ജിദ്ദ: ഐപിഎല്‍ 2025 സീസണിനു മുന്നോടിയായുള്ള മെഗാ താരലേലം സൗദിയിലെ ജിദ്ദയില്‍ അന്തിമ ഘട്ടത്തിലേക്ക്. രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ പേസ് ബോളര്‍മാരാണ് വന്‍ നേട്ടമുണ്ടാക്കിയത്. ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, മുകേഷ് യാദവ്, ആകാശ്ദീപ് സിങ് എന്നീ താരങ്ങള്‍ക്ക് താരലേലത്തില്‍ വന്‍ തുക ലഭിച്ചു.

ഭുവനേശ്വര്‍ കുമാറിനെ 10.75 കോടി രൂപയ്ക്ക് ആര്‍സിബി സ്വന്തമാക്കി. ദീപക് ചാഹര്‍ 9.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സിലെത്തി. ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയങ്ങളായ മുകേഷ് കുമാര്‍, ആകാശ്ദീപ് സിങ് എന്നിവര്‍ക്ക് എട്ടു കോടി രൂപ വീതം ലഭിച്ചു. മുകേഷിനെ ഡല്‍ഹിയും ആകാശ്ദീപിനെ ലക്‌നൗവും ടീമിലെത്തിച്ചു. ചെന്നൈയ്ക്ക് കളിച്ചിരുന്ന തുഷാര്‍ ദേശ്പാണ്ഡെയെ 6.50 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും ഇന്ത്യയെ ഒരുപോലെ വിഷമിപ്പിച്ച യാന്‍സന്, ഐപിഎല്‍ താരലേലത്തില്‍ പൊന്നും വില നേടി. ഏഴു കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സാണ് യാന്‍സനെ സ്വന്തമാക്കിയത്. ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയില്‍ മികച്ച പ്രകടനം കൊണ്ടു ശ്രദ്ധ നേടുന്ന താരങ്ങള്‍ക്ക് ഐപിഎല്‍ താരലേലത്തില്‍ മികച്ച തുക ലഭിക്കുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. ഇതു ശരിവച്ചാണ് മാര്‍ക്കോ യാന്‍സനെ 7 കോടി രൂപയ്ക്ക് പഞ്ചാബ് സ്വന്തമാക്കിയത്. പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ നാലാമനും ദക്ഷിണാഫ്രിക്കന്‍ താരങ്ങളില്‍ രണ്ടാമനുമായിരുന്നു യാന്‍സന്‍. നേടിയത് നാല് കളികളില്‍നിന്ന് 34.00 ശരാശരിയില്‍ 102 റണ്‍സ്.

പരമ്പരയില്‍ രണ്ടു സെഞ്ചറികളുമായി മിന്നിത്തിളങ്ങിയ മലയാളി താരം സഞ്ജു സാംസണിനെ, മറ്റു രണ്ടു മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്താക്കിയതും യാന്‍സനായിരുന്നു. ഇന്ത്യ ഏറെ പ്രതീക്ഷ വച്ചിരുന്ന സഞ്ജുവിനെ, തുടര്‍ച്ചയായി രണ്ടു മത്സരങ്ങളില്‍ ആദ്യ ഓവറിലാണ് യാന്‍സന്‍ പൂജ്യത്തിന് പുറത്താക്കിയത്. ഇതിനു പുറമേ, പിച്ചില്‍ കയറിയിതിന്റെ പേരില്‍ സഞ്ജു സാംസണുമായി വാക്‌പോര് നടത്തിയും ശ്രദ്ധ നേടിയിരുന്നു.

രാജസ്ഥാന്റെ ശക്തമായ ശ്രമം മറികടന്ന് ക്രുനാല്‍ പാണ്ഡ്യയെ 5.75 കോടി രൂപയ്ക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലെടുത്തു. ഐപിഎലില്‍ മികച്ച റെക്കോര്‍ഡുള്ള നിതീഷ് റാണയെ 4.20 കോടി രൂപയ്ക്ക് രാജസ്ഥാന്‍ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലേസിയെ 2 കോടി രൂപയ്ക്ക് ഡല്‍ഹിയും വിന്‍ഡീസ് താരം റോവ്മന്‍ പവലിനെ 1.5 കോടിക്ക് കൊല്‍ക്കത്തയും ടീമിലെത്തിച്ചു. വാഷിങ്ടന്‍ സുന്ദറിനെ 3.2 കോടിക്ക് ഗുജറാത്തും ജോഷ് ഇന്‍ഗ്ലിസിനെ 2.60 കോടിക്ക് പഞ്ചാബും സ്വന്തമാക്കി.

ഇന്ത്യന്‍ പേസര്‍ ഉമ്രാന്‍ മാലിക്കിന് ആവശ്യക്കാരില്ല. 75 ലക്ഷം അടിസ്ഥാന വിലക്ക് ലേലത്തിനെത്തിയ ഉമ്രാന്‍ മാലിക്കിനെ ലേലത്തില്‍ ഒരു ടീമും വിളിച്ചില്ല. ഐപിഎല്ലിലെ വേഗതയേറിയ ബൗളറായിരുന്ന ഉമ്രാന്‍ മാലിക്ക് റണ്‍സേറെ വഴങ്ങുന്നതാണ് തിരിച്ചടിയായത്.

ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മയെ അടിസ്ഥാനവിലയായ 75 ലക്ഷം രൂപക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയപ്പോള്‍ രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനും ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവിനും ലേലത്തില്‍ ആവശ്യക്കാരുണ്ടായിരുന്നില്ല. ഇംഗ്ലണ്ട് താരങ്ങളായ മൊയീന്‍ അലി, ബെന്‍ ഡക്കറ്റ്, ജൂനിയര്‍ എ ബി ഡിവില്ലിയേഴ്‌സ് എന്ന വിശേഷണമുള്ള ദക്ഷിണാഫ്രിക്കന്‍ താരം ഡെവാള്‍ഡ് ബ്രെവിസ് എന്നിവര്‍ക്കും ആവശ്യക്കാരുണ്ടായില്ല. അജിന്‍ക്യ രഹാനെ, മയാങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ഡാരില്‍ മിച്ചല്‍, ഷായ് ഹോപ്പ്, കെ.എസ്. ഭരത്, അലക്‌സ് ക്യാരി, ഡൊണോവന്‍ ഫെറെയ്ര എന്നിവര്‍ ആദ്യ ഘട്ടത്തില്‍ 'അണ്‍ സോള്‍ഡ്' ആയി.