- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ നിരയെ എറിഞ്ഞിട്ട് ശാർദുൽ താക്കൂർ; അഞ്ച് വിക്കറ്റുമായി ഷംസ് മുലാനി; വിജയ് ഹസാരെ ട്രോഫിയിൽ ഛത്തീസ്ഗഡിനെ തകർത്ത് മുംബൈ; അംഗ്രിഷ് രഘുവൻഷിയ്ക്ക് അർദ്ധ സെഞ്ചുറി
ജയ്പൂർ: വിജയ് ഹസാരെ ട്രോഫിയിൽ ഛത്തീസ്ഗഡിനെതിരെ മുംബൈക്ക് ഒമ്പത് വിക്കറ്റ് ജയം. തിങ്കളാഴ്ച ജയ്പൂരിയ വിദ്യാലയ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത മുംബൈയുടെ ബൗളിങ്ങിന് മുന്നിൽ ഛത്തീസ്ഗഡ് തകർന്നടിയുകയായിരുന്നു. ശാർദുൽ താക്കൂറിന്റെയും ഷംസ് മുലാനിയുടെയും മികച്ച ബൗളിങ് പ്രകടനത്തിന്റെ ബലത്തിൽ 142 റൺസിന് ഛത്തീസ്ഗഡ് ഓൾ ഔട്ട് ആവുകയായിരുന്നു. ശാർദുൽ താക്കൂർ നാല് വിക്കറ്റും ഷംസ് മുലാനി അഞ്ച് വിക്കറ്റുകളും വീഴ്ത്തി. ഛത്തീസ്ഗഡ് ഉയർത്തിയ വിജയലക്ഷ്യം മുംബൈ അനായാസം മറിക്കടന്നു.
തുടക്കത്തിലേ നാല് വിക്കറ്റുകൾ വീഴ്ത്തി ശാർദുൽ മുംബൈക്ക് മേൽക്കൈ നൽകി. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ശാർദുൽ, പിന്നീട് അശുതോഷ് സിങ്ങിനെയും സഞ്ജീത് ദേശായിയെയും സരഫ്രാസ് ഖാന്റെ കൈകളിലെത്തിച്ചു. ഇതോടെ അഞ്ച് ഓവറിനുള്ളിൽ 9 റൺസെടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടപ്പെട്ട് ഛത്തീസ്ഗഡ് തകർന്നു. എന്നാൽ, നായകൻ അമൻദീപ് ഖാരെയും അജയ് മണ്ഡലും ചേർന്ന് അഞ്ചാം വിക്കറ്റിൽ 105 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഛത്തീസ്ഗഡിനെ 100 കടത്തി.
ടൂർണമെന്റിലെ തന്റെ തുടർച്ചയായ മൂന്നാം അർദ്ധ സെഞ്ചുറിയും ഖാരെ ഈ മത്സരത്തിൽ നേടി. ടീമിന് പ്രതീക്ഷ നൽകി മുന്നേറിയ മണ്ഡലിനെ (67 പന്തിൽ 46 റൺസ്) വിക്കറ്റിന് മുന്നിൽ കുടുക്കി ഷംസ് മുലാനി കൂട്ടുകെട്ട് തകർത്തു. മണ്ഡൽ പുറത്തായതോടെ ഛത്തീസ്ഗഡിന്റെ തകർച്ച പൂർണമായി. പിന്നീട് വന്ന താരങ്ങൾക്ക് ആർക്കും പിടിച്ചുനിൽക്കാനായില്ല. ക്യാപ്റ്റൻ ഖാരെയുടെ നിർണായക വിക്കറ്റ് മുഷീർ ഖാൻ നേടിയതോടെ ഛത്തീസ്ഗഡിന് അവസാന അഞ്ച് വിക്കറ്റുകൾ 37 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ നഷ്ടമായി.
ഛത്തീസ്ഗഡിന്റെ മധ്യനിരയെയും വാലറ്റത്തെയും തകർത്ത ഷംസ് മുലാനി കന്നി ലിസ്റ്റ് എ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. തുടർന്ന് ചെറിയ വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് കാര്യമായ വെല്ലുവിളികൾ നേരിടേണ്ടി വന്നില്ല. ഓപ്പണർ അംഗ്രിഷ് രഘുവൻഷി 66 പന്തിൽ പുറത്താകാതെ 68 റൺസ് നേടി. ഇഷാൻ മുൽചന്ദാനി (19 )യുടെ വിക്കറ്റാണ് മുംബൈക്ക് നഷ്ടമായത്. ഹർഷ് യാദവിനായിരുന്നു വിക്കറ്റ്. പിന്നീട് ക്രീസിലെത്തിയ സിദ്ധേഷ് ലാഡ് (42 പന്തിൽ 48 റൺസ്) മായി ചേർന്ന് അംഗ്രിഷ് രഘുവൻഷി ടീമിനെ വിജയത്തിലെത്തിച്ചു.




