- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താണ്ഡവമാടി സർഫറാസ് ഖാൻ; അടിച്ചുകൂട്ടിയത് 75 പന്തിൽ നിന്ന് 157 റൺസ്; മുംബൈ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിന് 87 റൺസ് അകലെ വീണ് ഗോവ; അഭിനവ് തേജ്റാണയുടെ സെഞ്ചുറി പാഴായി
ജയ്പൂർ: വിജയ് ഹസാരെ ട്രോഫി ഗ്രൂപ്പ് സി പോരാട്ടത്തിൽ ഗോവയ്‌ക്കെതിരെ മുംബൈയ്ക്ക് 87 റൺസിന്റെ തകർപ്പൻ വിജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 445 റൺസെന്ന കൂറ്റൻ ലക്ഷ്യമാണ് ഉയർത്തിയത്. 75 പന്തിൽ നിന്ന് 157 റൺസ് അടിച്ചുകൂട്ടിയ സർഫറാസ് ഖാന്റെ പ്രകടനമാണ് മുംബൈയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. 14 സിക്സറുകളും 9 ഫോറുകളുമാണ് സർഫറാസ് അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിങിനിറങ്ങിയ ഗോവയ്ക്ക് 50 ഓവറുകളിൽ 357 റൺസ് മാത്രമാണ് നേടാനായത്. മുംബൈയ്ക്കായി ഷംസ് മുലാനി മൂന്ന് വിക്കറ്റുകൾ നേടി.
ഗോവയ്ക്ക് തുടക്കം മുതലേ വിക്കറ്റുകൾ നഷ്ടമായി. അർജുൻ ടെണ്ടുൽക്കർ 24 റൺസെടുത്ത് പുറത്തായി. ഒരറ്റത്ത് അഭിനവ് തേജ്‌റാണ (100) തകർപ്പൻ സെഞ്ചുറിയുമായി പൊരുതി നോക്കിയെങ്കിലും മുംബൈയുടെ കൂറ്റൻ സ്കോറിനെ മറികടക്കാൻ അത് മതിയാകുമായിരുന്നില്ല. ലളിത് യാദവ്, ദീപ്രാജ് ഗാവോങ്കർ അർധ സെഞ്ചുറി നേടി പിടിച്ചുനിന്നെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി മുംബൈ ബൗളർമാർ വിജയം ഉറപ്പിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് 31 റൺസെടുക്കുന്നതിനിടെ മുംബൈക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു; 11 റൺസെടുത്ത ആംഗ്കൃഷ് രഘുവൻഷി മടങ്ങി. പിന്നീട്, ജയ്‌സ്വാളും മുഷീർ ഖാനും ചേർന്ന് 70 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ജയ്‌സ്വാൾ 21-ാം ഓവറിൽ പുറത്തായതോടെ ക്രീസിലെത്തിയ സർഫറാസ്, മുഷീറുമായി ചേർന്ന് 93 റൺസ് കൂട്ടിച്ചേർത്തു. മുഷീർ 31-ാം ഓവറിൽ പുറത്താകുമ്പോൾ സ്കോർബോർഡിൽ 194 റൺസുണ്ടായിരുന്നു.
തുടർന്നെത്തിയ സിദ്ധേഷ് ലാഡ് (17), ഷാർദുൽ താക്കൂർ (8 പന്തിൽ 27), ഷംസ് മുലാനി (22), തനുഷ് കൊട്ടിയാൻ (12 പന്തിൽ പുറത്താവാതെ 23), തുഷാർ ദേശ്പാണ്ഡെ (3 പന്തിൽ പുറത്താവാതെ 7) എന്നിവരുടെ സംഭാവനകളും മുംബൈയുടെ സ്കോർ 400 കടത്താൻ നിർണായകമായി. ഗോവയ്ക്ക് വേണ്ടി ദർശൻ മിസാൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ലളിത് യാദവും കൗശികും രണ്ട് വിക്കറ്റ് വീതം നേടി. ഗോവയുടെ അർജുൻ ടെൻഡുൽക്കർ എട്ട് ഓവറിൽ 78 റൺസ് വഴങ്ങി.




