കൊല്‍ക്കത്ത: ഐപിഎല്ലിലെ ത്രില്ലര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് നാല് റണ്‍സ് വിജയം. പവര്‍പ്ലേയിലെ വെടിക്കെട്ടും അവസാന ഓവറുകളിലെ ബൗണ്ടറി മേളവുമായി ഈഡന്‍ ഗാര്‍ഡന്‍സില്‍ വീരോചിത പോരാട്ടം നടത്തിയെങ്കിലും വിക്കറ്റുകള്‍ പൊഴിഞ്ഞതോടെ 239 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിനരികെ എത്താനെ കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞുള്ളു. നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് എന്ന സ്‌കോറില്‍ ആതിഥേയരുടെ ഇന്നിംഗ്‌സ് അവസാനിച്ചു. 35 പന്തില്‍ 61 റണ്‍സെടുത്ത ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. വെങ്കടേഷ് അയ്യര്‍ (29 പന്തില്‍ 45), റിങ്കു സിങ് (15 പന്തില്‍ 38), സുനില്‍ നരെയ്ന്‍ (13 പന്തില്‍ 30) എന്നിവരാണ് കൊല്‍ക്കത്തയുടെ മറ്റു റണ്‍വേട്ടക്കാര്‍.

പവര്‍ പ്ലേയില്‍ കൊല്‍ക്കത്ത ആഗ്രഹിച്ച തുടക്കമാണ് ബാറ്റര്‍മാര്‍ നല്‍കിയത്. ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡീ കോക്ക് - സുനില്‍ നരെയ്ന്‍ സഖ്യം 2.3 ഓവറില്‍ 37 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 15 റണ്‍സുമായി ക്വിന്റണ്‍ ഡീ കോക്ക് മടങ്ങിയതോടെ ക്രീസില്‍ ഒന്നിച്ച രഹാനെ - നരെയ്ന്‍ സഖ്യം കൊടുങ്കാറ്റായി. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ തന്നെ ടീം സ്‌കോര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 90ല്‍ എത്തി. പവര്‍ പ്ലേ പൂര്‍ത്തിയായതിന് പിന്നാലെ നായകന്‍ ഋഷഭ് പന്ത് സ്പിന്നര്‍മാരെ ഇറക്കി നടത്തിയ പരീക്ഷണം വിജയം കണ്ടു. 7-ാം ഓവറിന്റെ രണ്ടാം പന്തില്‍ തന്നെ സുനില്‍ നരെയ്‌നെ മടക്കിയയച്ച് ദിഗ്വേഷ് സിംഗ് ലക്‌നൗവിനെ മത്സരത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നു. വെറും 6 റണ്‍സ് മാത്രമാണ് ഈ ഓവറില്‍ കൊല്‍ക്കത്തയ്ക്ക് നേടാനായത്. രവി ബിഷ്‌ണോയി എറിഞ്ഞ 8-ാം ഓവറിന്റെ രണ്ടാം പന്തില്‍ ടീം സ്‌കോര്‍ 100ല്‍ എത്തി. 10 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ രഹാനെ-വെങ്കടേഷ് അയ്യര്‍ സഖ്യം ടീം സ്‌കോര്‍ 130ലേയ്ക്ക് ഉയര്‍ത്തി.

12 ഓവറില്‍ കൊല്‍ക്കത്ത 150 കടന്ന് കുതിക്കുമ്പോള്‍ 26 പന്തില്‍ അര്‍ധ സെഞ്ച്വറി പിന്നിട്ട രഹാനെയായിരുന്നു കൂടുതല്‍ അപകടകാരി. 13-ാം ഓവറിന്റെ ആദ്യത്തെ 5 പന്തുകളും വൈഡ് എറിഞ്ഞെങ്കിലും ഓവറിന്റെ അവസാന പന്തില്‍ രഹാനെയുടെ നിര്‍ണായക വിക്കറ്റ് നേടി ശര്‍ദ്ദൂല്‍ താക്കൂര്‍ തിരിച്ചടിച്ചു. 14-ാം ഓവറിന്റെ അവസാന പന്തില്‍ രമണ്‍ദീപ് സിംഗ് (1) പുറത്തായി. ഈ ഓവറില്‍ വെറും 4 റണ്‍സ് മാത്രമാണ് രവി ബിഷ്‌ണോയി വഴങ്ങിയത്. അവസാന 6 ഓവറില്‍ കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ 73 റണ്‍സ് എന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയതോടെ മത്സരം ആവേശത്തിലായി.

