- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യ പുറത്താകും, സെമിയിലെത്താൻ പോകുന്നത് ആ രണ്ട് ടീമുകൾ'; അവർക്ക് ഏത് ടീമിനെയും തോൽപ്പിക്കാനാകും; പ്രവചനവുമായി മുൻ പാകിസ്ഥാൻ താരം

ലാഹോർ: ടി20 ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് മുൻ പാകിസ്ഥാൻ താരം മുഹമ്മദ് അമീർ നടത്തിയ പ്രവചനങ്ങൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചയാകുന്നു. സൂപ്പർ-8 ഘട്ടം ആരംഭിക്കാനിരിക്കെ, സെമി ഫൈനലിൽ എത്തുന്ന ടീമുകളെ പ്രവചിക്കവേയാണ് അമീർ ഇന്ത്യ പുറത്താകുമെന്ന് പറഞ്ഞത്. ഇന്ത്യയുടെ ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്കയെയും വെസ്റ്റ് ഇൻഡീസിനെയും കൂടാതെ സിംബാബ്‌വെയും ഉൾപ്പെടുന്നുണ്ട്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർക്ക് മാത്രമാണ് സെമി ഫൈനലിലേക്ക് യോഗ്യത ലഭിക്കുക.
ഇന്ത്യ പുറത്താകും; അമീറിന്റെ വിവാദ പ്രവചനം
സൂപ്പർ-8 ഗ്രൂപ്പുകൾ തീരുമാനിക്കപ്പെട്ടതിന് പിന്നാലെ ഓരോ ഗ്രൂപ്പിൽ നിന്നും സെമിയിൽ എത്തുന്ന രണ്ട് ടീമുകളെ തിരഞ്ഞെടുക്കാൻ ഒരു ചർച്ചയിൽ അമീറിനോട് ആവശ്യപ്പെട്ടിരുന്നു. ഗ്രൂപ്പിൽ നിന്ന് ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും സെമിയിലേക്ക് മുന്നേറുമെന്നാണ് അമീർ പ്രവചിച്ചത്. കിരീടസാധ്യതയിൽ മുന്നിലുള്ള ഇന്ത്യ സെമി കാണാതെ പുറത്താകുമെന്ന അമീറിന്റെ പ്രസ്താവന ഷോയുടെ അവതാരകനെയും ആരാധകരെയും ഒരുപോലെ അമ്പരപ്പിച്ചു. പാകിസ്ഥാനെതിരായ മത്സരം ഒഴികെ മറ്റെല്ലാ കളികളിലും ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നടിയുകയായിരുന്നു. ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും നിലവിൽ കളിക്കുന്ന രീതി വെച്ച് അവർക്ക് ഏത് ടീമിനെയും തോൽപ്പിക്കാൻ സാധിക്കും.
അഭിഷേക് ശർമ്മ 'സ്ലോഗർ'
ഇന്ത്യൻ യുവ ഓപ്പണർ അഭിഷേക് ശർമ്മയെ 'സ്ലോഗർ' (Slogger) എന്ന് വിളിച്ച് അമീർ നേരത്തെ വിവാദത്തിന് തുടക്കമിട്ടിരുന്നു. അഭിഷേകിന് പ്രതിരോധിക്കാൻ അറിയില്ലെന്നും വെറുതെ ബാറ്റ് വീശുന്ന കളിക്കാരനാണെന്നുമാണ് അമീർ വിമർശിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ സെമി സാധ്യതയെയും തള്ളിക്കൊണ്ട് താരം രംഗത്തെത്തിയത്.


