ഹൈദരാബാദ്: ക്രിക്കറ്റ് ലോകത്തെ ഏറ്റവും ജനപ്രിയമായ പേരുകളിലൊന്നാണ് എംഎസ് ധോണി. ലോക ക്രിക്കറ്റിലെ ഇതിഹാസ താരമായ ധോണി ഇന്ത്യക്ക് നിരവധി കിരീടങ്ങള്‍ നേടിത്തന്ന നായകനാണ്. വിക്കറ്റ് കീപ്പറായും ഫിനിഷറായുമെല്ലാം കസറിയ താരം മൂന്ന് ഐസിസി ട്രോഫിയാണ് ഇന്ത്യയിലേക്ക് എത്തിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങിയെങ്കിലും എം.എസ് ധോണിയുടെ താരമൂല്യം വളരെ ഉയരത്തിലാണ്. അതിനാല്‍ നിരവധി ബ്രാന്‍ഡുകളുടെ അംബാസഡറായി താരം മാറുന്നു. ഇപ്പോള്‍ ബ്രാന്‍ഡുകളുടെ എണ്ണത്തില്‍ സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാനേയും അമിതാഭ് ബച്ചനേയുമടക്കം പിന്നിലാക്കി ധോണി. ആരാധകരിലെ സ്വീകര്യത ധോണിയെ വലിയ ബ്രാന്‍ഡാക്കി മാറ്റിയിരിക്കുകയാണ്. 2023 ജനുവരി-ജൂണ്‍ മാസങ്ങളില്‍ ധോണിക്ക് 32 ബ്രാന്‍ഡുകളുടെ ഡീലുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഈ വര്‍ഷം 42 ആയി ഉയര്‍ന്നു.

അമിതാഭിന് 41 ബ്രാന്‍ഡ് ഡീലുകള്‍ ഉള്ളപ്പോള്‍ ഷാരൂഖ് 34 ഡീലുകളുമായി പട്ടികയില്‍ മൂന്നാമതാണ്. വിരാട് കോലി 21 ബ്രാന്‍ഡുകളുടെ ഡീലുകളുടെ അടിസ്ഥാനത്തില്‍ പത്താം സ്ഥാനത്തും സൗരവ് ഗാംഗുലി 22-ാം സ്ഥാനത്തുമാണ്. കോലിക്ക് കഴിഞ്ഞ വര്‍ഷം 29 ഡീലുകള്‍ ഉണ്ടായിരുന്നു. ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ക്ലിയര്‍ട്രിപ്പ്, സിട്രോയിന്‍, ഇമോട്ടോറാഡ്, ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പ് ഗരുഡ എയ്റോസ്പേസ്, പെപ്സികോയുടെ ലേയ്സ്, മാസ്റ്റര്‍കാര്‍ഡ്, ഗള്‍ഫ് ഓയില്‍, ഓറിയന്റ് ഇലക്ട്രിക്, എക്സ്പ്ലോസീവ് വെയ് തുടങ്ങി നിരവധി പ്രശസ്ത കമ്പനികള്‍ ധോണിയുമായി ഡീലുള്ള കമ്പനികളാണ്.

ചെന്നൈ സൂപ്പര്‍ കിംഗ്സിനെ അഞ്ച് ഐപിഎല്‍ കിരീടങ്ങളിലേക്ക് ധോണി നയിച്ചു. വര്‍ഷങ്ങളായി ഫ്രാഞ്ചൈസിയുമായുള്ള താരത്തിന്റെ ബന്ധം വിപണിയില്‍ ബ്രാന്‍ഡ് മൂല്യം ഉറപ്പിച്ചു. വരുന്ന സീസണിലും ധോണിയുടെ വെടിക്കെട്ട് ബാറ്റിങ് കാണാമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.