കൊളംബോ: ടി-20 ലോകകപ്പിന് ശേഷം മാറ്റത്തിന്റെ പാതയിലാണ് ടീം ഇന്ത്യ. രാഹുല്‍ ദ്രാവിഡ് ടീമില്‍ നിന്നും വിടപറഞ്ഞു, പകരം ഗൗതം ഗംഭീര്‍ കോച്ചിന്റെ ചുമതലയേറ്റിരുന്നു. 2011ലെ ലോകകപ്പ് ഹീറോയും മുന്‍ ഓപ്പണിങ് ബാറ്ററുമായ ഗൗതം ഗംഭീറാണ് പുതിയ കോച്ച്. ടീമിന്റെ കോച്ചായതിന് ശേഷം ഒരുപാട് ചുമതലയാണ് ഗംഭീറിനെ തേടിയെത്തുന്നത്.

താരത്തിന് മുകളില്‍ ഒരുപാട് പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്. ഇന്ത്യന്‍ ടീമിന്റെയും ഗംഭീറിന്റെയും ആരാധകര്‍ ഒരുപാട് ആവേശത്തിലാണ് ഗംഭീറിനെ വരവേല്‍ക്കുന്നത്. മാധ്യമങ്ങളും ഗംഭീറിന്റെ വരവിനെ ആഘോഷമാക്കുന്നുണ്ട്. എന്നാല്‍ താരത്തിനെ ആഘോഷമാക്കുന്നവരോട് ഒന്നടങ്ങാന്‍ പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഒരു വ്യക്തിക്കപ്പുറം ടീമാണ് ക്രിക്കറ്റിന് എല്ലാമെന്ന് മഞ്ചരേക്കര്‍ ചൂണ്ടിക്കാണിച്ചു. ട്വിറ്ററിലാണ് മഞ്ചരേക്കര്‍ പ്രതികരണം അറിയിച്ചത്.

'കോച്ച് ഇല്ല, ലാല്‍ചന്ദ് രാജ്പുത്, ഗാരി കിര്‍സ്റ്റണ്‍, രാഹുല്‍ ദ്രാവിഡ്. ഇവരാണ് ഇന്ത്യ ലോകകപ്പ് നേടിയപ്പോഴുള്ള കോച്ചുമാര്‍. ഇത് തീര്‍ത്തും ഇന്ത്യന്‍ ടീമിനെ കുറിച്ചാണ് കോച്ച് ആരാണെന്നുള്ളതിലല്ല. ഇത് രണ്ടും ഒന്നാണെന്ന് വിശ്വസിക്കുന്നത് നമ്മള്‍ നിര്‍ത്തണം,' മഞ്ജരേക്കര്‍ ട്വീറ്റ് ചെയ്തു.

കപില്‍ ദേവ് ആദ്യമായി ഇന്ത്യയെ ലോകകപ്പിലേക്ക് നയിച്ചപ്പോള്‍ ഇന്ത്യക്ക് കോച്ചില്ലായിരുന്നു. പിന്നീട് 2007ലും 2011ലും ധോണിക്ക് കീഴില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ലാല്‍ചന്ദ് രാജ്പുത്, ഗാരി കിര്‍സ്റ്റണ്‍ എന്നിവരായിരുന്നു ഇന്ത്യയുടെ കോച്ചുമാര്‍. പിന്നീട് ഇന്ത്യ ഒരു ലോകകപ്പ് നേടുന്നത് 2024ല്‍ ദ്രാവിഡ് കോച്ചായതിന് ശേഷമാണ്. 2013ല്‍ ഡങ്കന്‍ ഫ്‌ലച്ചറുടെ കീഴില്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടിയിരുന്നു. കോച്ചായതിന് ശേഷം ഗംഭീറിന്റെ ആദ്യ മത്സരം ജുലൈ 27ന് ശ്രിലങ്കക്കെതിരെയായിരിക്കും.