ദുബായ്: ഏഷ്യ കപ്പ് ഫൈനലിനു പിന്നാലെ എ.സി.സി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയില്‍നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യ നിലപാട് സ്വീകരിച്ചതോടെ ട്രോഫിയുമായി ചെയര്‍മാന്‍ മുങ്ങിയത് വിവാദമായിരുന്നു. സ്റ്റേഡിയത്തില്‍നിന്ന് നഖ്വി ട്രോഫിയുമായി തിരികെ മടങ്ങുകയാണ് നഖ്വി ചെയ്തത്. എന്നാല്‍, പ്രോട്ടോകാള്‍ പ്രകാരം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ മുംബൈയിലെ ആസ്ഥാനത്ത് ട്രോഫി എത്തിയെന്ന് ഉറപ്പിക്കാനുള്ള ബാധ്യത ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനുണ്ട്. എന്നാല്‍ ഇരു കക്ഷികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടരുന്നതിനാല്‍ എപ്പോഴാകും അത് നടക്കുകയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ക്രിക്ബസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, ട്രോഫി ഇന്ത്യന്‍ ടീമിന് കൈമാറാന്‍ തയാറാണെന്ന് നഖ്വി സംഘാടകരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഔദ്യോഗികമായി നടത്തുന്ന ചടങ്ങില്‍ തന്റെ കൈയില്‍നിന്ന് ട്രോഫി സ്വീകരിക്കാമെന്നാണ് നഖ്വി മുന്നോട്ടുവെക്കുന്ന നിര്‍ദേശം. നിലവിലെ സാഹചര്യത്തില്‍ നടക്കാന്‍ യാതൊരു സാധ്യതയുമില്ലാത്ത നിര്‍ദേശമാണിത്. ഇതോടെ ഏഷ്യാകപ്പിലെ വടംവലി തുടരാനാണ് സാധ്യത.

എട്ട് ടീമുകള്‍ അണിനിരന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഞായറാഴ്ചയാണ് ഇന്ത്യ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ജേതാക്കളായത്. മൈതാനത്തെ മത്സരം അവസാനിച്ചിട്ടും പുറത്തെ അധികാര മത്സരം തുടരുകയാണ്. എ.സി.സി ചെയര്‍മാന്‍ എന്നതിനപ്പുറം, പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ തലവനും പാകിസ്താന്‍ ആഭ്യന്തര മന്ത്രി കൂടിയാണ് നഖ്വി. ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങളും സമൂഹമാധ്യമ പോസ്റ്റും നഖ്വിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഇതോടെയാണ് ടീം ട്രോഫി സ്വീകരിക്കുന്നതില്‍നിന്ന് വിട്ടുനിന്നത്. 45 മിനിറ്റ് വൈകി ആരംഭിച്ച പ്രസന്റേഷന്‍ സെറിമണിയില്‍, പാകിസ്താന്‍ ടീം റണ്ണറപ്പിനുള്ള ചെക്കും മെഡലുകളും സ്വീകരിച്ചിരുന്നു.