തിന്റെ ടീം കളിക്കും. അന്ന് ബംഗ്ലാദേശും പാക്കിസ്ഥാനും തമ്മിലും കളിയുണ്ട്.
അതായത് സൂപ്പർ 12 മത്സരം തുടങ്ങിയ ശേഷമുള്ള എല്ലാ ഞായറാഴ്ചയും ഗ്രൂപ്പ് സ്റ്റേജിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും മത്സരമുണ്ട്. ഏഷ്യൻ കാണികളാണ് ക്രിക്കറ്റിന്റെ ജീവനാഡി. അവധി ദിവസം അവർ വീട്ടിലിരുന്ന് കളി കാണുവാൻ കൂടുതൽ താൽപ്പര്യപ്പെടും. ഇത് ടെലിവിഷൻ റേറ്റിംഗിനേയും മറ്റ് പരസ്യ വരുമാനത്തേയും സ്വാധീനിക്കും. അതു പോലെ ഓസ്ട്രേലിയയിലെ ഇന്ത്യാക്കാർ കൂടുതലായി സ്റ്റേഡിയത്തിലേക്ക് എത്തും. ഇതെല്ലാം ലോകകപ്പിന്റെ വരുമാനത്തെ സ്വാധീനിക്കും. ഐസിസിയെ സംബന്ധിച്ചിടത്തോളെ ഇത് ഏറെ നിർണ്ണായകമാണ്. വരുമാനം കൂട്ടാനുള്ള അവസരം. ഇതിന് വേണ്ടിയാണ് എല്ലാ ഞായറാഴ്ചയും ഇന്ത്യയ്ക്ക് കളികൾ നൽകുന്ന തരത്തിലെ സമയക്രമം ഒരുക്കിയതെന്നത് ശ്രദ്ധേയമാണ്. ഇന്ത്യൻ കാണികൾക്ക് കൂടുതൽ സൗകര്യപ്രദമായ ഉച്ചയ്ക്ക് ശേഷമാണ് കളികൾ ക്രമീകരിച്ചിരിക്കുന്നതെന്നതും വ്യക്തമാണ്. ആതിഥേയരായ ഓസ്ട്രേലിക്ക് കളി നൽകുന്നതിൽ പോലും ഈ സൂക്ഷ്മത ഉണ്ടായിട്ടില്ല. ഇന്ത്യയിൽ ക്രിക്കറ്റിനുള്ള കാണികൾ ഐസിസിയെ പോലും തീരുമാനങ്ങളെടുക്കാൻ പ്രേരിപ്പിക്കുന്നുവെന്നതിന് തെളിവാണ് ഇത്.
സെമിയിൽ ഇന്ത്യയും പാക്കിസ്ഥാനമുണ്ടെങ്കിൽ അവിടേയും റേറ്റിംഗുകൾ ഉയർന്നു തന്നെ നിൽക്കും. രണ്ട് ടീമുകളും ഒരു ഗ്രൂപ്പിലായതിനാൽ സെമിയിൽ മറ്റു ടീമുകളുമായാകും ഇവർക്ക് ഏറ്റുമുട്ടേണ്ടി വരിക. അവിടെ രണ്ടു പേരും ജയിച്ചാൽ ഇന്ത്യാ-പാക് സ്വപ്ന ഫൈനലിന് കളമൊരുങ്ങും. അതുണ്ടായാൽ ഐസിസിക്ക് മറ്റൊരു ലോട്ടറിയായി അതു മാറും. ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും അധികം പേർ കണ്ട മത്സരമായി ആ ഫൈനൽ മാറാനും സാധ്യതയുണ്ട്. ഇതിനെല്ലാം അവസരമൊരുക്കിയത് കോലിയുടെ ഒറ്റ ഇന്നിങ്സാണ്. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ തോറ്റിരുന്നുവെങ്കിൽ ടീം ഇന്ത്യ മാനസികമായി തളരുമായിരുന്നു. ആ ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കും പാക്കിസ്ഥാനും കൂടുതൽ സാധ്യത വരുമായിരുന്നു. ദക്ഷിണാഫ്രിക്കയുടെ സിംബാബ് വെയ്ക്കെതിരായ മത്സരത്തിൽ മഴ വില്ലനായതോടെ അവർക്ക് നഷ്ടമായ ഒരു പോയിന്റും ഇന്ത്യാ-പാക് സ്വപ്ന ഫൈനലിന്റെ സാധ്യത കൂട്ടുന്നു.
ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ വിരാട് കോലിയുടെ വീരോചിത ഇന്നിങ്സിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. കോലിയുടെ മികച്ച ബാറ്റിങ് പ്രകടനത്തിൽ ഒരു ഘട്ടത്തിൽ നഷ്ടപ്പെട്ട മത്സരം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. ആരാധകരെ അമ്പരപ്പിച്ച കോലിയുടെ ബാറ്റിങ് പ്രകടനത്തിൽ പല റെക്കോഡുകളും തകർന്നുവീണു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടുന്ന ആറാമത്തെ താരം എന്ന റെക്കോഡ് കോലി പാക്കിസ്ഥാനെതിരായ മത്സരത്തിലൂടെ കോലി നേടിയെടുത്തു. ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡിനെ മറികടന്നാണ് കോലി ആറാമതെത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ കോലിയുടെ റൺനേട്ടം 24212 റൺസായി ഉയർന്നു. ഇതിൽ 71 സെഞ്ചുറികളും 126 അർധസെഞ്ചുറികളും ഉൾപ്പെടും. ഇതോടെ താരം ദ്രാവിഡിനെ മറികടന്ന് പട്ടികയിൽ ആറാമതായി. ദ്രാവിഡിന്റെ അക്കൗണ്ടിൽ 24208 റൺസാണുള്ളത്. 48 സെഞ്ചുറികളും 146 അർധസെഞ്ചുറികളും ദ്രാവിഡിനുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടിയിരിക്കുന്നത് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറാണ്. 34357 റൺസാണ് സച്ചിന്റെ അക്കൗണ്ടിലുള്ളത്. ശ്രീലങ്കയുടെ കുമാർ സംഗക്കാര (28016), ഓസ്ട്രേലിയൻ താരം റിക്കി പോണ്ടിങ് (27483), ശ്രീലങ്കയുടെ മഹേല ജയവർധനെ (25957), ദക്ഷിണാഫ്രിക്കൻ താരം ജാക്ക് കാലിസ് (25534) എന്നിവരാണ് രണ്ട് മുതൽ അഞ്ചുവരെയുള്ള സ്ഥാനങ്ങളിൽ. നിലവിൽ കളിക്കുന്ന താരങ്ങളുടെ കണക്കെടുത്തുമ്പോൾ കോലിയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം റൺസെടുത്ത താരം. പാക്കിസ്ഥാനെതിരായ പ്രകടനത്തിലൂടെ അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടിയ താരം എന്ന റെക്കോഡും കോലി കൂട്ടിച്ചേർത്തു. പാക്കിസ്ഥാനെതിരെ 53 പന്തുകളിൽ നിന്ന് പുറത്താവാതെ 82 റൺസാണ് കോലി അടിച്ചെടുത്തത്.
മെൽബണിലെ സൂപ്പർ പോരാട്ടത്തിൽ അവസാന പന്തിൽ ടീം ഇന്ത്യ കോലിയുടെ ഐതിഹാസിക ഇന്നിങ്സിന്റെ കരുത്തിൽ നാല് വിക്കറ്റിന്റെ ത്രില്ലർ ജയം സ്വന്തമാക്കുകയായിരുന്നു. പാക്കിസ്ഥാൻ മുന്നോട്ടുവെച്ച 160 റൺസ് വിജയലക്ഷ്യം 20-ാം ഓവറിലെ അവസാന പന്തിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ടീം ഇന്ത്യ നേടി. 19-ാം ഓവറിൽ ഹാരിസ് റൗഫിനെ തുടർച്ചയായി രണ്ട് സിക്സറിന് പറത്തി ആവേശക്കൊടുമുടി സൃഷ്ടിച്ച കോലി ഇന്നിങ്സിലെ അവസാന ഓവറിൽ ഇന്ത്യ വിജയിക്കുമ്പോൾ ആരാധകരെ തുള്ളിച്ചാടിച്ചു. അവസാന പന്തിൽ രവിചന്ദ്രൻ അശ്വിൻ ഇന്ത്യയുടെ വിജയറൺ നേടിയപ്പോൾ കോലി 53 പന്തിൽ 82* റൺസെടുത്ത് പുറത്താകാതെനിൽപുണ്ടായിരുന്നു. 37 പന്തിൽ 40 റൺസെടുത്ത ഹാർദിക് പാണ്ഡ്യയുടെ പ്രകടനവും നിർണായകമായി. മൂന്ന് വീതം വിക്കറ്റുമായി അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും ബൗളിംഗിൽ തിളങ്ങി.
കഴിഞ്ഞ ലോകകപ്പിലേറ്റ 10 വിക്കറ്റ് തോൽവിയുടെ കണക്ക് പരിശസഹിതം വീട്ടിയാണ് വിരാട് കോലി മിന്നും ജയവുമായി മെൽബണിലെ ആരാധകരെ ആവേശത്തിലാക്കിയത്. വിസ്മയ പ്രകടനത്തിന്റെ കരുത്തിൽ മെൽബണിലെ ഐതിഹാസിക വിജയത്തിന് പിന്നാലെ ഒരു രാത്രി നീണ്ട ആഘോഷങ്ങളായിരുന്നു മെൽബൺ ഗ്രൗണ്ടിലും ടീം ഹോട്ടലിലും രോഹിത് ശർമ്മയും സംഘവും നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