കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമാണ് മുഹമ്മദ് ഷമി. എന്നാല്‍ അതിന് ശേഷം പരിക്ക് മൂലം ഒരു വര്‍ഷത്തോളം അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിട്ടു നിന്നിരുന്നു. പരിക്കില്‍ നിന്ന് മുക്തി നേടി ഇപ്പോള്‍ തകര്‍പ്പന്‍ തിരിച്ച് വരവ് താരം രഞ്ജി ട്രോഫിയില്‍ നടത്തിയിരുന്നു. ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമായ ഷമിയെ ഇത്തവണത്തെ റീടെന്‍ഷനില്‍ ടീം നിലനിര്‍ത്തിയിരുന്നില്ല.

ഷമിയെ ടീമില്‍ എടുക്കാത്തതിന് പിറകെ താരത്തെ വിമാര്‍ശിച്ചുകൊണ്ട് സഞ്ജയ് മഞ്ജരേക്കര്‍ രംഗത്തെത്തി. ഷമിയെ തട്ടകത്തിലെത്തിക്കാന്‍ എല്ലാ ടീമുകള്‍ക്കും തീര്‍ച്ചയായും താല്‍പര്യമുണ്ടാകും. പക്ഷേ അദ്ദേഹത്തിന്റെ പരിക്കിന്റെ ചരിത്രം നോക്കിയാല്‍ സീസണില്‍ വിലയില്‍ ഇടിവ് സംഭവിക്കാന്‍ വലിയ സാധ്യതയുണ്ട്. പരിക്കില്‍ നിന്ന് മുക്തനാവാന്‍ ഷമി ഒരുപാട് കാലമെടുത്തിരുന്നു. ഇനി ഏതെങ്കിലും ടീം സ്വന്തമാക്കിയാലും സീസണിന്റെ പകുതിക്ക് വെച്ച് അദ്ദേഹത്തെ വീണ്ടും നഷ്ടപ്പെട്ടാല്‍ അത് തിരിച്ചടിയാവും. ആ റിസ്‌ക് കണക്കിലെടുത്താല്‍ ലേലത്തില്‍ ഷമിയുടെ വിലകുറയുമെന്നാണ് തോന്നുന്നത്'' ഇതായിരുന്നു സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞത്.

എന്നാല്‍ മഞ്ജരേക്കര്‍ പറഞ്ഞത് ഷമിക്ക് അത്രക്ക് അങ്ങോട്ട് പിടിച്ചില്ല. തൊട്ടുപിന്നാലെ തകര്‍പ്പന്‍ മറുപടിയുമായി ഷമിയും രംഗത്ത് എത്തി. ഇന്‍സ്റ്റാ സ്റ്റോറിയിലൂടെയാണ് മഞ്ജരേക്കര്‍ക്ക് ഷമി മറുപടി നല്‍കിയത്. 'നമസ്‌കാരം ബാബ, കുറച്ച് അറിവ് നിങ്ങളുടെ ഭാവിയിലേക്കും സൂക്ഷിക്കുക. അത് സഞ്ജയ് ജിക്ക് ഉപകാരപ്പെടും. ഇനി ആര്‍ക്കെങ്കിലും നിങ്ങളുടെ ഭാവിയെ കുറിച്ച് അറിയണമെന്നുണ്ടെങ്കില്‍ സാറിനെ പോയി കാണേണ്ടതാണ്'' മുഹമ്മദ് ഷമി കുറിച്ചു.