ലണ്ടന്‍: ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടമുയര്‍ത്തിയത് ദക്ഷിണാഫ്രിക്കയുടെ മണ്ടത്തരം മൂലമായെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തരായ ടീമായ ഇന്ത്യയെ തുടക്കത്തിലെ പുറത്താക്കാനുള്ള സുവര്‍ണാവസരം ദക്ഷിണാഫ്രിക്ക പാഴാക്കിയെന്നാണ് വോണിന്റെ വിമര്‍ശനം.

സൂപ്പര്‍ 8 ഘട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മത്സരത്തില്‍ ദക്ഷിണാഫ്രിക്ക തോറ്റിരുന്നെങ്കില്‍ ഇന്ത്യ സെമി കാണാതെ പുറത്താകുമായിരുന്നുവെന്ന് വോണ്‍ ചൂണ്ടിക്കാട്ടി. 'ഈ ടൂര്‍ണമെന്റിലെ ഏറ്റവും മണ്ടന്‍ ടീം ഏതാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും അത് ദക്ഷിണാഫ്രിക്കയാണെന്ന്. സൂപ്പര്‍ 8-ല്‍ അവര്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റിരുന്നെങ്കില്‍ ഇന്ത്യ ടൂര്‍ണമെന്റിന് പുറത്താകുമായിരുന്നു. ഇന്ത്യ എന്ന വമ്പന്‍ ശക്തിയെ തടയാനുള്ള ഏക വഴി അതായിരുന്നു. കിരീടം നേടണമെങ്കില്‍ ഏറ്റവും മികച്ച ടീമിനെ നേരത്തെ തന്നെ പുറത്താക്കുകയാണ് ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടത്', വോണ്‍ കൂട്ടിച്ചേര്‍ത്തു.

സൂപ്പര്‍ 8-ല്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റിരുന്നു. സിംബാബ്വെക്കെതിരെയും വെസ്റ്റ് ഇന്‍ഡീസിനെതിരെയും ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് സെമി സാധ്യത ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ദക്ഷിണാഫ്രിക്ക വിന്‍ഡീസിനെ തോല്‍പ്പിച്ചതോടെ ഇന്ത്യയുടെ പാത എളുപ്പമായി. ഇന്ത്യ സിംബാബ്വെയെയും വെസ്റ്റ് ഇന്‍ഡീസിനെയും തോല്‍പ്പിച്ച് സെമിയിലേക്ക് മുന്നേറി. ഇന്ത്യയെ പുറത്താക്കാന്‍ ലഭിച്ച ആ സുവര്‍ണ്ണാവസരം ദക്ഷിണാഫ്രിക്ക കളഞ്ഞുകുളിച്ചെന്നും, അതുകൊണ്ടാണ് ഇന്ത്യ സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം ചൂടി ചരിത്രം കുറിച്ചതെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു.