വൈറ്റ്-ബോള്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് ഹാര്‍ദിക് പാണ്ഡ്യ. വളരെ കൂളായി നിന്ന് മത്സരം ഫിനിഷ് ചെയ്യാനും ഏത് സമ്മര്‍ദ്ദവും കൈകാര്യം ചെയ്യാനും ഹാര്‍ദികിനെ പോലെ മിടുക്കുള്ള താരങ്ങള്‍ വളരെ കുറവാണ്. ബാറ്റ് കൊണ്ട് തിളങ്ങാന്‍ സാധിച്ചില്ലെങ്കില്‍ പന്തുകൊണ്ടും പന്തുകൊണ്ട് പറ്റിയില്ലെങ്കില്‍ ബാറ്റുകൊണ്ടും താരത്തിന്റെ സംഭാവനകള്‍ വിലപ്പെട്ടതാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിട്ടും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കഴിഞ്ഞ സീസണില്‍ രോഹിതിനെ മാറ്റി ഹാര്‍ദിക് നായകനായപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ അദ്ദേഹത്തെ കൂക്കിവിളിച്ചു.

സ്വന്തം ആരാധകര്‍ വരെ കൂക്കിവിളിക്കുക എന്ന് പറയുന്ന സ്ഥിതി ഒരു താരവും ആഗ്രഹിക്കാത്തത് ആണെങ്കിലും ഹാര്‍ദിക് കളിച്ച എല്ലാ വേദികളിലും കൂവലുകളും ട്രോളുകളും കേട്ടു. സീസണില്‍ മുംബൈ ഇന്ത്യന്‍സ് അവസാന സ്ഥാനക്കാരായി പോരാട്ടം അവസാനിപ്പിച്ചതോടെ വിമര്‍ശനം അതിന്റെ ഉയരത്തില്‍ എത്തി. അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് അടുത്ത പണി കൊടുത്തത്. 2024 ലെ ടി20 ലോകകപ്പില്‍ ടീം വിജയിച്ചതിന് ശേഷം രോഹിത് വിരമിച്ചതിന് ശേഷം ഇന്ത്യയുടെ ടി20ഐ ക്യാപ്റ്റനായ ഏക മത്സരാര്‍ത്ഥി അദ്ദേഹമായിരുന്നു. എന്നിരുന്നാലും, ഹാര്‍ദിക്കിനെ അവഗണിക്കുകയും സൂര്യകുമാര്‍ യാദവ് നായകനാകുകയും ചെയ്തു.

ഇത് എല്ലാം ആയിട്ടും, ദേശീയ ടീമിനായി ഹാര്‍ദിക് മികച്ച പ്രകടനം കാഴ്ചവച്ചു. ടി20 ലോകകപ്പിലും 2025 ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ഓള്‍റൗണ്ടറായി അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ടി 20 ലോകകപ്പ് ഫൈനലില്‍, ഏറ്റവും അപകടകാരികളായ രണ്ട് ബാറ്റ്സ്മാന്‍മാരായ ഹെന്റിച്ച് ക്ലാസനെയും ഡേവിഡ് മില്ലറെയും അദ്ദേഹം പുറത്താക്കി. ഫൈനലിലെ നിര്‍ണായകമായ അവസാന ഓവര്‍ എറിഞ്ഞ് ഇന്ത്യക്ക് ജയം ഒരുക്കിയതും താരം തന്നെയാണ്.

വെല്ലുവിളികള്‍ നേരിട്ടിട്ടും സ്ഥിരത ഇത്രയധികം മികവ് കാണിച്ചതിന് താരത്തെ പിന്തുണച്ച് മുഹമ്മദ് കൈഫ് രംഗത്ത് എത്തിയിരിക്കുകയാണ്. ''അദ്ദേഹം തന്റെ വേദന ആരോടും പ്രകടിപ്പിച്ചില്ല, മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. അതൊരു മോശം യാത്രയായിരുന്നു, പക്ഷേ അദ്ദേഹം തളര്‍ന്നില്ല. ആരാധകര്‍ അദ്ദേഹത്തെ കൂക്കിവിളിച്ചു, ഓള്‍റൗണ്ടറെ ബിസിസിയും നായകസ്ഥാനത്ത് നിന്നും ഒഴിവാക്കി. നിങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടപെടാതിരിക്കാമായിരുന്നു, പക്ഷേ അപമാനങ്ങള്‍ ഒരിക്കലും നല്ലതല്ല. അദ്ദേഹം മാനസികമായി പീഡിപ്പിക്കപ്പെട്ടു. എന്തായാലും, അദ്ദേഹം ലോകകപ്പില്‍ കളിക്കുകയും ഫൈനലില്‍ ഒരു നിര്‍ണായക ഓവര്‍ എറിയുകയും ചെയ്തു. ഓസ്ട്രേലിയയ്ക്കെതിരായ ചാമ്പ്യന്‍സ് ട്രോഫിയുടെ സെമിഫൈനലില്‍, ആദം സാമ്പയുടെ പന്തില്‍ അദ്ദേഹം നേടിയ സിക്‌സ് ആയിരുന്നു കളിയിലെ ട്വിസ്റ്റ്'' മുഹമ്മദ് കൈഫ് പറഞ്ഞു.

കൈഫ് ഹാര്‍ദിക്കിന് വിജയകരമായ ഒരു ഐപിഎല്‍ പ്രവചിച്ചു. '2025 ലെ ഐപിഎല്ലില്‍ ഹാര്‍ദിക്കിനെ സൂക്ഷിക്കുക. മുംബൈ ഇന്ത്യന്‍സ് പ്ലേഓഫിലേക്ക് എത്തും. ആരാധകര്‍ അദ്ദേഹത്തെ പിന്തുണയ്ക്കും, രോഹിത് ശര്‍മ്മ അദ്ദേഹത്തിന് പിന്തുണ നല്‍കും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.