15-ാം ഓവറിന്റെ അവസാന പന്തില്‍ അംഗ്ക്രിഷ് രഘുവന്‍ഷിയെ (5) വീഴ്ത്തി ആവേശ് ഖാന്‍ മത്സരത്തില്‍ ലക്‌നൗവിന് വീണ്ടും മേല്‍ക്കൈ നല്‍കി. വെറും 7 റണ്‍സ് മാത്രം നേടിയ ഓവര്‍ കൊല്‍ക്കത്തയുടെ റണ്‍ റേറ്റിനെ കാര്യമായി ബാധിച്ചു. ഇതോടെ 5 ഓവറുകളില്‍ വിജയലക്ഷ്യം 66 റണ്‍സ് അകലെയായി മാറി. 16-ാം ഓവറിന്റെ രണ്ടാം പന്തില്‍ സിക്‌സറിന് ശ്രമിച്ച വെങ്കടേഷ് അയ്യരുടെ ഷോട്ട് ലോംഗ് ഓണില്‍ എയ്ഡന്‍ മാര്‍ക്രമിന്റെ കൈകളില്‍ അവസാനിച്ചു. 29 പന്തില്‍ 45 റണ്‍സ് നേടിയ വെങ്കടേഷിനെ ആകാശ് ദീപാണ് പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ അപകടകാരിയായ ആന്ദ്രെ റസലിനെ മടക്കിയയച്ച് ശര്‍ദൂല്‍ താക്കൂര്‍ മത്സരം ലക്‌നൗവിന് അനുകൂലമാക്കി.

18 ഓവറുകള്‍ പൂര്‍ത്തിയാകും മുമ്പ് ടീം സ്‌കോര്‍ 200 കടന്നെങ്കിലും ദിഗ്വേഷ് സിംഗിന്റെ ഓവറില്‍ വമ്പനടികള്‍ക്ക് റിങ്കു സിംഗിന് സാധിച്ചില്ല. 19-ാം ഓവറില്‍ 14 റണ്‍സ് പിറന്നു. ഇതോടെ അവസാന ഓവറില്‍ വിജയ ലക്ഷ്യം 24 റണ്‍സ് എന്ന നിലയിലെത്തി. ആദ്യ പന്തില്‍ ബൗണ്ടറി നേടിയ ഹര്‍ഷിത് റാണ രണ്ടാം പന്ത് പാഴാക്കുകയും പിന്നാലെ ഒരു സിംഗിള്‍ നല്‍കി സ്‌ട്രൈക്ക് റിങ്കുവിന് കൈമാറുകയും ചെയ്തു. എന്നാല്‍ 3 പന്തുകളില്‍ വിജയിക്കാന്‍ 19 റണ്‍സ് എന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. രണ്ട് ബൗണ്ടറികളും അവസാന പന്തില്‍ സിക്‌സറും പറത്തിയ റിങ്കു കൊല്‍ക്കത്തയെ ലക്ഷ്യത്തിന് അരികെ വരെ എത്തിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്‌നൗ 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെടുത്തു. ലക്‌നൗവിനായി ഓപ്പണര്‍ മിച്ചല്‍ മാര്‍ഷും നിക്കോളാസ് പുരാനും അര്‍ധ സെഞ്ചറി നേടി. 36 പന്തുകളില്‍ എട്ട് സിക്‌സറുകള്‍ അടക്കം 87 റണ്‍സാണ് പുരാന്‍ അടിച്ചെടുത്തത്. 48 പന്തുകള്‍ നേരിട്ട മാര്‍ഷ് 81 റണ്‍സാണു നേടിയത്. അഞ്ചു സിക്‌സുകളും ആറു ഫോറുകളും മാര്‍ഷ് അടിച്ചുകൂട്ടി. ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത ബോളര്‍മാര്‍ക്ക് യാതൊരു ആനുകൂല്യവും നല്‍കാതെയായിരുന്നു ലക്‌നൗവിന്റെ ബാറ്റിങ്. എയ്ഡന്‍ മാര്‍ക്രവും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന്, ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടില്‍ അടിച്ചുകൂട്ടിയത് 99 റണ്‍സ്.

ആദ്യ ആറോവറുകളില്‍ 59 റണ്‍സാണു ലക്‌നൗ ബാറ്റര്‍മാര്‍ സ്വന്തമാക്കിയത്. ഹര്‍ഷിത് റാണയെറിഞ്ഞ 11ാം ഓവറില്‍ മാര്‍ക്രം ബോള്‍ഡായെങ്കിലും ലക്‌നൗവിന്റെ ബാറ്റിങ് പ്രഹരം അവസാനിച്ചിരുന്നില്ല. നിക്കോളാസ് പുരാന്‍ തുടര്‍ച്ചയായി ബൗണ്ടറികള്‍ പറത്തിയതോടെ ലക്‌നൗ 200 ഉം കടന്നു മുന്നേറി. ആന്ദ്രെ റസ്സല്‍ എറിഞ്ഞ 16ാം ഓവറില്‍ റിങ്കു സിങ് ക്യാച്ചെടുത്താണു മാര്‍ഷ് ഔട്ടാകുന്നത്. 21 പന്തിലാണ് പുരാന്‍ 50 പിന്നിട്ടത്. ആറു റണ്‍സെടുത്തു പുറത്തായ അബ്ദുല്‍ സമദ് മാത്രമാണ് ലക്‌നൗ നിരയില്‍ തിളങ്ങാതെ പോയത്.