- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
53 പന്തിൽ പുറത്താകാതെ 110 റൺസ്; 18കാരൻ ആയുഷ് മാത്രെയുടെ ബാറ്റിന്റെ ചൂടറിഞ്ഞ് വിദർഭ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം
ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വിദർഭയെ ഏഴ് വിക്കറ്റിന് തകർത്ത് നിലവിലെ ചാമ്പ്യൻമാരായ മുംബൈയ്ക്ക് തകർപ്പൻ ജയം. 53 പന്തിൽ പുറത്താകാതെ 110 റൺസ് നേടിയ 18 വയസ്സുകാരൻ ആയുഷ് മാത്രെയാണ് മുംബൈയുടെ വിജയശില്പി ഏഷ്യ കപ്പിനുള്ള ഇന്ത്യൻ അണ്ടർ 19 ടീമിന്റെ നായകനായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മാത്രെയുടെ വെടിക്കെട്ട് ബാറ്റിങ്.
എകാന ക്രിക്കറ്റ് സ്റ്റേഡിയം ബിയിൽ നടന്ന മത്സരത്തിൽ ദേശീയ സെലക്ടർ ആർ.പി. സിംഗ് നേരിട്ട് കളി കാണാൻ എത്തിയിരുന്നു. വിദർഭ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് വേണ്ടി മാത്രെ 49 പന്തുകളിൽ നിന്ന് തന്റെ കന്നി ടി20 സെഞ്ചുറി പൂർത്തിയാക്കി. മുൻപത്തെ മികച്ച സ്കോറായ 94 റൺസ് മറികടന്നത് തുടർച്ചയായ രണ്ട് സിക്സറുകളിലൂടെയായിരുന്നു. പിന്നീട് ഇന്ത്യയുടെ സീനിയർ പേസർ ഉമേഷ് യാദവിന്റെ തലയ്ക്ക് മുകളിലൂടെ മറ്റൊരു സിക്സർ പറത്തിയാണ് മാത്രെ തന്റെ സെഞ്ചുറിയിലെത്തിയത്.
8 ഫോറുകളും 8 കൂറ്റൻ സിക്സറുകളും അടങ്ങുന്നതായിരുന്നു മാത്രെയുടെ ഇന്നിംഗ്‌സ്. 8 സിക്സറുകളിൽ ആറെണ്ണവും ലോംഗ് ഓൺ മേഖലയിലൂടെയായിരുന്നു. സീനിയർ താരങ്ങളായ അജിങ്ക്യ രഹാനെ, സൂര്യകുമാർ യാദവ് എന്നിവർ ടീമിലുണ്ടായിരുന്നിട്ടും മാത്രെയുടെ പ്രകടനം വേറിട്ടുനിന്നു. ഷിവം ദുബെ 19 പന്തിൽ നിന്ന് 39 റൺസ് നേടി മാത്രെക്ക് മികച്ച പിന്തുണ നൽകി. 17.5 ഓവറിൽ തന്നെ മുംബൈ ലക്ഷ്യം കണ്ടു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിദര്‍ഭയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ അഥര്‍വ തൈഡെയും (64) അമന്‍ മൊഖാഡെയും (61) ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും 115 റണ്‍സാണ് ചേര്‍ത്തത്. എന്നാല്‍ പിന്നീട് വിദര്‍ഭ തകര്‍ച്ച നേരിട്ടു. യാഷ് റാത്തോഡ് (23), ഹര്‍ഷ് ദുബെ (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ശിവം ദുബെ, സായ്‌രാജ് പാട്ടീല്‍ എന്നിവര്‍ മുംബൈക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.




