എഡ്ജ്ബാസ്റ്റൺ: 'ദി ഹൻഡ്രഡ്' ക്രിക്കറ്റ് ടൂർണമെൻ്റിൽ ബർമിംഗ്ഹാം ഫീനിക്സിനെതിരായ മത്സരത്തിൽ അഫ്‌ഗാൻ സ്പിന്നർ റഷീദ് ഖാൻ 20 പന്തിൽ വഴങ്ങിയത് 59 റൺസ്. റഷീദ് എറിഞ്ഞ അവസാന അഞ്ച് പന്തുകളിൽ നിന്ന് മൂന്ന് സിക്സറുകളും രണ്ട് ഫോറുകളുമടക്കം 26 റൺസാണ് ലിയാം ലിവിങ്സ്റ്റൺ അടിച്ചു കൂട്ടിയത്. ഇതോടെ ടൂർണമെന്റിലെ ഒരു സ്പെല്ലിൽ ഏറ്റവും ഉയർന്ന ബൗളിംഗ് വഴങ്ങലെന്നകൂടുതൽ റൺ വഴങ്ങിയെന്ന റെക്കോർഡ് റഷീദിൻ്റെ പേരിലായി.

ഇത് റഷീദിൻ്റെ ടി20 കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ്. 2018 ഐ.പി.എല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിനായി 55 റൺസ് വഴങ്ങിയതായിരുന്നു ഇതിന് മുൻപത്തെ മോശം പ്രകടനം. മത്സരത്തിൽ ഓവൽ ഇൻവിൻസിബിൾസ് ഉയർത്തിയ 181 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ബർമിംഗ്ഹാം ഫീനിക്സ്, ലിവിങ്സ്റ്റണിൻ്റെ കരുത്തിൽ 98 പന്തുകൾക്കുള്ളിൽ വിജയം സ്വന്തമാക്കി.

വെറും 27 പന്തിൽ നിന്ന് ഏഴ് ഫോറുകളും അഞ്ച് സിക്സറുകളുമടക്കം 69 റൺസുമായി ലിവിങ്സ്റ്റൺ പുറത്താകാതെ നിന്നു. 29 പന്തിൽ 51 റൺസെടുത്ത വിൽ സ്മീഡും മികച്ച പിന്തുണ നൽകി. ഇൻവിൻസിബിൾസിനായി സാഖിബ് മഹ്മൂദ് 13 പന്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി.നേരത്തെ, ഡോണോവൻ ഫെരേരയുടെ (29 പന്തിൽ 63), ജോർദാൻ കോക്സിൻ്റെയും (30 പന്തിൽ 44) ബാറ്റിംഗ് മികവിൽ ഓവൽ ഇൻവിൻസിബിൾസ് 100 പന്തിൽ 180 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയിരുന്നു.

ബർമിംഗ്ഹാമിനായി ട്രെൻ്റ് ബോൾട്ടും ആദം മിൽനെയും രണ്ട് വിക്കറ്റുകൾ വീതം നേടി. സീസണിലെ ആദ്യ തോൽവിയാണെങ്കിലും എട്ട് പോയിൻ്റുമായി ഓവൽ ഇൻവിൻസിബിൾസ് പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഈ വിജയത്തോടെ നാല് പോയിൻ്റുമായി ബർമിംഗ്ഹാം ഫീനിക്സ് ഏഴാം സ്ഥാനത്തേക്ക് ഉയർന്നു.