- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പിന് 'പരിക്കിന്റെ' ശാപം; ഹസരംഗയും സ്റ്റിർലിംഗും ഔട്ട്; ഇന്ത്യയെ ആശങ്കയിലാക്കി അഭിഷേകിന്റെ ഫിറ്റ്നസ്; പുറത്തായ താരങ്ങൾ ഇവർ

കൊളോമ്പോ: 2026 ഐസിസി പുരുഷ ടി20 ലോകകപ്പ് ആരംഭിച്ച് ഒരാഴ്ച തികയും മുൻപേ ടീമുകളെ പ്രതിസന്ധിയിലാക്കി സൂപ്പർ താരങ്ങളുടെ പരിക്ക്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ, ഇതിനോടകം തന്നെ പല പ്രമുഖ താരങ്ങൾക്കും പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.
ലോകകപ്പിൽ നിന്ന് പുറത്തായ താരങ്ങളും അവരുടെ പകരക്കാരും താഴെ നൽകുന്നു:
ടൂർണമെന്റിന് തൊട്ടുമുൻപ് തന്നെ ഓസ്‌ട്രേലിയൻ താരങ്ങളായ ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവർ പരിക്കിനെത്തുടർന്ന് പുറത്തായിരുന്നു. വെള്ളിയാഴ്ച (ഫെബ്രുവരി 13), അയർലൻഡ് ക്യാപ്റ്റൻ പോൾ സ്റ്റിർലിംഗും പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ മുട്ടിന് പരിക്കേറ്റ സ്റ്റിർലിംഗിന് പകരം സാം ടോപ്പിംഗിനെ ടീമിലെടുത്തു. ഒമാനെതിരായ മത്സരത്തിൽ തുടയ്ക്ക് പരിക്കേറ്റ സിംബാബ്‌വെ വെറ്ററൻ താരം ബ്രണ്ടൻ ടെയ്‌ലറും പുറത്തായി; പകരക്കാരനായി ബെൻ കറൻ ടീമിലെത്തി.
തിരിച്ചടിയേറ്റ മറ്റു ടീമുകൾ
ശ്രീലങ്ക: അയർലൻഡിനെതിരായ ആദ്യ മത്സരത്തിൽ ഹാംസ്ട്രിംഗിന് പരിക്കേറ്റ വിശ്വസ്ത സ്പിന്നർ വാനിന്ദു ഹസരംഗ ടൂർണമെന്റിൽ നിന്ന് പൂർണ്ണമായും പുറത്തായി. ദുഷാൻ ഹേമന്തയാണ് പകരക്കാരൻ.
ന്യൂസിലൻഡ്: കാലിന് പരിക്കേറ്റ ഓൾറൗണ്ടർ മൈക്കൽ ബ്രേസ്‌വെല്ലിന്റെ സേവനം കിവീസിന് നഷ്ടമാകും. കോൾ മക്കോഞ്ചി ടീമിനൊപ്പം ചേരും.
ഓസ്‌ട്രേലിയ: ക്യാപ്റ്റൻ മിച്ചൽ മാർഷിന് പരിശീലനത്തിനിടെ പരിക്കേറ്റത് ഓസീസ് ക്യാമ്പിനെ ആശങ്കയിലാഴ്ത്തി. അയർലൻഡ്, സിംബാബ്‌വെ എന്നിവർക്കെതിരായ മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായി.
ഇന്ത്യ: ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് ഉദരരോഗബാധയെത്തുടർന്ന് ഡൽഹിയിൽ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. ഫെബ്രുവരി 12-ന് നമീബിയക്കെതിരായ മത്സരം നഷ്ടമായ താരം ടീമിനൊപ്പം ചേർന്നുവെങ്കിലും പാകിസ്താനെതിരായ മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.
ഇറ്റലി: ആദ്യമായി ലോകകപ്പ് കളിക്കുന്ന ഇറ്റലിയുടെ ക്യാപ്റ്റൻ വെയ്ൻ മാഡ്‌സണ് സ്കോട്ട്‌ലൻഡിനെതിരായ മത്സരത്തിനിടെ തോളിന് പരിക്കേറ്റു. നേപ്പാളിനെതിരായ മത്സരത്തിൽ അദ്ദേഹത്തിന് കളിക്കാനായില്ല.


