അഡ്ലെയ്ഡ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ രണ്ടാം മത്സരം അടുത്ത ദിവസം ആരംഭിക്കാനിരിക്കെ ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടി. ഓള്‍ റൗണ്ടര്‍ മിച്ചര്‍ മാര്‍ഷിന് പരിക്ക് പറ്റിയതാണ് ഓസീസിന് തിരിച്ചടി ആയിരിക്കുന്നത്. മിച്ചല്‍ മാര്‍ഷിന് പകരം ഓള്‍ റൗണ്ടര്‍ ബ്യൂ വെബ്സ്റ്ററെ ടീമില്‍ ഉള്‍പ്പെടുത്തി.

ഓസ്‌ട്രേലിയയിലെ ആഭ്യന്തര ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റായ ഷെഫീല്‍ഡ് ഷീല്‍ഡില്‍ കഴിഞ്ഞ രണ്ട് സീസണുകളിലായി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന താരമാണ് 30കാരനായ വെബ്സ്റ്റര്‍. മാര്‍ഷിനെപ്പോലെ വലം കൈയന്‍ പേസ് ബൗളറായ വെബ്സ്റ്റര്‍ ഷെഫീല്‍ഡ് ഷീല്‍ഡില്‍ കഴിഞ്ഞ രണ്ട് സീസണുകളിലായി ടാസ്മാനിയക്കായി അഞ്ച് സെഞ്ചുറിയും ഒമ്പത് ഫിഫ്റ്റിയും അടക്കം 1788 റണ്‍സെടുത്തിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച നടന്ന മത്സരത്തില്‍ ന്യൂ സൗത്ത് വെയില്‍സിനെതിരെ 49 പന്തില്‍ 61 റണ്‍സടിച്ച വെബ്സ്റ്റര്‍ അഞ്ച് വിക്കറ്റും വീഴ്ത്തിയിരുന്നു. കഴിഞ്ഞ സീസണിലെ ഷെഫീല്‍ഡ് ഷീല്‍ഡിലെ മികച്ച കളിക്കാരനായും വെബ്‌സറ്റര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡിസംബര്‍ ആറിന് അഡ്ലെയ്ഡിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. ഡേ നൈറ്റ് ടെസ്റ്റാണിത്.

ആദ്യ ടെസ്റ്റില്‍ 295 റണ്‍സിന്റെ കനത്ത തോല്‍വി വഴങ്ങിയ ഓസ്‌ട്രേലിയ അഞ്ച് മത്സര പരമ്പരയില്‍ 0-1ന് പിന്നിലാണ്. രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ടീം ശനിയാഴ്ച മുതല്‍ ഓസ്‌ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനുമായി ദ്വിദിന പരിശീലന മത്സരം കളിക്കുന്നുണ്ട്. കാന്‍ബറയിലാണ് മത്സരം.

രണ്ടാം ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ ടീം: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്സ് കാരി, ജോഷ് ഹേസില്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലാബുഷെയ്ന്‍, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, നഥാന്‍ മക്സ്വീനി, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യൂ വെബ്സ്റ്റര്‍.